23 ലക്ഷമൊന്നും വേണ്ട 15000 രൂപയുടെ മിനുക്കുപണി മാത്രം മതി; മന്ത്രി മന്ദിരത്തിന്റെ മോടി കൂട്ടേണ്ടെന്ന് കെ രാജൻ
ലക്ഷങ്ങൾ മുടക്കിയുള്ള മോടി പിടിപ്പിക്കൽ വേണ്ട അത്യാവശ്യം മിനുക്ക് പണികൾ മാത്രം തീർത്താൽ മതിയെന്നാണ് മന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: കാലകാലങ്ങളിൽ സർക്കാരുകൾ മാറി മാറി വരുമ്പോൾ ആവർത്തിക്കപ്പെടുന്ന ഒരു ചടങ്ങാണ് മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ മോടി പിടിപ്പിക്കൽ. ഇതിനായി ഓരോ അഞ്ച് വർഷം കൂടുമ്പോഴും ലക്ഷങ്ങളാണ് ടൂറിസം വകുപ്പ് ചെലവഴിക്കുന്നത്. അത്തരത്തിൽ ഇത്തവണ റവന്യൂ മന്ത്രി കെ രാജന്റെ ഔദ്യോഗിക വസതി മോടപിടിപ്പിക്കാൻ എസ്റ്റിമേറ്റിട്ടത് 23 ലക്ഷം രൂപയാണ്. എന്നാൽ അത് നിരസിച്ചിരിക്കുകയാണ്. ലക്ഷങ്ങൾ മുടക്കിയുള്ള മോടി പിടിപ്പിക്കൽ വേണ്ട അത്യാവശ്യം മിനുക്ക് പണികൾ മാത്രം തീർത്താൽ മതിയെന്നാണ് മന്ത്രിയുടെ നിർദേശം.

സിപിഐ പ്രതിനിധിയായ മന്ത്രിസഭയിലെത്തിയ കെ രാജന് പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്രോൺമെന്റ് ഹൗസ് വളപ്പിലുള്ള ഗ്രേസ് കോട്ടേജാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയിലെ സിപിഐ അംഗം വി.എസ് സുനിൽ കുമാറും ഇവിടെയാണ് താമസിച്ചിരുന്നത്. ഇതിന്റെ മോടി കൂട്ടാൻ ടൂറിസം വകുപ്പ് 23 ലക്ഷത്തിനാണ് ടെൻഡർ തയാറാക്കിയത്. പൊതുമരാമത്ത് ബിൽഡിംങ് വിഭാഗമാണ് എസ്റ്റിമേറ്റ് തയാറാക്കിയതും.
എന്നാൽ ഇത്രയും ഭീമമായ തുക ചെലവഴിക്കേണ്ട എന്ന നിലപാടിലാണ് മന്ത്രി. പൈപ്പുകളുടെയും ഇലക്ട്രിക്കൽ ലൈനുകളുടെയും അത്യാവശ്യ ജോലികൾ മാത്രം തീർത്താൽ മതിയെന്ന് മന്ത്രി ടൂറിസം വകുപ്പിനെ അറിയിച്ചു. എല്ലാം കൂടി 15,000 രൂപയുടെ ജോലി മാത്രം. നിലവിൽ അറ്റകുറ്റപ്പണി തീരാത്ത സാഹചര്യത്തിൽ മന്ത്രി ഇപ്പോഴും എംഎൽഎ ഹോസ്റ്റലിലാണ് താമസിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വളപ്പിൽ 98 ലക്ഷം രൂപ മുടക്കിയുള്ള അറ്റകുറ്റപ്പണിയാണ് ആദ്യം. ക്ലിഫ് ഹൗസിലെ സുരക്ഷാ ഉദ്യോഗസ്ഥർ, ഡ്രൈവർമാർ, ഗൺമാൻ, വീട്ടു ജോലികൾ ചെയ്യുന്നവർ തുടങ്ങിയവർക്കുള്ള വിശ്രമമുറികളാണ് 98 ലക്ഷം രൂപ മുടക്കി നവീകരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റി തയാറാക്കിയ എസ്റ്റിമേറ്റ് ടൂറിസം വകുപ്പ് പൊതുമരാമത്തു വകുപ്പിനു കൈമാറി.












Click it and Unblock the Notifications