ഏമാൻ കനിയുമല്ലോ, നിലപാട് തിരുത്തി മലക്കം മറിഞ്ഞത് ഇഷ്ടപ്പെട്ടു; സുരേന്ദ്രനെ പരിഹസിച്ച് മന്ത്രി റിയാസ്
തിരുവനന്തപുരം: ദേശീയ പാത വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു റോളുമില്ലെന്ന് പറഞ്ഞുകൊണ്ടിരുന്ന ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മുന്‍ നിലപാട് തിരുത്തി മലക്കംമറിഞ്ഞത് ഇഷ്ടപ്പെട്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ദേശീയപാത വികസനത്തില്‍ കേരള സര്‍ക്കാര്‍ പണം മുടക്കിയിട്ടുണ്ട് എന്ന് ബഹുമാന്യനായ ബിജെപി സംസ്ഥാന പ്രസിഡന്റ് അംഗീകരിച്ചിരിക്കുകയാണെന്ന് മന്ത്രി റിയാസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
കേരളത്തില്‍ നടക്കുന്ന ദേശീയപാതാവികസനത്തിന് സ്വന്തം ഫോട്ടോവെച്ച് ഫ്‌ളക്‌സ് ബോര്‍ഡടിച്ചുവെക്കുന്ന ചെലവ് മാത്രമേ നിങ്ങള്‍ക്കുവരുന്നുള്ളൂ എന്നാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ ദേശീയപാത വികസനത്തിനായി ഇതുവരെ 5519 കോടി രൂപ കേരളം ചെലവഴിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.

എന്‍ എച്ച് 66 കടന്നുപോകുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കേരളം മാത്രമാണ് പണം ചെലവഴിക്കുന്നത്. കേരളത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിന്റെ ചെലവ് കൂടുതലായതിനാല്‍ 25 ശതമാനം വഹിക്കാന്‍ സംസ്ഥാനം തയ്യാറാവുകയായിരുന്നു എന്നും മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെ സുരേന്ദ്രനെ പരിഹസിച്ച് കൊണ്ട് മന്ത്രി രംഗത്തെത്തിയത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
അങ്ങനെ, സംസ്ഥാനത്തെ ദേശീയപാത വികസനത്തില്‍ കേരള സര്‍ക്കാര്‍ പണം മുടക്കിയിട്ടുണ്ട് എന്ന് ബഹുമാന്യനായ ബിജെപി സംസ്ഥാന പ്രസിഡന്റ് അംഗീകരിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു റോളുമില്ലെന്ന് പറഞ്ഞുകൊണ്ടിരുന്ന അദ്ദേഹം മുന്‍ നിലപാട് തിരുത്തി മലക്കം മറിഞ്ഞത് ഏതായാലും ഇഷ്ടപ്പെട്ടു.
ദേശീയപാത അതോറിറ്റിക്കൊപ്പം 'ചട്ടിത്തൊപ്പി'യും ധരിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ സംസ്ഥാനത്തെ ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട് എന്ന 'സര്‍ട്ടിഫിക്കറ്റ്' കൂടി അദ്ദേഹം നല്‍കുന്നതിന് വേണ്ടി കാത്തുനില്‍ക്കുന്നു.
ഏമാന്‍ കനിയുമല്ലോ?
ഇതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്‍ ആഴ്ചകള്‍ക്ക് മുമ്പ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ്
മിസ്റ്റര്‍ മുഹമ്മദ് റിയാസ് താങ്കള്‍ക്ക് ഇത്രയും അല്പത്തരം കാണിക്കാന്‍ എങ്ങനെ കഴിയുന്നു. ഇതില്‍ എന്താണ് താങ്കള്‍ക്കും കേരളസര്‍ക്കാരിനും അവകാശപ്പെടാനുള്ളത്? ഇതിന് ഒരു നയാ പൈസയെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ടോ. എല്ലാ സംസ്ഥാനങ്ങളും ഭൂമി ഏറ്റെടുക്കാന്‍ ഇരുപത്തഞ്ചും മുപ്പതും ശതമാനം ചെലവ് വഹിക്കുമ്പോള്‍ ഒന്നും കൊടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കേരളസര്‍ക്കാരിന്.
കേരളത്തില്‍ നടക്കുന്ന ദേശീയപാതാവികസനത്തിന് സ്വന്തം ഫോട്ടോവെച്ച് ഫ്‌ളക്‌സ് ബോര്‍ഡടിച്ചുവെക്കുന്ന ചെലവ് മാത്രമേ നിങ്ങള്‍ക്കുവരുന്നുള്ളൂ. താങ്കള്‍ എട്ടുകാലി മമ്മൂഞ്ഞല്ല അദ്ദേഹത്തിന്റെ മൂത്താപ്പയാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. ലജ്ജ എന്നൊരു പദം ഇടതുനിഘണ്ടുവില്‍ അല്ലെങ്കില്‍ത്തന്നെ ഇല്ലല്ലോ...












Click it and Unblock the Notifications