കടല്‍ പഴയ കടലായിരിക്കും, പക്ഷെ ചെല്ലാനം പഴയ ചെല്ലാനം അല്ല; വന്നത് വിസ്മയകരമായ മാറ്റം
കടലാക്രമണം തടയുന്നതിനായി ചെല്ലാനത്ത് നടപ്പാക്കിയ ടെട്രാപോഡ് പദ്ധതി ഉൾപ്പെടെയുള്ള 344 കോടി രൂപയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങൾ ഗ്രാമത്തിൽ വരുത്തിയത് വിസ്മയകരമായ മാറ്റങ്ങളെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.
ഈ സർക്കാർ ചുമതലയേൽക്കുമ്പോൾ, ചെല്ലാനത്തെ ആശങ്കകളാണ് മന്ത്രിയെന്ന നിലയിൽ മുന്നിലേക്ക് ആദ്യമെത്തിയത്. സത്യപ്രതിജ്ഞക്കു ശേഷം ആദ്യമായി ചേർന്ന മന്ത്രിതല യോഗവും ചെല്ലാനത്തിന് വേണ്ടി ആയിരുന്നു. അതിന്റെ തുടർച്ചയിലാണ് സമഗ്രമായ തീരസംരക്ഷണ പദ്ധതി ആവിഷ്‌കരിക്കപ്പെട്ടതും അതിവേഗതയിൽ നിർവ്വഹണം പുരോഗമിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. മന്ത്രിയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

കഴിഞ്ഞ വർഷം വരെ എല്ലാ മൺസൂണിലും നമ്മുടെ കാതിൽ നിരന്തരം മുഴങ്ങിക്കേട്ടിരുന്ന, പത്രങ്ങളിലെ പ്രധാന വാർത്തയായി നിറഞ്ഞു നിന്നിരുന്ന സ്ഥലനാമമായിരുന്നു ചെല്ലാനം. ഈ സർക്കാർ ചുമതലയേൽക്കുമ്പോൾ, ചെല്ലാനത്തെ ആശങ്കകളാണ് മന്ത്രിയെന്ന നിലയിൽ മുന്നിലേക്ക് ആദ്യമെത്തിയത്. സത്യപ്രതിജ്ഞക്കു ശേഷം ആദ്യമായി ചേർന്ന മന്ത്രിതല യോഗവും ചെല്ലാനത്തിന് വേണ്ടി ആയിരുന്നു. അതിന്റെ തുടർച്ചയിലാണ് സമഗ്രമായ തീരസംരക്ഷണ പദ്ധതി ആവിഷ്‌കരിക്കപ്പെട്ടതും അതിവേഗതയിൽ നിർവ്വഹണം പുരോഗമിക്കുന്നതും.

കടലേറ്റത്തിന്റെ മാരകമായ മുറിപ്പാടുകൾ എല്ലാക്കൊല്ലവും ഏറ്റുവാങ്ങിയിരുന്ന ചെല്ലാനത്തിന് ഇക്കുറി ആശ്വാസകാലമാണ്.വര്‍ഷങ്ങളായി ഭയപ്പെടുത്തിയിരുന്ന മണ്‍സൂണ്‍ കനത്തിട്ടും കടലേറ്റം രൂക്ഷമായിരുന്ന പല പ്രദേശങ്ങളും ഇപ്പോഴും ശാന്തമാണ്. ചെല്ലാനത്ത് നടപ്പാക്കിയ ടെട്രാപോഡ് പദ്ധതി ഉൾപ്പെടെയുള്ള 344 കോടി രൂപയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങൾ ആ ഗ്രാമത്തിൽ വരുത്തിയത് വിസ്മയകരമായ മാറ്റം.

ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോട് വരെയുള്ള പ്രദേശങ്ങളില്‍ കടല്‍ ക്ഷോഭത്തില്‍ നിന്നു സംരക്ഷണം ഒരുക്കാന്‍ ടെട്രാപോഡ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മാണത്തോടെ സാധിച്ചുവെന്നാണ് ഈ വർഷത്തെ അനുഭവം ബോധ്യപ്പെടുത്തുന്നത്. ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെയും തയ്യാറാക്കിയ രൂപരേഖയുടെയും അടിസ്ഥാനത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയാണ് ടെട്രാപോഡ് നിര്‍മാണം നിര്‍വഹിക്കുന്നത്. ജലസേചന വകുപ്പിന് കീഴിലുള്ള ആന്റി സീ എരോഷന്‍ പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റിനാണ് പദ്ധതിയുടെ മേല്‍നോട്ടം.

2023 ഏപ്രിലിന് മുന്‍പായി 7.32 കിലോമീറ്റര്‍ കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. നിര്‍മാണം പൂർത്തിയായ പ്രദേശങ്ങളിലെ വാക് വേ നിര്‍മാണം മഴക്കാലത്തിനുശേഷം പുന:രാരംഭിക്കും. ടെട്രാപോഡ് നിര്‍മാണം ആദ്യഘട്ടം പുരോഗമിക്കുന്നതിന് ഒപ്പം തന്നെ രണ്ടാംഘട്ട പദ്ധതിയും ആരംഭിക്കാനാണ് നിലവിലെ തീരുമാനം. രണ്ടുഘട്ടങ്ങളും പൂര്‍ത്തിയാകുന്നതോടെ 10 കിലോമീറ്ററില്‍ അധികം ദൂരം കടല്‍ത്തീരത്തിനു സംരക്ഷണം ഒരുങ്ങും. കണ്ണമാലി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ രണ്ടാംഘട്ടത്തില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കും. കഴിഞ്ഞ ജൂണ്‍ 11ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്. അതിന് മുൻപ് ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിനൊപ്പം ചെല്ലാനത്ത് നേരിട്ടെത്തി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പ്ളാൻ ചെയ്യാൻ കഴിഞ്ഞതും ഓർക്കുന്നു. ശ്രീ.കെ.ജെ. മാക്സി എം.എൽ.എയുടെ നിരന്തര ഇടപെടലും ഫോളോ അപ്പും ഈ ഘട്ടത്തിൽ ഓർത്തേ പറ്റൂ.

ചെല്ലാനം ഫിഷിങ് ഹാര്‍ബറിനടുത്തുനിന്ന് ആരംഭിച്ച് വടക്ക് പുത്തന്‍തോട് ബീച്ച് വരെയാണ് ആദ്യഘട്ടത്തില്‍ കടല്‍ഭിത്തി നിര്‍മ്മിക്കുന്നത്. ഇതോടൊപ്പം പദ്ധതിയുടെ ഭാഗമായി ചെല്ലാനം ബസാറില്‍ ആറു പുലിമുട്ടുകളുടെ ശൃംഖലയും നിര്‍മിക്കുന്നുണ്ട്. രണ്ടര മീറ്ററോളം ഉയരത്തില്‍ കരിങ്കല്ല് പാകിയതിനു മുകളിലായാണ് ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നത്. 2 ടണ്‍, 5 ടണ്‍ എന്നിങ്ങനെയുള്ള വലിപ്പത്തിലാണ് ടെട്രാപോഡ് നിര്‍മാണം. 20,235 ടെട്രാപോഡുകള്‍ നിര്‍മിച്ചു കഴിഞ്ഞു. 3,50,323 മെട്രിക് ടണ്‍ കല്ല് ഇതിനായി ഉപയോഗിച്ചു.

പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി 6.6 കിലോമീറ്റര്‍ ദൂരത്തില്‍ നടപ്പാതയും നിര്‍മ്മിക്കും. സമുദ്ര നിരപ്പില്‍ നിന്നും 6.10 മീറ്റര്‍ ഉയരത്തിലാണു കടല്‍ ഭിത്തിയുടെ നിര്‍മ്മാണം നടത്തുന്നത്. ഇതിനു മുകളിലായി 3 മീറ്റര്‍ വീതിയിലാണു നടപ്പാത നിര്‍മ്മിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം അസ്വസ്ഥമാക്കുന്ന നമ്മുടെ തീരദേശത്തെ ജനതക്ക് വലിയൊരു ആശ്വാസവും മാതൃകയുമായി ചെല്ലാനം മാറും. ഇതോടൊപ്പമുള്ളത് ചെല്ലാനത്തെക്കുറിച്ചുള്ള പഴയ ടെലിവിഷൻ വാർത്തകളും പുതിയ ടെട്രാപോഡ് കടൽ ഭിത്തിയുടെ ചിത്രങ്ങളും.
സാരിയില്‍ ആറാടുകയാണ് രഞ്ജിനി ഹരിദാസ്; വൈറലായി കാന്‍ഡിഡ് ഷോട്ടുകള്‍












Click it and Unblock the Notifications