എഡിജിപിയെ മാറ്റണമെന്നത് അന്‍വറിന്റെ ആവശ്യം, സര്‍ക്കാരിന്റേതല്ലെന്ന് ശിവന്‍കുട്ടി
തിരുവനന്തപുരം: എഡിജിപി ആംആര്‍ അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അത് പിവി അന്‍വറിന്റെ മാത്രം ആവശ്യമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ആ അഭിപ്രായമില്ല. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിപ്രായം പറഞ്ഞുകഴിഞ്ഞതാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
ചില മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ ആക്ഷേപങ്ങളെ കേരളത്തില്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നും ശിവന്‍കുട്ടി ചോദിച്ചു. നേരത്തെ ക്രമസമാധാന ചുമതലയില്‍ എഡിജിപി അജിത് കുമാറിനെ നിലനിര്‍ത്തി കൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്.

അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് പോലീസ് മേധാവിയാണെങ്കിലും അന്വേഷണം നടത്തുന്നത് എഡിജിപി റാങ്കിലും താഴെയുള്ള ഉദ്യോഗസ്ഥരാണ്. അജിത് കുമാറിനെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അദ്ദേഹത്തിന് കീഴിലുള്ള ഉദ്യോഗസ്ഥരെ വെച്ച് അന്വേഷിക്കുന്നതില്‍ കഴിഞ്ഞ ദിവസം അന്‍വര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
പ്രിന്‍സിപ്പാളിനെതിരായ അന്വേഷണം നടത്തുന്നത് പ്യൂണ്‍ ആയിരിക്കരുതെന്നായിരുന്നു അന്‍വര്‍ പറഞ്ഞത്. ഇക്കാര്യത്തിലാണ് ഇപ്പോള്‍ ശിവന്‍കുട്ടി വിശദീകരണം നല്‍കി. ആരോപണങ്ങളെല്ലാം അന്വേഷിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
എഡിജിപി അജിത് കുമാറിനെതിരായ കാര്യങ്ങള്‍ അന്വേഷിക്കാന്‍ അന്തസ്സായി തീരുമാനിച്ചിട്ടുണ്ട്. ആ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ, തീരുമാനിക്കാം. അന്‍വര്‍ വെളിപ്പെടുത്തിയ കാര്യങ്ങളും നിയമാനുസരണം കൈകാര്യം ചെയ്യുകയാണ്. സര്‍ക്കാര്‍ അതിലെല്ലാം നടപടി സ്വീകരിച്ച് കഴിഞ്ഞതാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സര്‍ക്കാര്‍ നിയമാനുസരണം കൈകാര്യം ചെയ്യുന്നുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ കുറ്റപ്പെടുത്തല്‍
സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി പോലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നു. കോടിയേരി ഉണ്ടായിരുന്നുവെങ്കില്‍ ഇത്രയും പ്രതിസന്ധി ഉണ്ടാവില്ലായിരുന്നുവെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം ഏറ്റുപിടിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ ഇടപെടലുകള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നുവെന്നാണ് പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇടപെടാന്‍ സാധിക്കാത്ത വന്‍ ശക്തികളാണ് തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പറഞ്ഞു.
അന്‍വറിന്റെ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നാണ് തലസ്ഥാനത്തെ ബ്രാഞ്ച് സമ്മേളനങ്ങളില്‍ അടക്കം ആവശ്യം ഉയര്‍ന്നത്. പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് പാര്‍ട്ടിക്കാര്‍ക്ക് പോലും നീതി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.












Click it and Unblock the Notifications