'നിയമസഭ ചേരേണ്ട സാഹചര്യം ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് ഗവർണറല്ല', തുറന്നടിച്ച് മന്ത്രി
തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് അനുമതി നിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ വിമർശനം ശക്തമാകുന്നു. ഗവർണറുടെ നടപടിക്കെതിരെ ഭരണപക്ഷവും പ്രതിപക്ഷവും രംഗത്ത് എത്തി. സർക്കാർ വിളിച്ച അടിയന്തര നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിക്കുകവഴി അസാധാരണമായ ഒരു സാഹചര്യമാണ് ഗവർണർ സൃഷ്ടിച്ചിരിക്കുന്നത് എന്ന് മന്ത്രി ടിപി രാമകൃഷ്ണൻ പ്രതികരിച്ചു.
''നിയമസഭ ചേരേണ്ട സാഹചര്യം ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് ഗവർണറല്ല. ഗവർണറുടെ നിലപാട് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുൾപ്പെടുന്ന നിയമസഭയോടുള്ള വെല്ലുവിളിയാണ്. ജനാധിപത്യത്തെ പരിപോഷിപ്പിക്കാനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങൾക്ക് സൗകര്യമൊരുക്കുകയാണ് ഗവർണർ ചെയ്യേണ്ടത്. സഭയുടെ അവകാശത്തെ തടയുന്നത് ഫെഡറൽ സംവിധാനത്തെത്തന്നെ ദുർബലപ്പെടുത്തുന്ന നടപടിയാണ്'' എന്നും മന്ത്രി വ്യക്തമാക്കി.
''രാജ്യമെമ്പാടുമുള്ള കർഷകർ കേന്ദ്രസർക്കാരിൻ്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരമുഖത്താണ്. കർഷകരുടെ ജീവൽപ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന ഒരു സംവിധാനമല്ല കേരളത്തിലുള്ളതെന്ന് ഗവർണർ മനസ്സിലാക്കണം. കർഷകരുടെ ആശങ്കയിൽ കഴമ്പുണ്ട് എന്നതുകൊണ്ടുതന്നെയാണ് നിയമസഭ നിലപാട് പ്രഖ്യാപിക്കേണ്ടതുണ്ടെന്ന് ഭരണപ്രതിപക്ഷഭേദമന്യേ തീരുമാനിച്ചത്. കേന്ദ്ര സർക്കാരിൻ്റെ താൽപര്യങ്ങൾ മാത്രമല്ല സംസ്ഥാനത്തെ ജനങ്ങളുടെ ശബ്ദം കൂടി കേൾക്കേണ്ട ബാധ്യത ഗവർണർക്കുണ്ട്'' എന്നും മന്ത്രി പ്രതികരിച്ചു.
പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള അനുമതി നിഷേധിച്ച ഗവർണറുടെ നടപടി ദൗർഭാഗ്യകരമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ പ്രതികരിച്ചു. ''രാജ്യത്തെ തെരുവുകളിൽ അതിശൈത്യത്തെ വകവെക്കാതെ സമരം ചെയ്യുന്ന കർഷകരെ അടിച്ചമർത്തുന്ന നരേന്ദ്രമോഡി സർക്കാർ നടപടികൾക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കുന്നതിനാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചത്. നിയമസഭ ചേരുന്നതിന് മന്ത്രിസഭ ശുപാർശ ചെയ്താൽ നിഷേധിക്കുന്ന നടപടി ചരിത്രത്തിലാദ്യമായാണ് ഗവർണർ സ്വീകരിച്ചത്''.
''ബിജെപിയുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്ന രീതിയിലേക്ക് ഗവർണർ മുന്നോട്ടുപോകുന്നത് ജനാധിപത്യത്തെ തകർക്കും എന്നതിൽ സംശയമില്ല. ഗവർണർക്ക് വിയോജിക്കാനുള്ള അവകാശം ഉണ്ടെങ്കിലും നിയമസഭയുടെയും മന്ത്രിസഭയുടെയും അധികാരത്തെ ഇല്ലാതാക്കാനുള്ള അവകാശം ഗവർണ്ണർക്ക് ഇല്ല എന്നതാണ് സത്യം. ഗവർണറുടെ ഭരണഘടനാവിരുദ്ധമായ നടപടിയിൽ പ്രധിഷേധിക്കുന്നു''വെന്നും എംഎൽഎ പ്രതികരിച്ചു.