'പിന്നില്‍ രാഷ്ട്രീയലക്ഷ്യം; റെയില്‍വെ മന്ത്രിയുടെ പ്രതികരണം വസ്തുതാവിരുദ്ധം': മന്ത്രി അബ്ദുറഹിമാന്‍
തിരുവനന്തപുരം: റെയില്‍വെ വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യം മാത്രമാണുളളതെന്ന് . റെയില്‍വെ വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യം മാത്രമാണുളളത്. കേരളത്തിലെ റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രി നടത്തിയ പ്രതികരണം തികച്ചും വസ്തുതാവിരുദ്ധമാണ്. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളോട് എക്കാലവും നിഷേധാത്മക സമീപനം സ്വീകരിച്ചവരാണ് ഇപ്പോള്‍ ആക്ഷേപവുമായി രംഗത്തുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
'കേരളത്തിന് പ്രത്യേക പദ്ധതികളോ പുതിയ ലൈനുകളോ ട്രെയിനുകളോ ലഭിക്കുന്നില്ലെന്ന് മാത്രമല്ല, നേരത്തേ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് ആവശ്യമായ പരിഗണനയും നല്‍കുന്നില്ല. പ്രത്യേക സോണ്‍ മുതല്‍ നേമം ടെര്‍മിനലും ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലും ഷൊര്‍ണൂര്‍ മൂന്നാം ലൈനും വരെയുള്ള കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ കോള്‍ഡ് സ്റ്റോറേജിലാകുന്ന സ്ഥിതിയാണ്.'

'പദ്ധതികള്‍ മുന്നോട്ടുവെക്കുമ്പോള്‍ ഫണ്ടില്ല, പരിഗണനയിലില്ല, പ്രായോഗികമല്ല തുടങ്ങിയ മറുപടികളാണ് നല്‍കുന്നത്. റെയില്‍വേ വികസന പദ്ധതികള്‍ക്കായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെ കേന്ദ്രമന്ത്രിയെ നേരില്‍ കാണുകയും നിരവധി തവണ കത്ത് നല്‍കുകയും ചെയ്തെങ്കിലും സ്ഥിതിയില്‍ ഒരു മാറ്റമുണ്ടായിട്ടില്ല.'
'സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ റെയില്‍വേ വികസനത്തിനുള്ള സംയുക്ത സംരംഭം ആവിഷ്‌കരിക്കുക എന്ന റെയില്‍വേ മന്ത്രാലയത്തിന്റെ ആശയത്തിന് അനുസൃതമായി, ജെവി കമ്പനികളുടെ രൂപീകരണത്തിനായി മുന്നോട്ടുവന്ന ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. സംസ്ഥാനത്തെ എല്ലാ പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കുന്നതിന് റെയില്‍വേ മന്ത്രാലയവുമായി സഹകരിച്ച് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുന്നുണ്ട്.'
'പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വാഗ്ദാനം ചെയ്ത പാലക്കാട് കോച്ച് ഫാക്ടറി, റെയില്‍വെ സോണ്‍ തുടങ്ങിയവ പോലും നിഷേധിച്ചു. കോച്ച് ഫാക്ടറിക്കായി സംസ്ഥാനം ഭൂമി നല്‍കിയിട്ടും പരിഗണിച്ചില്ല. 2020 ജൂണില്‍ ഡിപിആര്‍ സമര്‍പ്പിച്ചിട്ടും റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയ സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് പദ്ധതിക്ക് അന്തിമാനുമതി ഇതുവരെ ലഭിച്ചിട്ടില്ല'.
'നേമം ടെര്‍മിനലിന് 2019 ല്‍ കേന്ദ്ര റെയില്‍വേ മന്ത്രി തറക്കല്ലിട്ടെങ്കിലും പദ്ധതിയുടെ എസ്റ്റിമേറ്റിന് ഇതുവരെ റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. 2011 ല്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. പണമില്ലാത്തതിനാല്‍ ഇടയ്ക്കു നിര്‍ത്തിയ കൊച്ചുവേളി പ്ലാറ്റ്ഫോം വികസനം ഇപ്പോഴും ഇഴയുകയാണ്. കൊല്ലം മെമു ഷെഡ് വികസനത്തിനു 42 കോടി രൂപയുടെ പദ്ധതിക്കു റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും തുക അനുവദിച്ചില്ല'- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications