ലതിക എത്തിയപ്പോള്‍ ഫോണ്‍ നിശ്ചലമായി?
കോഴിക്കോട്:ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഫേസ് ബുക്കും ഉപോഗിച്ച സംഭവം പുതിയ വിവാദത്തിലേക്ക്. ടിപി വധക്കേസ് പ്രതിയും സിപിഎം നേതാവും ആയ മോഹനന്‍ മാസ്റ്ററെ ഭാര്യ കെകെ ലതിക എംഎല്‍എ ജയിലില്‍ സന്ദര്‍ശിച്ചതാണ് വിവാദമാകുന്നത്.
ജയിലിലെ മൊബൈല്‍ ഫോണ്‍ ഉപയോഗവും ഫേസ് ബുക്ക് ഉപയോഗവും ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ പുറത്ത് കൊണ്ടുവന്ന ഉടനെയായിരുന്നു ലതികയുടെ ജയില്‍ സന്ദര്‍ശനം. ഭര്‍ത്താവ് മോഹനന്‍ മാസ്റ്റര്‍ക്ക് മൂന്ന് പൊതികളില്‍ വസ്ത്രങ്ങളുമായാണ് എംഎല്‍എ എത്തിയിരുന്നത്. ഇവ കൈമാറുകയും ചെയ്തിട്ടുണ്ട്.
കെകെ ലതികയുടെ ജയില്‍ സന്ദര്‍ശനത്തിന് ശേഷം ടിപി കേസിലെ പ്രതികളുടെ ഫോണ്‍ നിശ്ചലമായി എന്നാണ് ഇപ്പോള്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്.ടിപി വധക്കേസിലെ അഞ്ചാം പ്രതി മുഹമ്മദ് ഷാഫിയെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നേരിട്ട് ഫോണില്‍ വിളിക്കുന്നതടക്കം വാര്‍ത്തയില്‍ കാണിച്ചിരുന്നു. കെകെ ലതിക ജയിലില്‍ വന്ന് പോയതിന് ശേഷം ഷാഫിയുടെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.
ഡിസംബര്‍ 2 ന് 10.35 നാണ് വാര്‍ത്ത പുറത്ത് വരുന്നത്. 11.30 ന് കെകെ ലതികയും മറ്റ് മൂന്ന് പേരും ജയില്‍ സന്ദര്‍ശിച്ചു. സിസിടിവി ഇല്ലാത്തതിനാല്‍ മോഹനന്‍ മാസ്റ്റര്‍ ലതികക്ക് എന്തെങ്കിലും തിരിച്ചു നല്‍കിയിട്ടുണ്ടോ എന്ന കാര്യം പോലീസിന് സ്ഥിരീകരിക്കാനും കഴിഞ്ഞിട്ടില്ല.
എന്തായാലും കെകെ ലതികയുടെ ജയില്‍ സന്ദര്‍ശനം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. ജയിലിലെ കക്കൂസ് പൈപ്പില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സെപ്റ്റിക് ടാങ്കുകള്‍ കൂടി പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്.












Click it and Unblock the Notifications