എക്കാലവും ഇന്ത്യയുടെ പരമാധികാരിയായി വാഴാമെന്ന ചിന്തയിലാണ് മോദിയും ബിജെപിയും: കെസി വേണുഗോപാല്‍
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭീതിദമായ ജനാധിപത്യ ധ്വംസനത്തിലൂടെയാണ് കടന്ന് പോവുന്നതെന്ന് എ ഐ ഐ സിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അന്താരാഷ്ട്ര ജനാധിപത്യ ദിനം ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ന്യൂനപക്ഷ വിരുദ്ധ, ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി ഇന്ത്യയുടെ ജനാധിപത്യത്തെ അങ്ങേയറ്റം അപകടത്തിലാക്കി ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള ശ്രമം ഒരുവശത്തും മറുവശത്ത് പണവും അധികാരവും ചൂണ്ടയിൽ വെച്ചുനീട്ടി ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്നും കെസി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

"ഇന്ത്യൻ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും കൂടി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥയെ എങ്ങനെയാണ് അപകടത്തിലാക്കുന്നത് എന്നറിയാൻ, വായിക്കുക ഈയാഴ്ചത്തെ ഞങ്ങളുടെ മുഖപ്രസംഗം." - എന്നായിരുന്നു ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ദ എക്കണോമിസ്റ്റ്' എന്ന മാസിക തങ്ങളുടെ ട്വിറ്റർ പേജിൽ രണ്ടുവർഷം മുൻപ് കുറിച്ചത്.

ഇങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭീതിദമായ ജനാധിപത്യ ധ്വംസനം ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന കാലത്താണ് ഒരിക്കൽക്കൂടി അന്താരാഷ്ട്ര ജനാധിപത്യ ദിനം ആചരിക്കപ്പെടുന്നത്. ഒരുവശത്ത് ന്യൂനപക്ഷ വിരുദ്ധ, ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി ഇന്ത്യയുടെ ജനാധിപത്യത്തെ അങ്ങേയറ്റം അപകടത്തിലാക്കി ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള ശ്രമം.

മറുവശത്ത് പണവും അധികാരവും ചൂണ്ടയിൽ വെച്ചുനീട്ടി ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമം. അത് വിജയിച്ചില്ലെങ്കിൽ തങ്ങളുടെ ആഗ്രഹപൂർത്തീകരണത്തിനായി ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത അന്വേഷണ ഏജൻസികളെ രംഗത്തിറക്കി എതിർചേരിയിൽ നിൽക്കുന്നവരെ സമ്മർദത്തിലും ഭയത്തിലുമാക്കി കാര്യം കാണുന്ന ശൈലി.

ഇങ്ങനെ ഓരോ വിധേനയും ജനാധിപത്യം എന്ന മഹത്തായ ആശയത്തിന്റെ കടയ്ക്കൽ കത്തി വെച്ചുകൊണ്ട് സ്വേച്ഛാധിപതിയായി എക്കാലവും ഇന്ത്യയുടെ പരമാധികാരിയായി വാഴാമെന്ന ധാരണയിൽ കഴിയുന്ന നരേന്ദ്ര മോദിയും ബി.ജെ.പിയും അവരെ നയിക്കുന്ന ആർ.എസ്.എസും മറന്നുപോകുന്ന ചിലതുണ്ട്. 1947 മുതൽ നെഹ്‌റു അടക്കമുള്ള ഭരണാധികാരികൾ നീതി പുലർത്തിപ്പോന്ന ജനാധിപത്യമെന്ന ആശയത്തെ മറന്നുകളയാൻ തയ്യാറാകാത്ത ഒരു ജനതയാണ് ഇന്ത്യക്കുള്ളത്. അവരാണ് ഈ രാജ്യത്തിന്റെ പരമാധികാരികൾ. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നപ്പോഴും കാർഷിക നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോഴും ഈ രാജ്യം അത് വീണ്ടും തിരിച്ചറിഞ്ഞതാണ്.

ആ ജനതയുടെ ഹൃദയങ്ങളിൽക്കൂടിയാണ് ജനാധിപത്യത്തിന്റെ പ്രാധാന്യം വിളിച്ചോതി ഒരു യാത്ര കടന്നുവരുന്നത്. 150 ദിവസങ്ങൾക്ക് ശേഷം കശ്മീരിലെത്തുന്ന 'ഭാരത് ജോഡോ യാത്ര' നൽകുന്ന ഉണർവും ഊർജവും സന്ദേശവും സിരകളിലേന്തിയ ഒരു ഇന്ത്യയെ ഈ ഭരണകൂടം കാണാനിരിക്കുന്നതേയുള്ളൂ. ജനാധിപത്യത്തെ കൊന്ന് കുഴിച്ചുമൂടാമെന്ന തെറ്റിദ്ധാരണയിൽ അതുവരെ നിങ്ങൾക്ക് കഴിയാം. മൂല്യങ്ങൾ ചോരാതെ ഈ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ ഉയർത്തിപ്പിടിക്കുന്ന ഓരോ മനുഷ്യർക്കും ഹൃദയത്തിന്റെ ഭാഷയിൽ ജനാധിപത്യദിന ആശംസകൾ.












Click it and Unblock the Notifications