മോദി മാജിക് കേരളത്തിൽ ഏൽക്കില്ലേ..? കേന്ദ്ര സർക്കാരിനെ കുറിച്ച് മലയാളികളുടെ അഭിപ്രായം ഇങ്ങനെ...
തിരുവനന്തപുരം: വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ജന മനസറിയാൻ 24 ചാനൽ നടത്തിയ സർവേയുടെ അടുത്ത ഘട്ട ഫലങ്ങൾ പുറത്തുവിട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നേട്ടം കൊയ്യാൻ കച്ചകെട്ടി ഇറങ്ങുന്ന ബിജെപിക്ക് പ്രതീക്ഷ നൽകുന്ന കണക്കുകളല്ല ഏറ്റവുമൊടുവിൽ പുറത്തുവിട്ട സർവേ റിപ്പോർട്ടിലുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തിന് മോശം മാർക്കാണ് സർവേയിൽ പങ്കെടുത്ത കൂടുതൽ പേരും നൽകിയത്.
സർവേയിൽ പങ്കെടുത്തവരിൽ 25 ശതമാനം പേര്‍ കേന്ദ്ര ഭരണം ശരാശരി മാത്രമാണെന്ന് പറയുമ്പോള്‍ 23 ശതമാനം പേര്‍ മോശമാണെന്നും 21 ശതമാനം പേര്‍ വളരെ മോശമെന്നുമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തെ വിലയിരുത്തുന്നത്. വെറും അഞ്ചു ശതമാനം പേര്‍ മാത്രമാണ് ഭരണം വളരെ മികച്ചതാണെന്ന അഭിപ്രായമുള്ളവർ.

സെമിഫൈനൽ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മിന്നും ജയമാണ് ബിജെപി സ്വാന്തമാക്കിയത്. ഹിന്ദി ഹൃദയഭൂമിയിലെ മുന്നേറ്റം നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണെന്ന വിലയിരുത്തൽ വരുന്ന സമയത്താണ് കേരളത്തിൽ കേന്ദ്രത്തെ തള്ളിപ്പറയുന്ന സർവേ ഫലം വരുന്നത്.
സർവേയിൽ വടക്കന്‍ കേരളവും മധ്യകേരളവും കേന്ദ്രഭരണം മോശമെന്നാണ് വിലയിരുത്തിയതെങ്കില്‍ തെക്കന്‍ കേരളം ഭരണം ശരാശരിയാണെന്ന നിലപാടാണ് കൈക്കൊണ്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ബിജെപി നേതൃത്വത്തിന് പ്രതീക്ഷ നൽകുന്ന കണക്കുകളല്ല സർവേയിലൂടെ പുറത്തുവന്നിരിക്കുന്നത്.
നേരത്തെ സംസ്ഥാന സർക്കാരിനെയും ജനങ്ങൾ വിലയിരുത്തിയിരുന്നു. സര്‍ക്കാരിന്റെ ഭരണം നല്ലതെന്ന് നാല് ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോള്‍ വളരെ മോശമെന്നാണ് 18 ശതമാനം പേരുടെ അഭിപ്രായം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചതാണെന്ന് 4 ശതമാനം പേര്‍ പറയുമ്പോള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് പറയുന്നവർ 12 ശതമാനം പേരാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശരാശരിയാണെന്നാണ് 35 ശതമാനത്തോളം പേർ അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications