മമതയുടെ ധൈര്യം പിണറായിക്കില്ല! മോദിയുടെ പ്രസംഗം വേണമെങ്കിൽ കേൾപ്പിക്കാം; പക്ഷേ, നിർബന്ധമില്ല! പേടിയോ
യുവാക്കൾക്ക് വേണ്ടി പ്രധാനമന്ത്രി നടത്തുന്ന പ്രസംഗം കോളേജുകളിൽ കേൾപ്പിക്കണമെന്നാണ് യുജിസിയും നിർദേശം നൽകിയിരിക്കുന്നത്.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെപ്റ്റംബർ 11-ലെ പ്രസംഗം രാജ്യത്തെ എല്ലാ കോളേജുകളിലും കേൾപ്പിക്കണമെന്ന കേന്ദ്രനിർദേശം സംസ്ഥാന സർക്കാർ തള്ളി. പ്രസംഗം നിർബന്ധമായും കേൾപ്പിക്കണമെന്ന് കോളേജുകൾക്ക് നിർദേശം നൽകേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
ദീൻദയാൽ ഉപാധ്യയ ജന്മശതാബ്ദി ആഘോഷത്തിന്റെയും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125-ാം വാർഷികാഘോഷങ്ങളുടെയും ഭാഗമായാണ് സെപ്റ്റംബർ 11ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നത്. മോദിയുടെ പ്രസംഗം രാജ്യത്തെ എല്ലാ കോളേജുകളിലും കേൾപ്പിക്കണമെന്ന് കേന്ദ്രസർക്കാരാണ് യുജിസിയ്ക്ക് നിർദേശം നൽകിയത്.

കേന്ദ്രത്തിന്റെ നിർദേശം യുജിസി രാജ്യത്തെ എല്ലാ സർവകലാശാലകളെയും അറിയിച്ചിരുന്നു. 'യുവ ഇന്ത്യ, പുതിയ ഇന്ത്യ' എന്ന വിഷയത്തിൽ യുവാക്കൾക്ക് വേണ്ടി പ്രധാനമന്ത്രി നടത്തുന്ന പ്രസംഗം കോളേജുകളിൽ കേൾപ്പിക്കണമെന്നാണ് യുജിസിയും നിർദേശം നൽകിയിരിക്കുന്നത്.
എന്നാൽ, കേന്ദ്രസർക്കാരിന്റെയും യുജിസിയുടെയും നിർദേശങ്ങൾക്കെതിരെ വിവിധ സംസ്ഥാന സർക്കാരുകൾ രംഗത്തെത്തിയിരുന്നു. മോദിയുടെ പ്രസംഗം കേൾപ്പിക്കേണ്ടതില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ആദ്യം നിലപാടെടുത്തത്. വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിന് ആക്കംകൂട്ടുന്ന തരത്തിലുള്ള പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നായിരുന്നു ബംഗാൾ സർക്കാരിന്റെ നിലപാട്. സംസ്ഥാനങ്ങളോട് ആലോചിക്കാതെയാണ് കേന്ദ്രം ഇത്തരമൊരു നിർദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്നും ബംഗാൾ സർക്കാർ കുറ്റപ്പെടുത്തി.
ബംഗാളിന് പിന്നാലെയാണ് കേരളവും കേന്ദ്രനിർദേശത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മോദിയുടെ പ്രസംഗം നിർബന്ധമായും കേൾപ്പിച്ചിരിക്കണമെന്ന നിർദേശം നൽകേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാർ സർവകലാശാലകളെ അറിയിച്ചിരിക്കുന്നത്. സ്ഥാപന മേധാവികൾക്ക് കേൾപ്പിക്കണമെന്നുണ്ടെങ്കിൽ പ്രസംഗം കേൾപ്പിക്കാം, എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിർബന്ധം പിടിക്കില്ല.












Click it and Unblock the Notifications