മൊഫിയ കേസ്: കുറ്റക്കാർക്കെതിരെ കർശന നടപടി; കുടുംബാംഗങ്ങൾക്ക് ഉറപ്പു നൽകി മുഖ്യമന്ത്രി
കൊച്ചി: നിയമ വിദ്യാർഥിനി മൊഫിയ പർവ്വീൺ ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. ഇന്ന് രാവിലെയോടെ വീട്ടിലെത്തിയ മന്ത്രി പി രാജീവിൻ്റെ ഫോണിൽ കുടുംബാംഗങ്ങളുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൊഫിയക്ക് നീതി ഉറപ്പാക്കുമെന്നും ആരോപണവിധേയരായ ഒരു ഉദ്യോഗസ്ഥരെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ, എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇന്ന് തുടങ്ങും. ജില്ലാ സി- ബ്രാഞ്ച് ഡിവൈഎസ്പി വി. രാജീവനാണ് അന്വേഷണ ചുമതല. സംഘത്തിലുള്ള പുതിയ അന്വേഷണ ഉദ്യോഗസ്ഥരെയും ഇന്നറിയാം. പ്രതികളുടെ കസ്റ്റഡി അപേക്ഷയും ഇന്ന് കൊച്ചി കോടതി പരിഗണിക്കുമെന്നാണ് വിവരം.

അതേസമയം, ആരോപണ വിധേയനായ ആലുവ സി.ഐ.സി.എൽ.സുധീർകുമാറിനെതിരെശക്തമായ നടപടിയെടുക്കാതെ ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ തുടരുന്ന പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതാക്കൾ. മന്ത്രി പി രാജീവ് മൊഫിയയുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇന്ന് രാവിലെയോടെ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവ് മൊഫിയയുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും കുട്ടിക്ക് നീതി ഉറപ്പാക്കുമെന്നും മൊഫിയയുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി. മൊഫിയയുടെ വീട്ടിലെത്തിയ മന്ത്രി പി. രാജീവിൻ്റെ ഫോണിൽ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി സംസാരിച്ചു.

സർക്കാർ നീതി ഉറപ്പാക്കുമെന്നും, വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി പി രാജീവും വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കി തുടർനടപടി ഉണ്ടാകുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. സിഐയുടെ സ്ഥലം മാറ്റം നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് ലഭിക്കുന്ന വിവരം.
ശേഷം മാധ്യമങ്ങളെ കണ്ട മൊഫിയയുടെ പിതാവ് ദിൽഷാദ് സി.ഐ.സുധീർ കുമാറിനെതിരെ നടപടിയുണ്ടാകുമെന്നുള്ള മുഖ്യമന്ത്രി നൽകിയ ഉറപ്പിനെ വിശ്വാസത്തിലെടുക്കുന്നതായും ഇതിൽ ആശ്വാസമുണ്ടെന്നും പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയുണ്ടെന്ന് മൊഫിയയുടെ മാതാവ് ഫായിസയും പറഞ്ഞു.

ഇതിനിടെ റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഭർത്താവിന്റെ വീട്ടിൽ മോഫിയ പർവ്വീൺ നേരിട്ടത് കൊടിയ പീഡനങ്ങളാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നു. ഭർത്താവ് സുഹൈൽ ലൈംഗീക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഭർത്തൃവീട്ടുകാർ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. സുഹൈലിന് പുറമെ മാതാവ് റുഖിയയും ഉപദ്രവിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
ആത്മഹത്യയിൽ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള കോൺഗ്രസ് പ്രതിഷേധം മൂന്നാം ദിനവും തുടരുകയാണ്. എംഎൽഎ മാരായ റോജി എം ജോൺ, അൻവർ സാദത്ത്, ബെന്നി ബെഹന്നാൻ എം.പി തുടങ്ങിയവർ കുത്തിയിരുപ്പ് സമരത്തിൽ പങ്കെടുക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇന്ന് ആലുവയിൽ എത്തുന്നുണ്ട്. മൊഫിയ പർവീണിന്റെ വീട് സന്ദർശിച്ചശേഷം സമരക്കാർക്കൊപ്പം പ്രതിഷേധ പരിപാടിയിൽ സംബന്ധിക്കും.

കൂടുതൽ ജനപ്രതിനിധികളെ എത്തിച്ച് സമരം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. സ്റ്റേഷന് പുറത്ത് യുവജന സംഘടനകളുടെ പ്രതിഷേധവും ഇന്നും തുടരും. മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യക്ക് കാരണക്കാരനായ സിഐ സി.എല്‍ സുധീർകുമാറിനെ സസ്പെൻഡ് ചെയ്യും വരെ സമരം തുടരാനാണ് കോൺഗ്രസിൻ്റെ തീരുമാനം. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആലുവ എടയപ്പുറത്ത് നിയമ വിദ്യാർഥിനിയായ മൊഫിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു. തിരികെ വീട്ടിലെത്തിയ ശേഷമാണ് മൊഫിയ തൂങ്ങി മരിക്കുന്നത്.
പരാതി നൽകി വീട്ടിലെത്തിയ ശേഷം മൊഫിയ കതകടച്ചിരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തു കാണാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
'ക്യൂട്ട് ബേബി ഡോൾ'; അപർണ തോമസിന്റെ ഗോർജ്യസ് ലുക്ക് വൻ വൈറൽ












Click it and Unblock the Notifications