മോഹന്‍ലാലിനെതിരെ വീണ്ടും ആർഎസ്എസ്: ഇത്തവണത്തെ കാരണം ഗള്‍ഫിലെ ആ പരിപാടി
മോഹന്‍ലാലിനെതിരെ വീണ്ടും രൂക്ഷ വിമർശവുമായി ആർ എസ് എസ് മുഖപത്രമായ ഔർഗനൈസർ. രാജ്യം ഭീകരതക്കെതിരെ പോരാടുമ്പോൾ മോഹൻലാൽ ജമാഅത്തെ ഇസ്ലാമി പരിപാടിയിൽ പങ്കെടുത്തുവെന്ന് ആരോപിച്ചാണ് മലയാളത്തിന്റെ സ്വന്തം സൂപ്പർതാരത്തിനെതിരായ വിമർശനം. നേരത്തെ എമ്പുരാന്‍ വിവാദ സമയത്തും മോഹന്‍ലാലിനെതിരെ ഓർഗനൈസർ രംഗത്ത് വന്നിരുന്നു. ചർച്ചയായതിന് പിന്നാലെ ലേഖനം ഓർഗനൈസർ പിന്‍വലിച്ചിട്ടുണ്ട്.
ഷാർജയിൽ നടന്ന 'ഗള്‍ഫ് മാധ്യമം' പരിപാടിയിൽ കഴിഞ്ഞ ദിവസം മോഹന്‍ലാലിനെ ആദരിച്ചിരുന്നു. ഇതാണ് ആർ എസ് എസിന്റെ വിമർശനത്തിന് ഇടയാക്കിയത്. 'മോഹന്‍ലാല്‍ വെറുമൊരു നടന്‍ മാത്രമല്ല, ഇന്ത്യയുടെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ എന്ന ഓണററി പദവി വഹിക്കുന്ന വ്യക്തിയാണ്. ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയില്‍, ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടന അദ്ദേഹത്തെ ആദരിക്കുന്നത് വളരെ വിരോധാഭാസവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്' ഓർഗനൈസറില്‍ പറയുന്നു.

യാഥാസ്ഥിതിക നിലപാടുകൾക്കും സിനിമയോടുള്ള എതിർപ്പിനും പേര് കേട്ട ജമാഅത്തെ ഇസ്ലാമി, ഇതുവരെ ഒരു സിനിമാ താരത്തെയും ആദരിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിൽ, മലയാള ചലച്ചിത്രതാരവും ടെറിട്ടോറിയൽ ആർമിയിലെ ഓണററി ലെഫ്റ്റനന്റ് കേണലുമായ മോഹൻലാലിനെ അവർ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചത് സംശയങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നു.
മോഹൻലാലിന്റെ ഈ പങ്കാളിത്തം ഒരു കലാകാരന്റെ നിലയിൽ മാത്രമല്ല, മറിച്ച് ജമാഅത്തെ ഇസ്ലാമിയുടെ തന്ത്രപരമായ അജണ്ടയുടെ ഭാഗമാണി. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം തീവ്രമായിരുന്ന ഈ സന്ദർഭത്തിൽ, മോഹൻലാലിന്റെ തീരുമാനം ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹത്തിന്റെ ലെഫ്റ്റനന്റ് കേണൽ പദവി റദ്ദാക്കണമെന്നും ലേഖനത്തില്‍ പറയുന്നു.
എമ്പുരാന്‍ റിലീസ് ചെയ്തതിന് പിന്നാലെയും ഓർഗനൈസർ വലിയ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ദേശവിരുദ്ധവും ക്രിസ്ത്യൻ വിരുദ്ധവുമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം. സിനിമയുടെ തിരക്കഥാകൃത്ത് മുരളി ഗോപിയും സംവിധായകൻ പൃഥ്വിരാജ് സുകുമാരനും ചേർന്ന് ക്രിസ്ത്യൻ വിശ്വാസങ്ങളെയും മൂല്യങ്ങളെയും തെറ്റായി ചിത്രീകരിച്ചുവെന്ന് ഓർഗനൈസർ ലേഖനത്തിലൂടെ ആരോപിച്ചു.
സിനിമയിൽ ഇറാഖിലെ ഏക ക്രിസ്ത്യൻ നഗരമായ കാരഖോഷിനെ പരാമർശിക്കുന്നുണ്ടെന്നും, ഐസിസ് തകർത്ത ഈ നഗരം ക്രൂരമായ കൂട്ടക്കൊലകൾക്ക് സാക്ഷ്യം വഹിച്ചതായും ലേഖനം ചൂണ്ടിക്കാട്ടുന്നു. ക്രിസ്ത്യൻ സമുദായത്തിന്റെ ആശങ്കകളെ പ്രതിനിധീകരിച്ചാണ് ഈ വിമർശനങ്ങൾ ഉന്നയിക്കുന്നത്. വർഗീയ സംഘർഷങ്ങൾ ആളിക്കത്തിക്കുന്ന സിനിമയാണ് എമ്പുരാനെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയെ ദുരന്തങ്ങളുടെ രാജാവായി ചിത്രികരിക്കുകയാണ് ചിത്രമെന്നും ഓർഗനൈസർ അരോപിച്ചിരുന്നു.












Click it and Unblock the Notifications