പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരന് ഇടക്കാല മുന്‍കൂര്‍ ജാമ്യം, 23 ന് ചോദ്യം ചെയ്യലിന് ഹാജരാകണം
തിരുവനന്തപുരം: മോന്‍സൻ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് ഇടക്കാല മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 23ന് സുധാകരന്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. അറസ്റ്റുണ്ടായാൽ 50,000 രൂപയുടെ ബോണ്ടിലും അതേ തുകയ്ക്ക് രണ്ടു പേരുടെ ഉറപ്പിലും ജാമ്യം നൽകണമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിൽ പറഞ്ഞു. മുന്‍ ഐജി ലക്ഷ്മണയ്ക്കും ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. നിരപരാധിയെങ്കിൽ എന്തിനാണ് സുധാകരൻ ഭയക്കുന്നതെന്നും സർക്കാർ ചോദിച്ചു. 23 ന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സുധാകരന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. നിലവിൽ സുധാകരനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ല, എന്നാൽ ചോദ്യം ചെയ്യലിൽ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം വന്നാൽ അറസ്റ്റ് ഉണ്ടാകുമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.

അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് സുധാകരൻ വാദിച്ചു. 2021 ലാണ് പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. അന്ന് തന്റെ പേരില്ലായിരുന്നുവെന്നും സുധാകരൻ കോടതിയിൽ പറഞ്ഞു. മോൻസൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കൊപ്പമുള്ള ചിത്രങ്ങളും സുധാകരൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ഡിജിപി അനിൽകാന്ത്, മുൻ ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് ഏബ്രഹാം എന്നിവർ മോൻസനൊപ്പമുള്ള ഫോട്ടോകളാണ് സുധാകരൻ സമർപ്പിച്ചത്.
വ്യാജ പുരാവസ്തുക്കൾ ഉപയോഗിച്ച് മോൻസൻ മാവുങ്കൽ നടത്തിയ തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാണ് കെ സുധാകരന്‍. വഞ്ചനാ കുറ്റം അടക്കമുള്ള വകുപ്പുകള്‍ ആണ് ക്രൈംബ്രാഞ്ച് സുധാകരനെതിരെ ചുമത്തിയിട്ടുള്ളത്. സുധാകരനെതിരെ ശക്തമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് ഡിവൈഎസ്പി റസ്തം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മോൻസന്റെ തട്ടിപ്പിന് ഇരയായ പരാതിക്കാർ നൽകിയ ശബ്ദസന്ദേശങ്ങളും രേഖകളും അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനകൾക്കു വിധേയമാക്കി തെളിവായി സ്വീകരിച്ചിട്ടുണ്ട്.
അതേസമയം കേസിൽ സുധാകരന് പങ്കില്ലെന്നാണ് മോൻസൻ മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞത്. മാത്രമല്ല സുധാകരന് പങ്കുണ്ടെന്ന് പറയാൻ ഡി വൈ എസ് പി റസ്തം തന്നെ ഭീഷണിപ്പെടുത്തിയതായും മോൻസൻ കോടതിയെ അറിയിച്ചിരുന്നു. സുധാകരൻ 25 ലക്ഷം കൈപ്പറ്റിയെന്ന് പറയാൻ ഭീഷണിപ്പെടുത്തിയെന്നായിരുന്നു മോൻസൻ ആരോപിച്ചത്.












Click it and Unblock the Notifications