'കടല്‍ താണ്ടിയവനെ കൈത്തോട് കാണിച്ച് പേടിപ്പിക്കാന്‍ നോക്കേണ്ട'; ചോദ്യം ചെയ്യലിനെത്തി സുധാകരന്‍
കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ കെ പി സി സി പ്രസിഡന്റും എം പിയുമായ കെ സുധാകരന്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യലിനായാണ് സുധാകരന്‍ എത്തിയത്. എത്ര ചോദ്യങ്ങള്‍ ക്രൈംബ്രാഞ്ച് ചോദിച്ചാലും അതിനെല്ലൊം ഉത്തരം നല്‍കാന്‍ തയ്യാറാണെന്നാണ് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു.
'എന്നെ അറസ്റ്റ് ചെയ്യണമെങ്കില്‍ ചെയ്‌തോട്ടെ. അക്കാര്യത്തില്‍ എനിക്ക് ഒരു ആശങ്കയുമില്ല. എനിക്ക് മുന്‍കൂര്‍ ജാമ്യം കിട്ടിയിട്ടുണ്ട്,' സുധാകരന്‍ പറഞ്ഞു. കോടതി അടക്കമുള്ള നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും കടല്‍ താണ്ടിയവനാണ് താനെന്നും സുധാകരന്‍ പറഞ്ഞു. കൈത്തോട് കാണിച്ച് തന്നെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരയുള്ളത് രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണ്.

ആരില്‍ നിന്നും ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സുധാകരന്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുധാകരന്‍ തീരുമാനിച്ചത്. അറസ്റ്റ് വേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
50000 രൂപയും രണ്ട് പേരുടെ ആള്‍ജാമ്യവുമാണ് ജാമ്യവ്യവസ്ഥകള്‍. അതേസമയം പരാതിക്കാരനായ തൃശ്ശൂര്‍ സ്വദേശി അനൂപ് മുഹമ്മദിനെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. പരാതിക്കാരായ യാക്കൂബ്, ഷമീര്‍ എന്നിവരില്‍ നിന്നും അന്വേഷണ സംഘം നേരത്തെ മൊഴി എടുത്തിരുന്നു. മോന്‍സണ് 25 ലക്ഷം രൂപ നല്‍കിയെന്നും പണം കൈമാറുമ്പോള്‍ സുധാകരനുമുണ്ടായിരുന്നു എന്നുമാണ് പരാതിക്കാരുടെ മൊഴി.
മോന്‍സന്‍ സുധാകരന് പത്ത് ലക്ഷം നല്‍കിയതായി മോന്‍സന്റെ ജീവനക്കാരും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. വിദേശത്ത് നിന്നുള്ള രണ്ടര ലക്ഷം കോടി കൈപ്പറ്റാന്‍ ഡല്‍ഹിയില്‍ പണം ചെലവഴിക്കണം എന്നും ഇതിനായി കെ സുധാകരന്‍ ഇടപെടും എന്നും മോന്‍സണ്‍ മാവുങ്കല്‍ പറഞ്ഞതായാണ് പരാതിക്കാര്‍ ആരോപിക്കുന്നത്. കേസില്‍ കെ സുധാകരന്‍ രണ്ടാം പ്രതിയാണ്.
അതിനിടെ പരാതിക്കാരായ അനൂപ് മുഹമ്മദിനെയും എം ടി ഷെമീറിനെയും സുധാകരന്റെ അനുയായികളിലൊരാളായ എബിന്‍ എബ്രഹാം സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തായിരുന്നു. കേസിലെ നിര്‍ണായക സാക്ഷി ഡ്രൈവര്‍ അജിത്തിനെയും എബിന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളും അന്വേഷകസംഘത്തിന്റെ പക്കലുണ്ട് എന്നാണ് വിവരം.












Click it and Unblock the Notifications