ദിലീപിനെതിരെ വീണ്ടും വെളിപ്പെടുത്തലുകള്‍; കൂടുതല്‍ പേര്‍ വരുമെന്ന് സുനിയുടെ അമ്മ റിപ്പോര്‍ട്ടറോട്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെതിരെ അന്വേഷണ സംഘം നടപടി തുടങ്ങിയതിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. കേസിലെ പ്രതി പള്‍സര്‍ സുനിയുടെ അമ്മയാണ് റിപ്പോര്‍ട്ടര്‍ ടിവിയോട് ഇക്കാര്യം പറഞ്ഞത്. ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ വിവരം.
സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സത്യമാണെന്ന് സുനി പറഞ്ഞതായും അമ്മ പറയുന്നു. 13 പോലീസ് ഓഫീസര്‍മാരാണ് ദിലീപിനെതിരായ വെളിപ്പെടുത്തലുകള്‍ പരിശോധിക്കുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. അതിനിടെയാണ് കൂടുതല്‍ പേര്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന വിവരം വന്നിരിക്കുന്നത്...

ദിലീപിനെതിരായ പുതിയ നടപടികള്‍ക്ക് കാരണം സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളാണ്. ബാലചന്ദ്ര കുമാറിനെ അറിയാമെന്ന് പള്‍സര്‍ സുനി പറഞ്ഞതായി അമ്മ ശോഭന ചാനലിനോട് പ്രതികരിച്ചു. ബാലചന്ദ്ര കുമാര്‍ പറയുന്നത് സത്യമാണെന്നും ഇനിയും കൂടുതല്‍ പേര്‍ വെളുപ്പെടുത്തലുകളുമായി വരുമെന്നും സുനി പറഞ്ഞുവെന്ന് അമ്മ അറിയിച്ചു.

എറണാകുളം സബ് ജയിലില്‍ എത്തിയാണ് പള്‍സര്‍ സുനിയെ അമ്മ കണ്ടതത്രെ. ഈ വേളയിലാണ് സുനി ഇക്കാര്യങ്ങള്‍ തന്നോട് പറഞ്ഞതെന്ന് ശോഭന ചാനലിനോട് പ്രതികരിച്ചു. സത്യങ്ങള്‍ അറിയുന്നവര്‍ ഭയം മൂലമാണ് പുറത്തുപറയാത്തത്. സുനി നല്‍കിയ ബുക്കിലെ കുറിപ്പ് അമ്മ കാണിച്ചു. അറവുകാരന്‍ പോത്തിനോട് കാണിക്കുന്ന ദയപോലും കറുത്ത കോട്ടിട്ട മാലാഖ എന്നോട് കാണിക്കുന്നില്ല എന്നാണ് കുറിപ്പിലെ വാചകം.

കഴിഞ്ഞ ദിവസവും സുനിയുടെ അമ്മ ദിലീപിനെതിരെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടിയാണെന്ന് പള്‍സര്‍ സുനി പറഞ്ഞിട്ടുണ്ടെന്നാണ് അമ്മ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞത്. കാടിക്കണക്കിന് രൂപ സുനിക്ക് വാഗ്ദാനം ചെയ്തു. ഇപ്പോള്‍ തന്റെ മകന്റെ ജീവന് ഭീഷണിയുണ്ടെന്നും ഇക്കാര്യം മകന്‍ പറഞ്ഞതാണെന്നും അമ്മ പറയുന്നു.

നടിയെ ആക്രമിക്കാന്‍ 2015 മുതല്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലില്‍ വച്ചും സംസാരിച്ചിരുന്നു. ഇതില്‍ പ്രമുഖര്‍ പങ്കാളികളായി. ജയിലില്‍ വച്ചോ പുറത്ത് വച്ചോ എന്റെ ജീവന്‍ അപായപ്പെടുത്താന്‍ സാധ്യതയുണ്ട് എന്ന് പള്‍സര്‍ സുനി പറഞ്ഞുവെന്നും അമ്മ പ്രതികരിച്ചു.

പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കാരണം സുനിയുടെ സുഹൃത്തായ കേസിലെ പ്രതി വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചതു കൊണ്ടാണ്ട്. വിജേഷിന്റെ ആത്മഹത്യാ ശ്രമത്തില്‍ സംശയമുണ്ട്. അയാള്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യത കുറവാണെന്നും സുനി പറഞ്ഞത്രെ. മകന്റെ ജീവനും ഭീഷണിയുണ്ട്. ഇക്കാര്യങ്ങള്‍ പുറത്തുപറഞ്ഞില്ലെങ്കില്‍ മകന്റെ ജീവന്‍ അപായപ്പെടുമെന്ന് ഭയമുണ്ടെന്നും പള്‍സര്‍ സുനിയുടെ അമ്മ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടര്‍ച്ചയായി പുതിയ വെളിപ്പെടുത്തലുകള്‍ വരികയാണ്. കേസിന്റെ വിചാരണ കഴിയാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വെളിപ്പെടുത്തലുകള്‍. ഫെബ്രുവരി 16ന് വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. വിചാരണയ്ക്ക് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്.
ഉല്‍സവ ലഹരിയില്‍ എടപ്പാള്‍; ഇനി യാത്ര മുകളിലൂടെ... ആവേശം വിതറി നേതാക്കള്‍- ചിത്രങ്ങള്‍ കാണാം

സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ദിലീപും പള്‍സര്‍ സുനിയും ബന്ധമുണ്ട്. ആക്രമിച്ച വീഡിയോ ദിലീപ് കണ്ടു എന്നീ കാര്യങ്ങളാണ് സംവിധായകന്‍ നേരത്തെ ചാനലുകളോട് പറഞ്ഞിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണം സംബന്ധിച്ചാണ് ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദിലീപിനും മറ്റു അഞ്ച് പേര്‍ക്കുമെതിരെയാണ് പുതിയ കേസ്. താരത്തിന് കൂടുതല്‍ പ്രതിസന്ധിയാകുന്ന നടപടികളിലേക്ക് കടക്കുകയാണ് അന്വേഷണ സംഘം.












Click it and Unblock the Notifications