വീണ്ടും കുടിയൊഴിപ്പിക്കല്‍ ക്രൂരത; അമ്മയെയും മൂന്ന് പെണ്‍മക്കളെയും ഇറക്കിവിട്ടു, വീട് തകര്‍ത്തു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ കുടിയൊഴിപ്പക്കല്‍ രണ്ടു ജീവന്‍ നഷ്ടപ്പെടുത്തിയിരിക്കെ, തിരുവനന്തപുരം ജില്ലയില്‍ വീണ്ടും കുടിയൊഴിപ്പിക്കല്‍. കഴക്കൂട്ടം സൈനിക നഗറില്‍ താമസിക്കുന്ന അമ്മയെയും മൂന്ന് പെണ്‍മക്കളെയും അയല്‍വാസി ഇറക്കിവിട്ടു. ഇവരുടെ വീട് പൊളിച്ചുനീക്കുകയും ചെയ്തു. വീട്ടമ്മ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ല എന്നാണ് ആക്ഷേപം. തങ്ങളുടെ വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തി എന്ന് ആരോപിച്ചാണ് അയല്‍വാസി വീട് പൊളിച്ചുനീക്കിയത്. രണ്ടാഴ്ച മുമ്പാണ് സംഭവം. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതോടെയാണ് സംഭവം ഇന്ന് പുറംലോകം അറിഞ്ഞത്. സൈനിക നഗറില്‍ താമസിക്കുന്ന സുറുമിയും മക്കളുമാണ് തെരുവിലായത്.
കഴിഞ്ഞ 17ാം തിയ്യതിയാണ് സംഭവം. 11, 9, 7 വയസുള്ള മൂന്ന് പെണ്‍മക്കളാണ് സുറുമിക്ക്. കഴിഞ്ഞ ആറ് വര്‍ഷമായി കുടുംബം ഇവിടെ താസമിക്കുന്നു. ടാര്‍പോളിന്‍ ഷീറ്റ് വച്ച് കെട്ടിയുണ്ടാക്കിയ ഷെഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. പുറമ്പോക്ക് ഭൂമിയാണിത് എന്നാണ് വിവരം. അഞ്ച് മാസം മുമ്പ് വരെ കുടുംബം ഇവിടെ താമസിച്ചിരുന്നു. പലരുടെയും ശല്യം കാരണം ഒരു വാടക വീട്ടിലേക്ക് മാറി. വാടക കൃത്യമായി നല്‍കാനില്ലാതെ വന്നതോടെ ആഴ്ചകള്‍ക്ക് മുമ്പ് തിരിച്ച് പഴയ കുടിലേക്ക് തന്നെ എത്തുകയായിരുന്നു. കഴിഞ്ഞ 17ന് നാല് പേര്‍ വന്ന് വീട് പൊളിക്കുകയായിരുന്നു. കുട്ടികളെ പിടിച്ചു തള്ളി. അറപ്പുളവാക്കുന്ന ചീത്ത വിളിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
തൊട്ടടുത്ത സ്ഥലത്തിന്റെ ഉടമയും അയാളുടെ സഹോദരങ്ങളുമാണ് തന്റെ വീട് പൊളിച്ചതെന്ന് സുറുമി പറയുന്നു. പൊളിക്കുന്ന സമയം 100 നമ്പറില്‍ വിളിച്ച് പോലീസിനെ അറിയിച്ചിരുന്നു. ശേഷം കഴക്കൂട്ടം പോലീസ് സ്‌റ്റേഷനിലും വിളിച്ചു. എന്നാല്‍ പോലീസ് എത്തിയത് വളരെ വൈകിയാണ്. മൊബൈലില്‍ ദൃശ്യം പകര്‍ത്തി പോയ പോലീസ് പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് സുറുമി പറയുന്നു. കേസെടുത്ത് അന്വേഷിക്കുന്നുണ്ട് എന്നാണ് കഴക്കൂട്ടം പോലീസ് പ്രതികരിച്ചത്. സുറുമിയും മക്കളും ഇപ്പോള്‍ വാടക വീട്ടിലേക്ക് തന്നെ താമസം മാറിയിരിക്കുകയാണ്.
പുറമ്പോക്ക് ഭൂമിയാണിതെന്നാണ് കരുതുന്നത്. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നു എന്ന് കാണിച്ച് സുറുമി സര്‍ക്കാരിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ കൈവശാവകാശം ലഭിക്കാന്‍ സാധ്യതയുണ്ട് എന്നാണ് പരാതിക്കാരി പ്രതീക്ഷിക്കുന്നത്. ഇതിനിടെയാണ് അയല്‍വാസികളുടെ അക്രമം. മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ ചില പ്രാദേശിക നേതാക്കള്‍ സന്ദര്‍ശിച്ച് സഹായം വാഗ്ദാനം ചെയ്്തിട്ടുണ്ട്.