'മഹാനായ മാരാർജി പോലും പല തവണ തോറ്റിട്ടുണ്ട്', ബിജെപി സംപൂജ്യരായതിൽ എംടി രമേശിന്റെ പ്രതികരണം
കോഴിക്കോട്: ആകെയുണ്ടായിരുന്ന നേമവും നഷ്ടപ്പെട്ട് കേരളത്തിൽ സംപൂജ്യരായിരിക്കുകയാണ് ബജെപി. തോൽവിയിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് എംടി രമേശ്. കോഴിക്കോട് സൌത്ത് മണ്ഡലത്തിൽ നിന്നാണ് എംടി രമേശ് തോറ്റത്.
പ്രതികരണം വായിക്കാം: ''പ്രിയപ്പെട്ടവരെ, നാം മുന്നോട്ടു തന്നെയാണ്, ജാഗ്രതയോടെ ചുവടുകൾ ഉറച്ച് അജയ്യമായ ഒരാശയത്തെ പിൻപറ്റി നമുക്ക് മുന്നോട്ടു പോയേ മതിയാകു. കാരണം ഏതെങ്കിലും പദവിക്കോ അധികാരത്തിനോ വേണ്ടി മാത്രമായിരുന്നില്ല നമ്മൾ ഈ പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്തത്. പക്ഷെ തിരഞ്ഞെടുപ്പുകൾ ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിനും സ്വയം മാറ്റുരയ്ക്കാനുള്ള അവസരമാണ്. ഇവിടെ ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം നമ്മുക്കെതിരാണ്.

അത് നാം അംഗീകരിച്ചെ മതിയാകു, അതിൻ്റെ കാരണങ്ങൾ തിരിച്ചറിഞ്ഞ് കൂടുതൽ ഉത്തരവാദിത്വത്തോടെ നമുക്ക് മുന്നോട്ട് പോകണം, പരാജയങ്ങൾ നമുക്ക് പുത്തരിയല്ല, മഹാനായ മാരാർജി പോലും പല തവണ തോറ്റിട്ടുണ്ട്. പക്ഷെ അവിടെ നാം തളർന്നിരുന്നിട്ടില്ല. കൂടുതൽ കരുത്താർജിച്ച് മുന്നോട്ട് കുതിയ്ക്കുകയായിരുന്നു.കഴിഞ്ഞ ഒരു മാസത്തിലധികമായി ഓരോ ബി.ജെ.പി പ്രവർത്തകനും അഹോരാത്രം അക്ഷീണം തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരുന്നു, നമ്മുടെ കഷ്ടപ്പാട് വിഫലമായി പോയിട്ടില്ല. കനത്ത ഇടത് തരംഗത്തിലും കേഡർ വോട്ടുകളും അഭ്യുദയകാംശികളുടെ പിന്തുണയും നഷ്ടപ്പെടാതെ പാർട്ടിയുടെ അടിത്തറ ഇളകാതെ സംരക്ഷിയ്ക്കാൻ നമുക്കായി.
ഇനി സംഘടന ശക്തിപ്പെടുത്തേണ്ട സമയമാണ്, യാഥാർത്ഥ്യ ബോധ്യത്തോടെ കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ സാമുദായിക കാലാവസ്ഥ മനസ്സിലാക്കി മുന്നോട്ട് പോകാനുള്ള ഊർജം സംഭരിയ്ക്കണം, UDF ശിഥിലമാവുകയാണ്, തുടർഭരണം വന്നതോടെ കേരളത്തിൽ കൂടുതൽ ഉത്തരവാദിത്വമുള്ള പ്രതിപക്ഷമാവാനുള്ള നിയോഗമാണ് ബി.ജെ.പിക്ക് വന്നു ചേർന്നിരിക്കുന്നത്. നാം മുന്നോട്ട് തന്നെയാണ്. പരാജയത്തിൻ്റെ ഉത്തരവാദിത്വം നേതൃത്വം ഒറ്റക്കെട്ടായി ഏറ്റെടുക്കുന്നു, വീഴ്ചയുടെ കാരണങ്ങൾ സംഘടന അന്വേഷിച്ച് കണ്ടെത്തി തിരുത്തും, അതിനുള്ള കരുത്ത് നമ്മുടെ പ്രസ്ഥാനത്തിനുണ്ട് പ്രവർത്തകർക്കുണ്ട്''.












Click it and Unblock the Notifications