സിപിഎം കത്ത് വിവാദത്തിലെ വ്യവസായി മുഹമ്മദ് ഷെർഷാദ് അറസ്റ്റിൽ, 40 ലക്ഷത്തിന്റെ തട്ടിപ്പെന്ന് പരാതി
കൊച്ചി: സിപിഎം കത്ത് വിവാദത്തില്‍ ഉള്‍പ്പെട്ട വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് വഞ്ചനാക്കേസില്‍ അറസ്റ്റില്‍. 40 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് കൊച്ചി സൗത്ത് പോലീസ് ഷെര്‍ഷാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചെന്നൈയില്‍ വെച്ചായിരുന്നു അറസ്റ്റ്.
കൊച്ചി സ്വദേശികളായ രണ്ട് പേരാണ് ഷെര്‍ഷാദിന് എതിരെയുളള പരാതിക്കാര്‍. ഷെര്‍ഷാദ് ഡയറക്ടറായ പെന്റാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വിവിധ വാഗ്ദാനങ്ങള്‍ നല്‍കി പലരില്‍ നിന്നായി പണം നിക്ഷേപിപ്പിച്ചു എന്നും വാഗ്ദാനങ്ങള്‍ പാലിച്ചില്ല എന്നുമാണ് പരാതി. ഷെര്‍ഷാദിനെ കൂടാതെ കമ്പനി സിഇഒ ആയിരുന്ന ശരവണന് എതിരെയും പരാതിയുണ്ട്.

പരാതിക്കാരായ കൊച്ചി സ്വദേശികള്‍ 40 ലക്ഷം രൂപയാണ് ഷെര്‍ഷാദിന്റെ കമ്പനിയില്‍ നിക്ഷേപം നടത്തിയത്. 24 ശതമാനം ലാഭവിഹിതം കൂടാതെ 5 ശതമാനം വീതം വാര്‍ഷിക റിട്ടേണും ഷെയറും അടക്കമായിരുന്നു കമ്പനി നല്‍കിയ വാഗ്ദാനം. ഇത് പാലിക്കപ്പെടാതെ വന്നതോടെയാണ് കൊച്ചി സ്വദേശികള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മകനും എതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ഷെര്‍ഷാദ് പാര്‍ട്ടി പോളിറ്റ് ബ്യൂറോയ്ക്ക് കത്തയച്ചിരുന്നു. ഈ കത്ത് പുറത്ത് വന്നത് വലിയ വിവാദമായി മാറി. എംബി രാജേഷ്, കെഎന്‍ ബാലഗോപാല്‍ എന്നീ സിപിഎം നേതാക്കള്‍ക്കെതിരെയും കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. കത്ത് ചോര്‍ത്തിയത് എംവി ഗോവിന്ദനും മകനും ആണെന്നും ഷെര്‍ഷാദ് ആരോപിച്ചിരുന്നു.












Click it and Unblock the Notifications