'കേസ്,അറസ്റ്റ് എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാൻ വരരുത്. മീശ പിരിക്കലൊക്കെ പിള്ളേരോട് മതി'; വീണ്ടും ഷിയാസ്
പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് കാണിച്ചായിരുന്നു ഷിയാസിനെതിരെ കേസെടുത്തത്.

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് കാണിച്ച് കേസെടുത്തതിന് പിന്നാലെ വീണ്ടും പോസ്റ്റുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. 'കേസ്, അറസ്റ്റ് എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാൻ വരരുതെന്നും മീശ പിരിച്ചു കാട്ടുന്നതൊക്കെ ചെറിയ പിള്ളേരോട് മതിയെന്നുമാണ് ഷിയാസ് ഫേസ്ബുക്കിൽ കുറിച്ചത്.ഇന്നാട്ടിൽ ചില നിയമങ്ങളും ചട്ടങ്ങളുമൊക്കെയുണ്ട്. പോലീസ് ആണെങ്കിൽ അത് പാലിക്കണം. നിയമവും ന്യായവും ഒരു പോലെ നടപ്പാക്കാനാണ് പോലീസ്. അവർ തന്നെ നിയമലംഘകരാകുന്നത് അംഗീകരിക്കാനാവില്ലെന്നും ഷിയാസ് കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
'കേസ്, അറസ്റ്റ് എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാൻ വരരുത്. മീശ പിരിച്ചു കാട്ടുന്നതൊക്കെ ചെറിയ പിള്ളേരോട് മതി. ഒരുപാട് കേസും കോടതിയും കണ്ട് വളർന്നവരാണ് ഞങ്ങളൊക്കെ. കേസെന്ന് കേൾക്കുമ്പോൾ ബോധം കെട്ട് പോകുന്നവരോ, മുണ്ട് നനയ്ക്കുന്നവരോ അല്ല കോൺഗ്രസ് പ്രവർത്തകർ. എല്ലാ തോന്ന്യാസത്തിനും കൂട്ട് നിന്നിട്ട് ജനകീയ സമരങ്ങളെ അടിച്ചമർത്താൻ നോക്കരുത്. കേസെടുക്കാനല്ലേ നിങ്ങൾക്ക് കഴിയൂ, വിചാരണയും വിധിയുമൊക്കെ കോടതിയിലല്ലേ. അത് ഞങ്ങൾ നേരിട്ടോളം. പക്ഷെ പൊലീസിലെ ചില മനോരോഗികൾക്കുള്ള മറുപടി വേണ്ടി വന്നാൽ തെരുവിൽ തന്നെ നൽകും.
പറഞ്ഞാൽ പറഞ്ഞത് തന്നെയാണ്.
ജനകീയ സമരം മുൻനിർത്തി സമരം ചെയ്യുന്ന പെൺകുട്ടികളെ പുരുഷ പോലീസുകാർ കടന്നു പിടിക്കാനും അധിക്ഷേപിക്കാനും മർദിക്കാനും ശ്രമിച്ചാൽ കയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. ഇനിയും കലങ്ങിയിട്ടില്ലാത്തവർ ബാഹുബലി സിനിമ ഒന്ന് കൂടി കണ്ടാൽ നല്ലത് പോലെ കലങ്ങി തെളിയും.
ഏതെങ്കിലും പോലീസുകാരന്റെ കൈത്തരിപ്പ് മാറ്റാനുള്ളതല്ല ഞങ്ങളുടെ സഹോദരിമാർ. ഡി സി സി പ്രസിഡൻറായി തുടരുന്നിടത്തോളം എന്റെ ജീവൻ നൽകിയും പ്രവർത്തകരെ ഞാൻ സംരക്ഷിക്കും. ജനങ്ങളുടെ വിഷയം ഏറ്റെടുത്ത് ഇനിയും ഞങ്ങളുടെ അമ്മമാരും സഹോദരിമാരും തെരുവിലിറങ്ങി സമരം ചെയ്യും. ഇനിയൊരു സ്ത്രീയുടെയും നേരെ നിങ്ങളുടെ കയ്യുയരില്ല. ഇത് താക്കീത് തന്നെയാണ്.
ഇന്നാട്ടിൽ ചില നിയമങ്ങളും ചട്ടങ്ങളുമൊക്കെയുണ്ട്. പോലീസ് ആണെങ്കിൽ അത് പാലിക്കണം. നിയമവും ന്യായവും ഒരു പോലെ നടപ്പാക്കാനാണ് പോലീസ്. അവർ തന്നെ നിയമലംഘകരാകുന്നത് അംഗീകരിക്കാനാവില്ല..........
സമരം തുടരുക തന്നെ ചെയ്യും', പോസ്റ്റിൽ ഷിയാസ് പറഞ്ഞു.
മെഡിക്കല്‍ കോളേജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കളമശ്ശേരിയില്‍ ശനിയാഴ്ച്ച കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധത്തിനിടെ കെഎസ്‌യു ജില്ലാ സെക്രട്ടറി മിവ ജോളിയുടെ കോളറില്‍ പിടിച്ച് പോലീസ് ഉദ്യോസ്ഥന്‍ വലിച്ചിഴച്ച സംഭവത്തിനെതിരെയായിരുന്നു ഷിയാസ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.
'ഒരു പരിധി വിട്ടാല്‍ ഈ കൈ അവിടെ വേണ്ടെന്ന് വെക്കും. കളി കോണ്‍ഗ്രസിനോട് വേണ്ട...' എന്നായിരുന്നു ഷിയാസിന്റെ പോസ്റ്റ്.












Click it and Unblock the Notifications