പാണക്കാട് തങ്ങള്‍മാരെ വിളിച്ചത് പാപ്പരത്തം; മുജാഹിദ് സമ്മേളനം ഫാസിസ്റ്റുകള്‍ക്ക് ന്യായീകരണം നല്‍കിയെന്ന് സമസ്ത
കോഴിക്കോട്: മുജാഹിദ് സമ്മേളനത്തിന് എതിരെ സമസ്ത രംഗത്ത്. ഫാസിസ്റ്റ് ശക്തികളെ മുജാഹിദ് സമ്മേളനം ഔദ്യോഗികമായി സ്വീകരിച്ചു എന്ന് സമസ്ത നേതാക്കള്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു സമസ്ത നേതാക്കളുടെ പ്രതികരണം. മുജാഹിദ് വിഭാഗം മതേതര വിരുദ്ധ കക്ഷികളുടെ ചട്ടുകമായി മാറി എന്നും സമ്‌സത നേതാക്കള്‍ ആരോപിച്ചു.
സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സമസ്ത ആദര്‍ശ സമ്മേളം സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമുലുലൈലി, സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, നാസര്‍ ഫൈസി കൂടത്തായി, തുടങ്ങിയവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്. ഫാസിസ്റ്റ് അജണ്ടകള്‍ക്ക് ന്യായീകരണം നല്‍കുകയാണ് മുജാഹിദ് സമ്മേളനം ചെയ്തത് എന്ന് സമസ്ത പറഞ്ഞു.

സമസ്ത ആശയങ്ങള്‍ ഉള്ളവര്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കരുത് എന്നും തങ്ങള്‍മാരെ ക്ഷണിക്കാന്‍ മുജാഹിദ് വിഭാഗത്തിന് ധാര്‍മ്മികമായി അവകാശമില്ല എന്നും സമസ്ത നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ആശയ വ്യതിയാനമുള്ള മുജാഹിദ്, ജമാ അത്തെ ഇസ്ലാമി എന്നിവരുടെ പരിപാടികളില്‍ സമസ്ത ആശയങ്ങള്‍ ഉള്ളവര്‍ പങ്കെടുക്കാന്‍ പാടില്ല എന്നും സമസ്ത മുന്നറിയിപ്പ് നല്‍കി.
അതേസമയം മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പാണക്കാട് തങ്ങള്‍മാരെ വിലക്കി എന്ന പ്രചരണവും സമസ്ത തള്ളി. എന്നാല്‍ വിരുദ്ധ ആശയക്കാരുടെ സമ്മേളനത്തില്‍ സമസ്ത ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ പങ്കെടുക്കരുത് എന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട് എന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കി. അതിനാലാണ് മുജാഹിദ്, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ പരിപാടികളില്‍ സമസ്ത വിഭാഗക്കാര്‍ പങ്കെടുക്കാത്തത് എന്നും അദ്ദേഹം പറഞ്ഞു.
പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിലേക്ക് പാണക്കാട് തങ്ങള്‍മാരെ ക്ഷണിച്ചത് മുജാഹിദ് വിഭാഗത്തിന്റെ പാപ്പരത്തത്തിന് തെളിവാണ് എന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. നേരത്തെ മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തില്‍ സംഘപരിവാര്‍ നേതാക്കളെ ക്ഷണിച്ചത് വലിയ വിവാദമായിരുന്നു. ഗോവ ഗവര്‍ണറും ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷനുമായ പി എസ് ശ്രീധരന്‍പിള്ള മുജാഹിദ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗവും വിവാദമായിരുന്നു.
ഇന്ത്യയില്‍ മുസ്ലീങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ യാതൊരു അക്രമവും നേരിടുന്നില്ല എന്നായിരുന്നു പി എസ് ശ്രീധരന്‍പിള്ള പറഞ്ഞത്. അതേസമയം മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്ത സി പി ഐ എം, സി പി ഐ നേതാക്കള്‍ സംഘപരിവാര്‍ നേതാക്കള്‍ക്ക് മുജാഹിദ് നേതാക്കള്‍ വേദിയൊരുക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications