മുകേഷിനും ഇടവേള ബാബുവിനും ആശ്വാസം; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി
കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ നടന്‍മാരായ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. എറണാകുളം സെഷന്‍സ് കോടതിയാണ് ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. പ്രോസിക്യൂഷനും പ്രതിഭാഗവും ഹാജരാക്കിയ തെളിവുകള്‍ പരിശോധിച്ചതിന് ശേഷമാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
മരട് പൊലീസാണ് മുകേഷിനെതിരായ കേസ് രജിസ്റ്റര്‍ ചെയ്തത്. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസുണ്ട്. ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. താരങ്ങള്‍ ലൈംഗികമായി ഉപദ്രവിച്ചു എന്നും അധിക്ഷേപിച്ചു എന്നുമുള്ള പരാതിയിലാണ് പൊലീസ് കേസ് രജിസറ്റര്‍ ചെയ്തത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ് എന്ന് പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. പ്രോസിക്യൂഷനും പ്രതിഭാഗവും ഹാജരാക്കിയ തെളിവുകള്‍ പരിശോധിച്ചതിന് ശേഷമാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വരുന്നതുവരെ പ്രതികളുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു.
അതിനിടെ മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് പൊലീസിനോട് കോടതി നിര്‍ദേശിച്ചത്. അതേസമയം ഫോര്‍ട്ട് കൊച്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മണിയന്‍പിള്ള രാജു നല്‍കിയ മൂന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തീര്‍പ്പാക്കി.
ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് മണിയന്‍പിള്ള രാജുവിനെതിരെ ചുമത്തിയത് എന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരായി ജാമ്യം തേടാമെന്ന് കോടതി അറിയിച്ചു. എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. കേസില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് രഞ്ജിത്തിനെതിരെ ചുമത്തിയത്.
അതേസമയം ചലച്ചിത്ര നയത്തിന്റെ കരട് തയ്യാറാക്കാനുള്ള സമിതിയില്‍നിന്ന് മുകേഷിനെ ഒഴിവാക്കിയിരുന്നു. മുകേഷിനെ സമിതിയില്‍നിന്ന് ഒഴിവാക്കണമെന്ന് സിപിഎം. നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് നടപടി.












Click it and Unblock the Notifications