കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെ തീരുമാനിച്ചാല്‍ കോടിക്കണക്കിന് രൂപ ചുമ്മാ വരും; സര്‍ക്കാരിന് പണമുണ്ടാക്കാനുള്ള വഴികള്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഏറ്റവും ബുദ്ധിമുട്ടുന്നത് ഫണ്ടില്ല എന്ന കാരണമാണ്. ഒട്ടേറെ പദ്ധതികള്‍ ഫണ്ടില്ലാത്തതിന്റെ പേരില്‍ നടക്കാതെ പോയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ സര്‍ക്കാരിന് ഫണ്ട് കണ്ടെത്താനുള്ള ചില വഴികള്‍ പരിചയപ്പെടുത്തുകയാണ് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. അന്തരാഷ്ട്ര തലത്തില്‍ നടപ്പാക്കി വിജയിച്ച പദ്ധതികളെ കുറിച്ചാണ് മുരളി തുമ്മാരുകുടി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.

kerala

കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങളും ആയി എന്തെങ്കിലും ആശയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സ്ഥിരമായി കിട്ടുന്ന മറുപടിയാണ് 'ഫണ്ടില്ല' എന്നുള്ളത്. ഇത് സത്യവുമാണ്. നികുതി കിട്ടുന്നത് കൂടുതലും ശമ്പളത്തിനും പെന്‍ഷനും മറ്റു ക്ഷേമപ്രവര്‍ത്തനത്തിനും ഒക്കെ ചിലവാക്കിക്കഴിഞ്ഞാല്‍ പിന്നെ പുതിയ കാര്യങ്ങള്‍ക്ക് ചിലവാക്കാന്‍ പണം അധികമില്ല. കടമോ കിഫ്ബിയോ ഒക്കെ ആകാമെന്ന് വച്ചാല്‍ അത് തിരിച്ചു കൊടുക്കണം, പോരാത്തതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച ചില പരിധികളും ഉണ്ട്.

സ്വകാര്യ സംരംഭങ്ങള്‍ ഒക്കെ ഓരോ പ്രസ്ഥാനം നടത്തി പണം ഉണ്ടാക്കാറുണ്ട്. ഉദാഹരണത്തിന് ഹോട്ടലോ ബസ് സര്‍വ്വീസോ ഒക്കെ (പഴയ കാര്യമാണ് പറയുന്നത്). പക്ഷെ സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ ഏറ്റെടുത്താല്‍ പൊതുവെ നഷ്ടത്തില്‍ എത്തുകയാണ് പതിവ്.

അല്ലെങ്കില്‍ തന്നെ സര്‍ക്കാര്‍ ഈ ഹോട്ടലും ട്രാന്‍സ്‌പോര്‍ട്ടും ഒന്നും നടത്തണം എന്ന് എനിക്ക് അഭിപ്രായം ഇല്ല. ഗവണ്‍മെന്റിന്റെ പണി ഭരണമാണ്, കച്ചവടം അല്ല. നയങ്ങള്‍ രൂപീകരിക്കുക, നിയമങ്ങള്‍ ഉണ്ടാക്കുക, അത് നടപ്പിലാക്കുക, ഇതൊക്കെ ആണ് ചെയ്യേണ്ടത്. നല്ല ഉദ്യോഗസ്ഥരെ സോപ്പ് കമ്പനി നടത്താന്‍ വിട്ടാല്‍ എങ്ങനെയാണ് ഭരണം നടത്തുന്നത് ?

അടിസ്ഥാന സൗകര്യ വികസനത്തിനായാലും ക്ഷേമ പ്രവര്‍ത്തനത്തിന് ആയാലും കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ആണെങ്കിലും സര്‍ക്കാരിനും പണം ഉണ്ടായേ പറ്റൂ. ലോകത്തെ അനവധി സര്‍ക്കാരുകള്‍ അനവധി രീതികളില്‍ എളുപ്പത്തില്‍ പണം ഉണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിന് സിംഗപ്പൂരില്‍ ഒരു കാറു വാങ്ങണമെങ്കില്‍ ആദ്യം തന്നെ കാറ് വാങ്ങാനുള്ള 'അവകാശം' വാങ്ങണം. ഇത് (Certificate of Eligibility) സര്‍ക്കാര്‍ ലേലം ചെയ്യുകയാണ്. ഓരോ മാസവും എത്ര CoE കൊടുക്കാം എന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നു. അതിന് കാറ് വാങ്ങണം എന്ന് ആഗ്രഹമുള്ള എല്ലാവരും അവരുടെ ബിഡ് കൊടുക്കുന്നു. അതനുസരിച്ച് CoE യുടെ വില തീരുമാനിക്കുന്നു. ചില മാസങ്ങളില്‍ ഒരു കാറിന്റെ വിലയിലും കൂടുതല്‍ വരും CoE യുടെ വില. വര്‍ഷത്തില്‍ പതിനായിരം കോടി രൂപയില്‍ അധികമാണ് സിംഗപ്പൂര്‍ സര്‍ക്കാരിന്റെ CoE വരുമാനം. അഞ്ചു പൈസ ചിലവില്ലാതെ കിട്ടുന്ന വരുമാനമാണ്.

കേരളത്തില്‍ എളുപ്പത്തില്‍ നടപ്പിലാക്കാവുന്നതാണ്. നമ്മള്‍ അല്പം സോഷ്യലിസ്റ്റ് ഒക്കെ ആയതിനാല്‍ ഒരു വീട്ടിലെ ആദ്യത്തെ കാറ് CoE ഇല്ലാതെ വാങ്ങാം എന്ന് വക്കാം. പക്ഷെ രണ്ടാമത്തെ കാറ് വാങ്ങാനുള്ള അവകാശം വിലക്ക് വാങ്ങണം എന്ന് തീരുമാനിച്ചാല്‍ കോടിക്കണക്കിന് രൂപ ചുമ്മാ വരും.

ലണ്ടന്‍ നഗരത്തില്‍ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടി തിരക്കുണ്ടായ കാലത്ത് ഇപ്പോഴത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണ്‍ ഒരു 'തിരക്ക് നികുതി' കൊണ്ട് വന്നു. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെ ലണ്ടന്‍ നഗരത്തിലേക്ക് പ്രവേശിക്കാന്‍ ഒരു പ്രത്യേക നികുതി കൊടുക്കണം(congestion tax) നടപ്പിലാക്കുന്നതിന് മുന്‍പ് ഏറെ എതിര്‍പ്പ് ഉണ്ടായെങ്കിലും അദ്ദേഹം പിന്‍വാങ്ങിയില്ല. ഇപ്പോള്‍ വര്‍ഷത്തില്‍ ആയിരത്തി ഇരുന്നൂറ് കോടി രൂപ ലണ്ടന്‍ നഗരത്തിന് കിട്ടുന്നു. വാഹനങ്ങള്‍ തിരക്കില്‍ കിടന്നു കളയുന്ന സമയത്തിന്റെയും ഇന്ധനത്തിനെയും ലാഭം അതിന്റെ പതിന്മടങ്ങ് എന്നാണ് കണക്ക്. നമ്മള്‍ ഇത് കണ്ടു പഠിച്ചാല്‍ എറണാകുളം നഗരത്തിനെങ്കിലും ഒരു പത്തമ്പത് കോടി രൂപ ചുളുവില്‍ ഉണ്ടാക്കാന്‍ പറ്റും, തിരക്കും കുറയും.

കേരളത്തില്‍ അയ്യായിരവും പതിനായിരവും ചതുരശ്ര അടി ഉള്ള വീടുകള്‍ ആളുകള്‍ ഉണ്ടാക്കുന്നുണ്ട്. അതിനെതിരെ നിയമം ഒന്നുമില്ല. നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ വില കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം അനുസരിച്ച് കൂട്ടുന്ന ഒരു സംവിധാനം ഉണ്ടാക്കാം. ഉദാഹരണത്തിന് ആയിരം ചതുരശ്ര അടിക്ക് മുകളില്‍ ഉള്ള വീടുകള്‍ക്ക് വാങ്ങുന്ന ഓരോ വസ്തുവിന്റെയും വിലയില്‍ ഓരോ അഞ്ഞൂറടിക്കും 20 ശതമാനം വരെ 'പൊങ്ങച്ച നികുതി' ഈടാക്കാം. പൊങ്ങച്ചം കൂടി വരുന്ന കാലമാണ്, നികുതിയും കൂടും.

യൂണിവേഴ്‌സിറ്റികളില്‍ ഉള്ള കെട്ടിടങ്ങള്‍ക്കും പ്രോഗ്രാമുകള്‍ക്കും ഒക്കെ വലിയ പണക്കാരുടെ പേരിട്ടു കാശു വാങ്ങുന്ന ഒരു പരിപാടി അമേരിക്കയിലും ഇംഗ്ലണ്ടിലും ഒക്കെയുണ്ട്. നമുക്കുള്ള ആയിരക്കണക്കിന് സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കൊക്കെ ആരുടെയെങ്കിലും പേരിടുന്ന ഒരു പരിപാടി തുടങ്ങാവുന്നതേ ഉള്ളൂ. എത്ര പൈസ മുടക്കാം എന്ന് ആ നാട്ടില്‍ ലേലത്തിന് വച്ചാല്‍ മതി. പൈസക്കും പൊങ്ങച്ചത്തിനും നാട്ടില്‍ ഒരു കുറവുമില്ല. വെറുതെ കിടക്കുന്ന കെട്ടിടത്തിനൊക്കെ ഒരു പേരാകും. സര്‍ക്കാരിന് കുറച്ചു കാശും.

കൊച്ചിയില്‍ മെട്രോ സ്റ്റേഷന്റെ പേരുകള്‍ ഒക്കെ ലേലം ചെയ്തു വിറ്റു മെട്രോ കാശുണ്ടാക്കുമ്പോള്‍ കേരളത്തിലെ കെ എസ് ആര്‍ ടി സി സ്റ്റോപ്പുകളുടെ ഒക്കെ പേര് വിറ്റ് കെ എസ് ആര്‍ ടി സിക്കും കുറച്ചു കാശുണ്ടാക്കി കൂടെ ? സ്വിറ്റസര്‍ലണ്ടില്‍ തുരു തുരെ പാലങ്ങള്‍ ആണ്, ചെറുതും വലുതുമായി അനവധി. മിക്കവാറും പാലങ്ങള്‍ക്ക് ഒരു പേരുണ്ട്. നമ്മുടെ നാട്ടില്‍ ഇതിന് ആ സ്ഥലത്തിന്റെ പേരോ നാട്ടുകാര്‍ കൊടുക്കുന്ന പേരോ ആണ്.

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ഉദാഹരണത്തിന് പെരുമ്പാവൂരില്‍ നിന്നും വെങ്ങോലക്ക് പോകുന്ന പി പി റോഡിലുള്ള ആദ്യത്തെ പാലത്തിനെ പേര് പാത്തിപ്പാലം എന്ന്. അതിന് എന്ത് അര്‍ത്ഥമാണ് ഉള്ളത്. ആ പാലത്തിന്റെ പേരൊക്കെ ഒന്ന് ലേലത്തിന് വച്ചാല്‍ നാട്ടില്‍ കാശുളളവര്‍ അവരുടെ അച്ഛനമ്മമാരുടെ പേരിലും കാശും പൊങ്ങച്ചവും ഉള്ളവര്‍ സ്വന്തം പേരിലും പേരുകള്‍ വാങ്ങും, വേണമെങ്കില്‍ ബോര്‍ഡിന്റെ ചിലവും വഹിക്കും. സര്‍ക്കാരിനാകട്ടെ പണം കിട്ടുന്നത് കൂടാതെ ഒരിക്കല്‍ ഉല്‍ഘാടനം ചെയ്ത പാലം വീണ്ടും ഉല്‍ഘാടനം ചെയ്യുകയും ആവാം.ഈ പേരൊക്കെ ലൈഫ് ടൈം വാങ്ങുകയോ വര്‍ഷത്തേക്ക് വാങ്ങുകയോ അഞ്ചു വര്‍ഷത്തേക്ക് വാങ്ങുകയോ ഒക്കെ ചെയ്യുന്ന പല സ്‌കീമുകള്‍ ഉണ്ടാക്കാം. പണമില്ലാത്തത് കൊണ്ട് ഒരു പദ്ധതിയും മുടങ്ങേണ്ട കാര്യമില്ല !

Recommended Video

cmsvideo
അവളെ ഞാൻ കൊല്ലുമെന്ന് സുഹൃത്തിന് അഭിഷേകിന്റെ മെസ്സേജ് | Oneindia Malayalam

English summary
Murali Tummarukudy's post goes viral, suggesting ways to increase government revenue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X