സിപിഎം എന്തിനാണ് ഇസ്ലാമിനെ അധിക്ഷേപിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിഎം സാദിഖലി
കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും വസ്ത്രധാരണവും സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. എംകെ മുനീര്‍ എംഎല്‍എ സര്‍ക്കാരിന്റെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി സങ്കല്‍പ്പത്തെ വിമര്‍ശിച്ച് രംഗത്തുവന്നതിന് മറുപടിയായി ഡിവൈഎഫ്‌ഐ പറഞ്ഞ കാര്യങ്ങള്‍ ഇസ്ലാമിനെതിരെയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎം സാദിഖലി പറയുന്നു. ഒരിക്കലും മുസ്ലിം ലീഗ് ഇടതുപക്ഷത്തിനൊപ്പം ചേരില്ലെന്നും വിഷ സര്‍പ്പങ്ങളെ ലീഗ് മടിയിലിരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്ലാമിക വിശ്വാസ ആചാരങ്ങളെ പരസ്യമായി കൂടുതല്‍ അധിക്ഷേപിച്ചിട്ടുള്ളത് സിപിഎമ്മും പോഷക സംഘടനകളുമാണ്. അത് മറച്ചുവച്ചാണ് സിപിഎം നേതാക്കള്‍ ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിക്കുന്നത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പൊള്ളത്തരങ്ങള്‍ ലീഗ് ചൂണ്ടിക്കാട്ടിയതിന് സിപിഎം എന്തിനാണ് ഇസ്ലാമിനെ അധിക്ഷേപിക്കുന്നത് എന്ന ചോദ്യവും സാദിഖലി ഉന്നയിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം....

വിഷ സര്‍പ്പങ്ങളെ
മുസ്ലിം ലീഗ് മടിയിലിരുത്തില്ല....
സി പി എമ്മും മുസ്ലിം ലീഗും ആശയപരമായി എന്നും രണ്ടു ധ്രുവങ്ങളിലാണ്.
ഇസ്ലാമിക വിശ്വാസാചാരങ്ങളെ പൊതു ഇടങ്ങളില്‍ ഏറ്റവും കൂടുതല്‍ അധിക്ഷേപിച്ചിട്ടുള്ളത് കേരളത്തില്‍ സി പി എമ്മും അതിന്റെ പോഷക സംഘടനകളുമാണ്.
അത് മറച്ചുവെച്ചാണ് ഇപ്പോള്‍ ജയരാജനും കൊടിയേരിയും മുസ്ലിം ലീഗിനെ എല്‍ ഡി എഫിലേക്ക് ക്ഷണിക്കുന്നത്.
കൊടിയ വിഷമുള്ള സര്‍പ്പങ്ങളെ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി മുസ്ലിം ലീഗ് ഒരിക്കലും മടിയിലിരുത്തി താലോലിക്കുമെന്ന് ആരും കരുതരുത്.
ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പൊള്ളത്തരങ്ങള്‍ മുസ്ലിം ലീഗ് ചൂണ്ടിക്കാണിച്ചതിന് സി പി എം എന്തിനാണ് ഇസ്ലാമിനെ അധിക്ഷേപിക്കുന്നത്.
ഇസ്ലാ ആറാം നൂറ്റാണ്ടിന്റെ പ്രാകൃത മതമെന്നാണ് ഡി വൈ എഫ് നേതാവ് പറയുന്നത്. ഇത് സി പി എമ്മിന്റെ ഇസ്ലാമിനെതിരെയുള്ള സ്ഥിരം പല്ലവിയാണ്.
സ്ത്രീക്കും പുരുഷനും ഇനി ഒരേ വസ്ത്രമെന്നതത്രെ പിണറായി സര്‍ക്കാരിന്റെ അടുത്ത പരിഷ്‌കാരം.
ഒരേ വസ്ത്രമെന്നത് എങ്ങിനെയാണ് പുരുഷന്റെ മാത്രം വസ്ത്രമാകുന്നത് .
പിണറായി വിജയന്‍ ഭാര്യയുടെ വേഷമണിഞ്ഞ് മാതൃക കാണിക്കുമോ എന്ന ചോദ്യം യുക്തിപരമാണ്. അതെങ്ങിനെയാണ് മുഖ്യമന്ത്രിയെ ആക്ഷേപിക്കലാകുന്നത്?
അങ്ങിനെ പറയുന്നവര്‍ വാസ്തവത്തില്‍ സ്ത്രീകളെയാണ് ആക്ഷേപിക്കുന്നത് ?
സ്ത്രീകളേടേത് മോശം വസ്ത്രവും പുരുഷന്മാരുടേത് നല്ലതുമെന്ന ചന്താഗതിയെ അല്ലേ പുരുഷ മേല്‍കോയ്മ എന്ന് പറയുന്നത്.
ഇഷ്ടമുള്ള വസ്ത്രം ആര്‍ക്കും ധരിക്കാം. പക്ഷെ അവരവരുടെ ഇഷ്ടങ്ങള്‍ പൊതു ഇടങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് എതിര്‍ക്കുവാനും ഈ നാട്ടില്‍ സ്വാതന്ത്ര്യമുണ്ട്.
യുക്തിസഹമല്ലാത്ത എല്ലാ പരിഷ്‌കാരങ്ങളേയും മുസ്ലിം ലീഗ് ശക്തമായി എതിര്‍ക്കുകയും പ്രതിരോധിക്കുകയും ചെയ്യും.
അതിന്റെ പേരില്‍ ഇസ്ലാമിനെ അധിക്ഷേപിക്കുന്നത് മുസ്ലിം ലീഗ് കയ്യും കെട്ടി നോക്കിയിരിക്കില്ല.
സംഘ് പരിവാര്‍ ഭീഷണികളെ ചെറുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയിലാണ് മുസ്ലിം ലീഗ് നിലനില്‍ക്കുന്നത്. എല്ലാ അഹന്തയും മാറ്റി വെച്ച് സി പി എമ്മിന് വേണമെങ്കില്‍ അതിന്റെ കൂടെ നില്‍ക്കാമെന്നല്ലാതെ മറിച്ചൊന്ന് സംഭവിക്കാന്‍ പോകുന്നില്ല...
പി.എം.സാദിഖലി












Click it and Unblock the Notifications