ഹരിത ഇനിയില്ല; ഫാത്തിമ തഹ്‌ലിയക്കെതിരെ നടപടി ഇങ്ങനെ... രണ്ട് അഭിപ്രായവുമായി ലീഗ് നേതാക്കള്‍
മലപ്പുറം: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിത ഇനി സജീവമാകില്ല. മരവിപ്പിച്ച നടപടി തുടരാന്‍ മുസ്ലിം ലീഗില്‍ ആലോചന. വനിത സംഘടനയായി വനിത ലീഗ് മാത്രം മതി എന്നാണ് പാര്‍ട്ടി തലത്തിലെ പൊതുവികാരം. ഈ വേളയില്‍ കൂടുതല്‍ വിവാദങ്ങളുണ്ടാകാതെ ചര്‍ച്ചകള്‍ ഇല്ലാതാക്കുകയാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ലക്ഷ്യം.
അതേസമയം, ഹരിത ഭാരവാഹികളെ പിന്തുണച്ച് വാര്‍ത്താ സമ്മേളനം നടത്തിയ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയക്കെതിരെ നടപടിയെടുക്കണം എന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. നടപടിയെടുത്ത് വലിയ വിവാദമാക്കേണ്ടെന്നും അഭിപ്രായമുണ്ട്. ഈ സാഹചര്യത്തില്‍ വരുന്ന സംഘടനാ തിരഞ്ഞെടുപ്പോടെ ഫാത്തിമ തഹ്‌ലിയക്ക് പ്രത്യേക പദവികള്‍ നല്‍കിയേക്കില്ലെന്നാണ് സൂചന. വിശദാംശങ്ങള്‍ ഇങ്ങനെ...

എംഎസ്എഫില്‍ നിലവിലുണ്ടായ വിവാദങ്ങള്‍ക്ക് കാരണം കഴിഞ്ഞ ജൂണില്‍ കോഴിക്കോട് നടന്ന യോഗമാണ്. യോഗത്തില്‍ വനിതാ നേതാക്കള്‍ക്കെതിരെ സംസ്ഥാന പ്രസിഡന്റ് പികെ നവാസ് മോശമായി സംസാരിച്ചുവെന്നും ലൈംഗികമായി അധിക്ഷേപിച്ചുവെന്നുമാണ് ഹരിത സംസ്ഥാന കമ്മിറ്റിയിലെ 10 നേതാക്കളുടെ പരാതി. പാര്‍ട്ടി നടപടിയെടുക്കാതെ വന്നപ്പോള്‍ ഇവര്‍ വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു.

വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. എന്നാല്‍ ഹരിത ഭാരവാഹികള്‍ തയ്യാറായില്ല. പാണക്കാട് കൊടപ്പനക്കല്‍ തറവാട്ട് വീട്ടില്‍ നടന്ന ചര്‍ച്ചയിലും അനുനയമാകാത്തതിനെ തുടര്‍ന്നാണ് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചത്. ഈ നിലപാടില്‍ മാറ്റം വരുത്തേണ്ടെന്ന് ലീഗ് നേതൃത്വം തീരുമാനിച്ചു.

ഇനി ഹരിത എന്ന സംഘടനയുണ്ടാകില്ലെന്ന് മുസ്ലിം ലീഗ് വൃത്തങ്ങള്‍ പറയുന്നു. ചിലരുടെ പ്രത്യേക താല്‍പ്പര്യത്തില്‍ രൂപം കൊണ്ട കൂട്ടായ്മയാണ് ഹരിതയെന്നും അതിന്റെ ആവശ്യമില്ലെന്നും വനിതകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വനിതാ ലീഗ് മതിയെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. അതുകൊണ്ടുതന്നെ ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച നടപടി തുടരും.

പികെ നവാസിനെതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ് ദേശീയ അധ്യക്ഷന്‍ ടിപി അഷ്‌റഫലി ഒപ്പിട്ട് നല്‍കിയ റിപ്പോര്‍ട്ട് മുസ്ലിം ലീഗ് നേതൃത്വം ഗൗരവത്തിലെടുത്തിട്ടില്ലെന്നാണ് വിവരം. നിലവില്‍ മാധ്യമശ്രദ്ധ കിട്ടിയതിനാല്‍ വിഷയത്തില്‍ കടുത്ത തീരുമാനം എടുക്കാന്‍ സാധ്യതയില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. പകരം പുതിയ സംഘടനാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ വിവാദത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രത്യേക പദവി നല്‍കാതിരിക്കാന്‍ നേതൃത്വം ശ്രദ്ധിക്കും.

ഫാത്തിമ തഹ്‌ലിയക്കെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. മുസ്ലിം ലീഗ് നേതൃത്വം എടുത്ത തീരുമാനങ്ങള്‍ ഖണ്ഡിച്ചുകൊണ്ട് മാധ്യമങ്ങളെ കണ്ടത് തെറ്റാണ് എന്ന് ഇവര്‍ പറയുന്നു. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞത് അച്ചടക്ക ലംഘനമായിട്ടാണ് വിലയിരുത്തുന്നത്. മറിച്ചുള്ള വാദവും മുസ്ലിം ലീഗില്‍ ശക്തമാണ്.
ഓണമാഘോഷിച്ച് നടി കീര്‍ത്തി സുരേഷ്; താരത്തിന്റെ അടിപൊളി ചിത്രങ്ങള്‍

ഈ വേളയില്‍ നടപടിയെടുത്താല്‍ മാധ്യമ ശ്രദ്ധ കിട്ടുമെന്ന് മുസ്ലിം ലീഗ് നേതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. നടപടിയെടുക്കേണ്ട, പകരം പുനഃസംഘടന വരുമ്പോള്‍ തഹ്‌ലിയ ഉള്‍പ്പെടെ വിവാദത്തിലേക്ക് നയിച്ചവരെ ഭാരവാഹിത്തത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയാല്‍ മതിയെന്നും ഇവര്‍ പറയുന്നു. അതിനിടെ പികെ നവാസിനെതിരെ വനിതാ കമ്മീഷനില്‍ ഹരിത നേതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് മൊഴിയെടുക്കല്‍ ആരംഭിച്ചു.

മൂന്ന് ഹരിത നേതാക്കളുടെയും ഫാത്തിമ തഹ്‌ലിയയുടെയും മൊഴിയെടുത്തു എന്നാണ് സൂചന. വെള്ളയില്‍ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. പോലീസ് ഇടപെടലിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് തികഞ്ഞ അച്ചടക്ക ലംഘനമാണ് എന്നാണ് മുസ്ലിം ലീഗ് നേതൃത്വം വിലയിരുത്തുന്നത്. നേതാക്കള്‍ പറഞ്ഞിട്ടും പരാതി പിന്‍വലിക്കാന്‍ ഹരിത ഭാരവാഹികള്‍ തയ്യാറാകാതിരുന്നത് പ്രവര്‍ത്തകര്‍ക്ക് യോജിച്ചതല്ല എന്നും ഇവര്‍ പറയുന്നു.












Click it and Unblock the Notifications