കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ് ബില്‍ സ്ത്രീവിരുദ്ധം: മുസ്‌ലിം ലീഗ്‌

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മുത്തലാക്ക് നിരോധനമെന്ന പേരില്‍ കേന്ദ്ര ഭരണകൂടം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ല് അപ്രായോഗികവും സ്ത്രീവിരുദ്ധവുമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി വിലയിരുത്തി. അനിവാര്യ ഘട്ടങ്ങളിലെ ത്വലാഖും മുത്വലാഖും ഒന്നാക്കാനും ക്രിമിനല്‍ നിയമത്തിലേക്ക് മാറ്റാനുമാണ് ശ്രമം. വിവാഹ മോചനത്തിന് ശേഷവും നിശ്ചിത കാലമെങ്കിലും സ്ത്രീ പുരുഷന്റെ സംരക്ഷണത്തിലാണ്. മുന്‍ ഭര്‍ത്താവിനെ ജയിലിലിടുമ്പോള്‍ ലക്ഷ്യം തന്നെ പാളിപ്പോകും. സിവില്‍ നിയമത്തെ ക്രിമിനല്‍ നിയമമാക്കുന്നതുള്‍പ്പെടെ മുന്‍ വിധിയോടെയുള്ള സമീപനം ദുഷ്ടലാക്കോടെയാണ്. ഇക്കാര്യത്തില്‍ ഈ മാസം ഡല്‍ഹിയില്‍ നടക്കുന്ന മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടേറിയറ്റ് വിശദമായ ചര്‍ച്ചകള്‍ നടത്തി മുന്നോട്ടു പോകുമെന്നും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും വക്താവുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഫാൻസ് വെട്ടുകിളികളുടെ മുഖംമൂടി വലിച്ച് കീറേണ്ട സമയം അതിക്രമിച്ചു! പാർവ്വതിക്ക് കയ്യടിച്ച് ചിന്മയി
ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ഫാഷിസ്റ്റ് വിരുദ്ധ ചേരിക്ക് രാജ്യത്ത് പുത്തനുണര്‍വ്വ് പകര്‍ന്നതായി മുസ്്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി വിലയിരുത്തി. കേന്ദ്ര സര്‍ക്കാറിന്റെ തലതിരിഞ്ഞ പരിഷ്‌കാരങ്ങളായ നോട്ടു നിരോധനവും ജി.എസ്.ടിയും ഉള്‍പ്പെടെ കര്‍ഷകരെയും ഇടത്തരം വ്യാപാരികളെയും വ്യവസായികളെയും പ്രതിസന്ധിയിലാക്കിയതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവാതിരിക്കാന്‍ വിലകുറഞ്ഞ പ്രചാരണ വേലയാണ് ബി.ജെ.പി പയറ്റിയത്.

leaghouse

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പ്രചാരണം നടത്തിയിട്ടും അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പോലും ബി.ജെ.പി തോറ്റു. 150 സീറ്റുകളിലേറെ നേടുമെന്ന അമിത്ഷായുടെ അവകാശ വാദം ഏഴു ജില്ലകളെ ബി.ജെ.പി മുക്തമാക്കുന്നതിലാണ് പരിണമിച്ചത്. ബി.എസ്.പി, എന്‍.സി.പി തുടങ്ങിയ കക്ഷികള്‍ കൂടി മതേതര പക്ഷത്ത് നിലയുറപ്പിച്ചിരുന്നെങ്കില്‍ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിക്കാനാവുമായിരുന്നു. സമീപ കാലത്ത് തെരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളില്‍ യോജിപ്പിനുള്ള ദൗത്യത്തില്‍ മുസ്്‌ലിംലീഗും പങ്കാളികളാവും. സംഘ്പരിവാറിനെതിരെ എല്ലാ മതേതര ജനാധിപത്യ കക്ഷികളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന മുസ്്‌ലിംലീഗ് നയം കൂടുതല്‍ പ്രസക്തമായതായും യോഗം വിലയിരുത്തി.

സാങ്കേതിക വിദ്യ ഇത്രയേറെ പുരോഗതി പ്രാപിച്ചിട്ടും ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് മുന്‍കൂട്ടി വിവരം നല്‍കാന്‍ കഴിയാത്തതിനെ കുറിച്ച് അന്വേഷണം നടത്തണം. വിവിധ ഏജന്‍സികള്‍ സംഭവത്തെ ഗൗരവത്തിലെടുത്തില്ലെന്ന ആക്ഷേപം ഗൗരവമേറിയതാണ്. വിവാദങ്ങള്‍ക്ക് അപ്പുറം കാണാതായവരെ കണ്ടെത്താനും മരിച്ചവരുടെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സത്വര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന കമ്മിറ്റി പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശ വാസികള്‍ക്ക് ഉള്ള ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നോട്ടീസുപോലും നല്‍കാതെ ഗെയില്‍ അധികൃതര്‍ കടന്നു കയറി നിര്‍മ്മാണം നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്. മതിയായ നഷ്ടപരിഹാരം ഉറപ്പാക്കിയും ജനങ്ങളെ വിശ്വാസത്തിലെടുത്തും മാത്രമെ ഗെയില്‍ ഉള്‍പ്പെടെ ഏതൊരു വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കാവൂ. ജനങ്ങളെ ദ്രോഹിച്ചും അടിച്ചൊതുക്കിയും പദ്ധതികള്‍ നടപ്പാക്കുമെന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

ഇസ്രാഈല്‍ തലസ്ഥാനമായി ജറൂസലേമിനെ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നിയമ വിരുദ്ധവും മനുഷ്യത്വ രഹിതവുമാണ്. രക്ഷാ സമിതിയില്‍ വീറ്റോ ചെയ്തിട്ടും ഭീഷണിപ്പെടുത്തിയിട്ടും യു.എന്‍ പൊതുസഭയില്‍ ലോക രാജ്യങ്ങള്‍ അമേരിക്കന്‍ ധാഷ്ട്യത്തെ തള്ളിക്കളഞ്ഞത് പ്രത്യാശയുളവാക്കുന്നതാണ്. പശ്ചിമേഷ്യയെ അശാന്തിയിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങള്‍ക്കെതിരെ നിലകൊള്ളുന്നതോടൊപ്പം പൊതുതുന്ന ഫലസ്തീനുള്ള ഐക്യദാര്‍ഢ്യം തുടരും.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നടപ്പാക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ബംഗ്ലാദേശിലേക്ക് വ്യാപിക്കും. ഇന്ത്യന്‍-ബംഗ്ലാദേശ് കോണ്‍സുലേറ്റുകളുമായി ബന്ധപ്പെട്ട് നടത്തിയ ശ്രമത്തിന്റെ ഭാഗമായി ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ ക്യാമ്പുകളില്‍ എത്തുന്നതിനും അവര്‍ക്കായി രൂപീകരിച്ച എക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കാനും മുസ്്‌ലിംലീഗിന് അനുമതി ലഭിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ തുടര്‍ന്നും പരമാവധി ചെയ്യും.

ഇന്ത്യന്‍ ഭരണഘടനയും സാമൂഹ്യനീതിയെന്ന ലക്ഷ്യവും അട്ടിമറിച്ച് സംവരണത്തില്‍ വെള്ളം ചേര്‍ക്കാനും നിയമനങ്ങളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുമുള്ള ശ്രമങ്ങള്‍ക്കെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് പിന്തുണ നല്‍കും. ജനുവരിയില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ പരിസമാപ്തി കൗണ്‍സില്‍ ചേര്‍ന്ന് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാനും പ്രവര്‍ത്തക സമിതി തീരുമാനിച്ചതായി നേതാക്കള്‍ പറഞ്ഞു.

യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ദേശീയ ആനുകാലിക വിഷയങ്ങളും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ദേശീയ തലത്തിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

English summary
Muthalaq bill is against ladies; Muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X