'തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വമ്പൻ ജയമെന്ന പ്രചാരണം തെറ്റ്'; വിമർശനവുമായി എംവി ഗോവിന്ദൻ
തിരുവനന്തപുരം: സിപിഎം പാർട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നൽകുന്ന വാർത്തകളെ വിമർശിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിക്കെതിരെ തെറ്റായ വാർത്തകൾ മാധ്യമങ്ങൾ നൽകിയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. കൊല്ലം ജില്ലാ സമ്മേളനത്തിൽ താൻ സംസാരിച്ചതിനെ പോലും തെറ്റായി വ്യാഖ്യാനിച്ച് വാർത്ത നൽകിയെന്നാണ് എംവി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചത്.
പാർട്ടിയെ മാധ്യമങ്ങൾ സഹായിക്കേണ്ടെന്നും പക്ഷെ സാമാന്യ മര്യാദയെങ്കിലും പാലിക്കണമെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. സിപിഎം കൊല്ലം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വാർത്തകളിൽ ശക്തമായ വിമർശനമാണ് പാർട്ടി സെക്രട്ടറി മാധ്യമങ്ങൾക്ക് എതിരെ ഉന്നയിക്കുന്നത്. തെറ്റായ വാർത്തകൾ ഇനിയങ്ങോട്ട് വരാനിരിക്കുന്ന സമ്മേളനങ്ങളിൽ സ്വീകരിക്കാൻ പോകുന്ന സമീപനത്തിന്റെ സൂചനയാണെന്നും അദ്ദേഹം ആരോപിച്ചു.

പാളയം ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികളിലും അദ്ദേഹം പ്രതികരണം അറിയിച്ചു. പാളയം ഏരിയ സമ്മേളനത്തിന് വേദി കേട്ടിയ സംഭവത്തിൽ വിഷയം കോടതിയുടെ പരിഗണനയിലാണ്. കോടതിയാണ് ഇനി തീരുമാനിക്കേണ്ടത്. റോഡുകൾ തടസപ്പെടുത്തുന്ന പരിപാടികൾക്ക് പാർട്ടി എതിരാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വമ്പൻ ജയം നേടിയെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിലും മാധ്യമങ്ങളെ എംവി ഗോവിന്ദൻ വിമർശിച്ചു. വ്യാപകമായ പ്രചാരവേലയാണ് മാധ്യമങ്ങള്‍ ഇക്കാര്യത്തിൽ സംഘടിപ്പിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് നില ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം വിമർശിച്ചത്.
യുഡിഎഫിന് 17 സീറ്റും എല്‍ഡിഎഫിന് 11 സീറ്റും ബിജെപിക്ക് മൂന്ന് സീറ്റുമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. അതില്‍ മൂന്ന് സീറ്റ് യുഡിഎഫ് അംഗങ്ങള്‍ മാറിയതിന്റെ ഫലമായി ഉപതിരഞ്ഞെടുപ്പ് നടന്ന ഇടങ്ങളാണ്. ആ മൂന്ന് സീറ്റുകൾ അവർ തിരിച്ചുപിടിച്ചതും എൽഡിഎഫിന്റെ അക്കൗണ്ടിലാണ് ചേർത്തത്. അത് തിരഞ്ഞെടുപ്പ് ഫലത്തെ പർവ്വതീകരിക്കാനുള്ള ശ്രമം ആയിരുന്നെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ തരംഗമാണ് തദ്ദേശ തിഞ്ഞെടുപ്പിന്റെ ഫലത്തില്‍ പ്രതിഫലിച്ചതെന്ന പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് പഞ്ചായത്തുകളിൽ ഭരണം നഷ്‌ടപ്പെട്ടതിനെ ഗൗരവമായി കാണുന്നു. ഇത് വിശദമായി പരിശോധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications