'ഒറ്റക്കാകില്ലെന്ന് ആന്റണി, കൂട്ടിനില്ലെന്ന് സതീശൻ';നയം മാറ്റാതെ കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് ജയരാജൻ
തിരുവനന്തപുരം; യോജിച്ച് നിൽക്കാൻ കഴിയാത്ത കോൺഗ്രസ്സ് മറ്റ് കക്ഷികളുമായി ചേർന്ന് ബിജെപിയെ എങ്ങിനെയാണ് നേരിടുകയെന്ന് സിപിഎം നേതാവ് എംവി ജയരാജൻ.
ഐഎൻടിയുസി പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടയിൽ 'ഒറ്റക്കാകില്ലെ'ന്നാണ് ആന്റണി നടത്തിയ പരാമർശം. പ്രതിപക്ഷനേതാവ് വി.ഡി. സതീശനാകട്ടെ, പരിപാടി ബഹിഷ്‌കരിച്ചാണ് താൻ കൂട്ടിനില്ലെന്ന് തെളിയിച്ചുകൊടുത്തത്.ദേശീയ നേതാവ് പങ്കെടുക്കുന്ന പരിപാടി പോലും ബഹിഷ്‌കരിക്കുന്ന സംസ്ഥാന നേതാവുള്ള ഒരു പാർട്ടി.നയം മാറാതെ കോൺഗ്രസ്സ് രക്ഷപ്പെടില്ലെന്നും ജയരാജൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കുറ്റപ്പെടുത്തി. പോസ്റ്റ് വായിക്കാം
ഐഎൻടിയുസി പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടയിൽ 'ഒറ്റക്കാകില്ലെ'ന്നാണ് ആന്റണി നടത്തിയ പരാമർശം. പ്രതിപക്ഷനേതാവ് വി.ഡി. സതീശനാകട്ടെ, പരിപാടി ബഹിഷ്‌കരിച്ചാണ് താൻ കൂട്ടിനില്ലെന്ന് തെളിയിച്ചുകൊടുത്തത്. ആന്റണിയുടെ പരാമർശം ബിജെപിയെ നേരിടാൻ കോൺഗ്രസ്സിന് ഒറ്റയ്ക്കാകില്ലെന്നാണ്. സതീശൻ പ്രയോഗത്തിലൂടെ തെളിയിച്ചതോ കോൺഗ്രസ്സിലെ നേതാക്കൾക്ക് ഒന്നിച്ചിരിക്കാൻ പോലുമാവില്ലെന്നും. യോജിച്ച് നിൽക്കാൻ കഴിയാത്ത കോൺഗ്രസ്സ് മറ്റ് കക്ഷികളുമായിചേർന്ന് ബിജെപിയെ എങ്ങിനെയാണ് നേരിടാനാവുക? നയം മാറാതെ കോൺഗ്രസ്സ് രക്ഷപ്പെടില്ല.
ബിജെപിയുടെ അതേ നയമാണ് വർഗീയത, സാമ്പത്തികരംഗം എന്നീ വിഷയങ്ങളിൽ കോൺഗ്രസ് സ്വീകരിക്കുന്നത്. ഹിന്ദുരാഷ്ട്രമാണ് മോഡിയുടെ ലക്ഷ്യമെങ്കിൽ ഹിന്ദുരാജ്യമാണ് രാഹുലിന്റേത്. പെട്രോൾ വിലനിർണ്ണയാധികാരം കോർപ്പറേറ്റുകളെ കോൺഗ്രസ്സ് ഏൽപിച്ചപ്പോൾ ഡീസലിന്റെ വിലനിർണ്ണയാധികാരം അതേ മാതൃകയിൽ ബിജെപിയും കോർപ്പറേറ്റുകളെ ഏൽപിച്ചു. ഗാർഹിക പാചക വാതക സബ്‌സിഡി ബാങ്കിൽ നൽകുമെന്ന് കോൺഗ്രസ് പറഞ്ഞത് ജനങ്ങളെ വഞ്ചിക്കാനായിരുന്നു. ബിജെപി സബ്‌സിഡി തന്നെ നിർത്തലാക്കി. കോൺഗ്രസ്സിന്റെ കാണിച്ച മാതൃകയാണ് ബിജെപി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
കോൺഗ്രസ്സിന്റെ സിരകളിൽ ഒഴുകുന്നത് ബിജെപി വിരോധത്തെക്കാൾ മാർക്‌സിസ്റ്റ് വിരോധമാണ്. ദേശീയ നേതാവ് പങ്കെടുക്കുന്ന പരിപാടി പോലും ബഹിഷ്‌കരിക്കുന്ന സംസ്ഥാന നേതാവുള്ള ഒരു പാർട്ടി! ഇല്ല കോൺഗ്രസ് ഒരിക്കലും നന്നാവില്ല!