ഊരുവിലക്കു പോലെ ഫേസ്ബുക്ക് വിലക്ക്, സച്ചിദാനന്ദനെ വിലക്കിയതിനെതിരെ എംവി ജയരാജൻ
കണ്ണൂർ: പ്രശസ്ത കവി സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തി സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘിച്ചു എന്ന് വ്യക്തമാക്കിയാണ് വിലക്ക് എന്ന് സച്ചിദാനന്ദൻ അറിയിച്ചു ഫേസ്ബുക്ക് വിലക്ക് ഊര് വിലക്ക് പോലെ ആണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പ്രതികരിച്ചു.
പ്രതികരണം വായിക്കാം: കവി സച്ചിദാനന്ദന് വിലക്കേർപ്പെടുത്തിയ ഫേസ്ബുക്ക് നടപടിയിൽ ശക്തിയായി പ്രതിഷേധിക്കുന്നു. ഊരുവിലക്കിന്റെ പുതിയ രൂപമെന്നോണമാണ് ഫേസ്ബുക്ക് വിലക്ക്. ഫേസ്ബുക്ക് പ്രദേശത്ത് ലൈവിൽ 30 ദിവസം വരാൻ പാടില്ലെന്നുൾപ്പടെയാണ് വിലക്ക് മാനദണ്ഡം. മോഡിക്കും അമിത് ഷായ്ക്കും എതിരായ പോസ്റ്റാണ് വിലക്കിനാധാരം എന്ന് ശ്രീ സച്ചിദാനന്ദൻ തന്നെ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ലോകത്തെ വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ വിമർശ്ശനങ്ങൾ പോലും ഉൾക്കൊള്ളാൻ കഴിയാത്തവിധം ജനാധിപത്യവ്യവസ്ഥ താഴ്‌ന്നുപോകാൻ അനുവദിച്ചുകൂടാത്തതാണ്.

ജനങ്ങളുടെ ആധിപത്യമല്ല, ഏകാധിപതികളുടെ ആധിപത്യമാണ് ഫലത്തിൽ അരങ്ങേറുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ജനദ്രോഹം പരമാവധിയാക്കി ഇന്ധനവില വർദ്ധിപ്പിക്കുന്നത് ഈ കോവിഡ് കാലത്തും മാറ്റമില്ലാതെ തുടരുമ്പോൾ കേന്ദ്രസർക്കാരിനെതിരെ വിമർശ്ശനം സ്വാഭാവികമല്ലേ..? ഓക്സിജൻ ലഭ്യതക്കുറവ് കാരണം ഈ കോവിഡ് കാലത്ത് ജീവനുകൾ പിടഞ്ഞ് തീരുമ്പോൾ കോടതിയുൾപ്പടെ മോഡിസർക്കാരിനെ വിമർശ്ശിക്കുമ്പോൾ നെറ്റിചുളിച്ചിട്ട് കാര്യമുണ്ടാകുമോ..? അതിനൊപ്പമാണോ ഫേസ്ബുക്ക് അധികാരികൾ നീങ്ങേണ്ടത്..!
സാമൂഹ്യമാധ്യമത്തിൽ സമൂഹത്തിന്റെ അഭിപ്രായം പാടില്ലെന്ന് വെയ്ക്കുമ്പോൾ, ആ മീഡിയായുടെ നട്ടെല്ല് തന്നെയാണ് തകരുന്നത്. ശരിയായ വിമർശ്ശനം ശരിയിലേക്കുള്ള ചുവടുവെയ്പ്പിന് പ്രധാനമാണെന്നെങ്കിലും ഫേസ്ബുക്ക് അധികാരികളും കേന്ദ്രസർക്കാരും തിരിച്ചറിയണം. കവി സച്ചിദാനന്ദന്റെ അഭിപ്രായങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ഫേസ്ബുക്ക് - കേന്ദ്രസർക്കാർ നടപടിക്കെതിരെ മുഴുവൻ ജനാധിപത്യവാദികളും പ്രതികരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു''.












Click it and Unblock the Notifications