നാദാപുരം പീഡനം; ക്ലീനറെ പ്രതിയാക്കാന്‍ ഫേസ്ബുക്കും
കോഴിക്കോട്: നാദാപുരം പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍വെച്ച് നാലരവയസുകാരി പീഡിനത്തിനിരയായെന്ന കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. കേസില്‍ പ്രതികളായ സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ ഒഴിവാക്കി ബസ് ക്ലീനറെ പ്രതിയാക്കാന്‍ ഗൂഢാലോചന നടക്കുന്നതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
കേസില്‍ പ്രതിയെന്ന പേരില്‍ അന്വേഷണസംഘം ആദ്യം കസ്റ്റഡിയിലെടുത്തത് സ്‌കൂള്‍ ബസ്സിലെ ക്ലീനര്‍ മുനീറിനെയായിരുന്നു. മുനീറിനെ മൂന്നാംമുറയ്ക്ക് വിധേയനാക്കി കുറ്റം സമ്മതിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, പെണ്‍കുട്ടി ചൂണ്ടിക്കാണിക്കാത്ത ബസ് ക്ലീനറെ പ്രതിയാക്കിയ പോലീസ് നടപടിയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ മുനീറിനെ വിട്ടയക്കുകയായിരുന്നു.

കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ മുനീര്‍ തന്നെയാണ് പ്രതിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പറയപ്പെടുന്നു. ഇതിന്റെ ഭാഗമായി മുനീറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തെന്ന രീതിയില്‍ ഫേസ്ബുക്കിലൂടെ ചിലര്‍ വ്യാപകമായ പ്രചരണം അഴിച്ചുവിട്ടിരിക്കുകയാണ്. മുനീറിനെ പ്രതിസ്ഥാനത്തു നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണം.
അന്വേഷണ സംഘത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെ സഹായിക്കുന്ന പോലീസുകാരനും ഉള്‍പ്പെട്ടതായി സംശയമുണ്ട്. അന്വേഷണ സംഘത്തിന്റെ കൈയ്യിലുണ്ടായിരുന്ന രേഖകള്‍ പ്രതിഭാഗത്തിന് ചോര്‍ത്തിയത് ഈ ഉദ്യോഗസ്ഥനാണെന്നാണ് സംശയം. മാനേജ്‌മെന്റ് കമ്മറ്റിയുമായി ഈ പോലീസുകാരന്‍ നിരന്തരം ഫോണ്‍ സമ്പര്‍ക്കം പുലര്‍ത്തുന്നതായും വിവരമുണ്ട്. അറസ്റ്റിലായ പ്രതികള്‍ മാനേജ്‌മെന്റിന് ഏറെ വേണ്ടപ്പെട്ടവരായതിനാലാണ് കേസ് അട്ടിമറിക്കാന്‍ ഇത്തരം നീക്കം നടക്കുന്നതെന്നാണ് നാട്ടുകാരില്‍ ചിലര്‍ ആരോപിക്കുന്നത്.












Click it and Unblock the Notifications