മോദി ഇന്ന് കേരളത്തില്‍: വൈകീട്ട് റോഡ് ഷോയും യുവം 2023 ഉം, വന്ദേഭാരത്, വാട്ടർ മെട്രോ ഉദ്ഘാടനം നാളെ
കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി വില്ലിങ്ഡൻ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തിൽ വൈകിട്ട് 5 നാണ് പ്രധാനമന്ത്രിയെത്തുക. ഇവിടെ നിന്നും 5.30നു തേവര ജംക്‌ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരം മെഗാ റോഡ്ഷോ നടത്തും. ഇതിന് ശേഷം 'യുവം 2023' പരിപാടിയിൽ പങ്കെടുക്കും...
7.45 ന് താമസിക്കുന്ന താജ് മലബാർ ഹോട്ടലിലേക്ക് മടങ്ങും. ഇവിടെ വെച്ച് ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. വന്ദേഭാരത് ട്രെയിനും കൊച്ചി വാട്ടർ മെട്രോയും ചൊവ്വാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും. ചൊവ്വാഴ്ച രാവിലെ 10.15ന തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 10.55ന് വന്ദേഭാരതിന്റെ ഫ്ലാഗ്‌ഓഫ് നിർവ്വഹിക്കും. ശേഷം 11ന് സെൻട്രൽ സ്റ്റേഡിയത്തിൽ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനവും നിർവഹിക്കും.

രാജ്യത്തെ ആദ്യ വാട്ടർ മെട്രോയാണ് കൊച്ചിയില്‍ നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങളും സമ്പർക്കസൗകര്യങ്ങളും ഒരുക്കി നഗരങ്ങളിലെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രഗവണ്മെന്റ് സ്വീകരിക്കുന്ന സമീപനത്തിന്റെ ഭാഗമാണു കൊച്ചി വാട്ടർ മെട്രോയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മെട്രോ ലൈറ്റ്, മെട്രോ നിയോ, റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം എന്നിങ്ങനെ പുതിയ കാലഘട്ടത്തിനാവശ്യമായ സമ്പർക്കസൗകര്യം ഉറപ്പാക്കുന്ന സംവിധാനങ്ങളുടെ ശ്രേണിയിലേക്കാണു കൊച്ചി വാട്ടർ മെട്രോയും എത്തുന്നത്.
പരമ്പരാഗത മെട്രോ സംവിധാനത്തിന്റെ സമാന അനുഭവം പ്രദാനം ചെയ്യുന്ന, സൗകര്യവും സുരക്ഷയും കൃത്യനിഷ്ഠയും വിശ്വാസ്യതയുമുള്ള, പരിസ്ഥിതി സൗഹൃദവും കുറഞ്ഞ ചെലവിലുള്ളതും ദ്രുതഗതിയിലുള്ളതുമായ ഗതാഗത സംവിധാനമാണ് മെട്രോ ലൈറ്റ്. തിരക്കേറിയ സമയങ്ങളിൽ തിരക്കേറിയ ദിശയിലേക്ക് 15,000 വരെ യാത്രക്കാരുള്ള ടയർ-2 നഗരങ്ങൾക്കും ചെറിയ നഗരങ്ങൾക്കും കുറഞ്ഞ ചെലവിലുള്ള യാത്രാപ്രതിവിധിയാണിത്.
പരമ്പരാഗത മെട്രോ സംവിധാനത്തിന്റെ 40% മാത്രമാകും മെട്രോ ലൈറ്റിനു ചെലവാകുക. ജമ്മു, ശ്രീനഗർ, ഗോരഖ്പൂർ തുടങ്ങിയ നഗരങ്ങളിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്യുന്നത്. റോഡ് സ്ലാബിൽ ഓവർഹെഡ് ട്രാക്ഷൻ സംവിധാനത്താൽ പ്രവർത്തിക്കുന്ന റബ്ബർ ടയർ ഇലക്ട്രിക് കോച്ചുകളാണ് മെട്രോ നിയോയിലുള്ളത്. മെട്രോ നിയോ ഇലക്ട്രിക് ബസ് ട്രോളിയോടു സാമ്യമുള്ളതാണ്. തിരക്കേറിയ സമയത്ത് തിരക്കേറിയ ദിശയിലേക്ക് 8000 യാത്രക്കാർക്കുവരെ പ്രയോജനപ്പെടുന്ന ഒന്നാണ് ഈ സംവിധാനം. സാധാരണ ഗേജ് ട്രാക്ക് ഇതിന് ആവശ്യമില്ല. മഹാരാഷ്ട്രയിലെ നാസിക്കിലാണ് മെട്രോ നിയോ ഒരുങ്ങുന്നത്.
ഹൈക്കോടതി-വൈപ്പിൻ ടെർമിനലുകൾ, വൈറ്റില-കാക്കനാട് ടെർമിനലുകൾ എന്നിവിടങ്ങളിൽനിന്നുള്ള ആദ്യഘട്ട സർവീസാണ് പ്രധാനമന്ത്രി 25ന് ഉദ്ഘാടനം ചെയ്യുന്നത്. 26 മുതൽ പൊതുജനങ്ങൾക്കായി സർവീസ് ആരംഭിക്കും. ഗതാഗതക്കുരുക്കിൽപ്പെടാതെ 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ എത്താനാകും. വൈറ്റിലയിൽ നിന്ന് വാട്ടർ മെട്രോയിലൂടെ 25 മിനിറ്റിനകം കാക്കനാടും എത്താം.
തുച്ഛമായ തുകയിൽ സുരക്ഷിത യാത്രയാണ് ശീതികരിച്ച ബോട്ടുകളിൽ യാത്രക്കാരെ കാത്തിരിക്കുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്ക് 20 രൂപ. സ്ഥിരം യാത്രികർക്കായി പ്രതിവാര, പ്രതിമാസ പാസ്സുകളും ഉണ്ട്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വൺ ആപ്പ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാം.
ടെർമിനലുകളും ബോട്ടുകളും ഭിന്നശേഷി സൗഹൃദമാണ്. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനുതകുന്ന ഫ്ലോട്ടിങ് പോണ്ടൂണുകൾ കൊച്ചി വാട്ടർ മെട്രോയുടെ പ്രത്യേകതയാണ്. വാട്ടർ മെട്രോ സർവീസിനായി ഉപയോഗിക്കുന്ന ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകൾ ഇതിനകം അന്താരാഷ്ട്രതലത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്. വൈദ്യുത ബോട്ടുകൾക്കായുള്ള രാജ്യാന്തര പുരസ്കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്സ് അവാർഡും കൊച്ചി വാട്ടർ മെട്രോ നേടിയിരുന്നു.












Click it and Unblock the Notifications