ദേശീയപാതാ വികസനത്തിനായി മലപ്പുറം കക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാന്റെ 20സെന്റ് സ്ഥലം നഷ്ടപ്പെടും, പ്രതിഷേധം വകവെക്കാതെ സര്‍വേ പൂര്‍ത്തിയാക്കി
മലപ്പുറം: ദേശീയപാതാ സ്ഥലമെടുപ്പിന്റെ ഭാഗമായി കക്കാട്, കൂരിയാട്, കൊളപ്പുറം ഭാഗങ്ങളില്‍ സര്‍വേ പൂര്‍ത്തിയാക്കി. കക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാന്റെ 20 സെന്റ് സ്ഥലം നഷ്ടപ്പെടും. ഖബര്‍സ്ഥാന്റെ ഇരുഭാഗങ്ങളിലായി അളന്ന് കല്ല് വെച്ച് അടയാളപ്പെടുത്തി. കക്കാട്ടെ തൃപുരാന്തക ക്ഷേത്രത്തിന്റെ 25 സെന്റോളം സ്ഥലവും അളന്നു അടയാളപ്പെടുത്തി. കക്കാട് പ്രദേശങ്ങളില്‍ സര്‍വ്വേക്ക് കുടുംബങ്ങള്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി.
മുന്‍ അലൈമെന്റില്‍ 8 വീടുകള്‍ മാത്രം നഷ്ടമാകുമായിരുന്നുള്ളൂ. പുതിയ അലൈമെന്റ പ്രകാരം 25 വീടുകളാണ് പൊളിച്ചുനീക്കേണ്ടിവരിക. തങ്ങളുടെ സ്ഥലത്ത് സര്‍വേ അടയാളപ്പെടുത്തുന്നത് വീട്ടുകാരെത്തി തടഞ്ഞു. ഇതോടെ പോലീസും ഡെപ്യുട്ടി കലക്ടറും ഇടപെട്ട് വീട്ടുകാരെ അനുനയിപ്പിക്കുകയായിരുന്നു. ആദ്യ അലൈമെന്റില്‍ വരുത്തിയ മാറ്റം സമ്പന്നരായ ചിലരെ സംരക്ഷിക്കാന്‍ മാത്രമുള്ളതാണെന്നും പ്രദേശവാസികള്‍ കുറ്റപ്പെടുത്തി.

പുതിയ അലൈമെന്റില്‍ സ്വന്തം കിടപ്പാടം നഷ്ടമാകുന്നതിനെപ്പറ്റി യാതൊരു മുന്നറിയിപ്പും അധികൃതര്‍ നല്‍കിയില്ലെന്നും കുടുംബങ്ങള്‍ പരാതിപ്പെട്ടു. മദ്രസ്സയും പള്ളി ശ്മശാനമടക്കം നിരവധി വീടുകളും കക്കാട് പ്രദേശങ്ങളില്‍ നടത്തിയ സര്‍വ്വെയില്‍ നഷ്ട്ടമാകും. ജനവാസകേന്ദ്രത്തിലൂടെ നടപ്പിലാക്കുന്ന വികസനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളിലേക്ക് ഇറങ്ങാനാണ് കുടുംബങ്ങളുടെ തീരുമാനം. കനത്ത പോലീസ് സന്നാഹത്തോടൊയാണ് വ്യാഴാഴ്ച സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയായത്.
അതേ സമയം ദേശീയപാത വീതി കൂട്ടുന്നതിന്റെ ഭാഗമായുള്ള പുതിയ അലൈന്‍മെന്റ് അനുസരിച്ച് കുറ്റിപ്പുറം സെന്റ് ജോസഫ്‌സ് ദേവാലയത്തിന്റെ പ്രധാന ഭാഗവും ഗ്രോട്ടോയും നഷ്ടപ്പെടുന്ന രീതിയിലുള്ള സ്ഥലമെടുക്കലില്‍ പ്രതിഷേധിച്ച് വിശ്വാസ സമൂഹം ദേവാലയ പരിസരത്ത് സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം ഇന്ന് രാവിലെ പത്തിന് താമരശേരി രൂപതാ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കുറ്റിപ്പുറം ടൗണില്‍ നിന്നും ദേശീയ പാത ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.രുപതാ ചാന്‍സലര്‍ ഫാ.എബ്രഹാം കാവില്‍ പുരയിടത്തില്‍, എ.കെ.സി.സി.രൂപതാ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍, വികാരി ഫാ.വിന്‍സന്റ് കറുകമാലില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ദേശീയപാതയ്ക്കായി സ്ഥലമെടുക്കുമ്പോള്‍ ആരാധനാലയങ്ങള്‍ സംരക്ഷിക്കുമെന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്. 2018 മാര്‍ച്ച് 14 ന് പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ നോട്ടിഫിക്കേഷനില്‍ പള്ളിയുടെ സ്ഥലം ഉള്‍പ്പെട്ടിരുന്നില്ല.എന്നാല്‍ മാര്‍ച്ച് 23ന് ലാന്‍ഡ് അക്വിസിഷന്‍ ടീം ദേശീയപാതയില്‍ ഹൈവേ വികസനത്തിനായി പുതിയ റോഡിന്റെ അതിര്‍ത്തി നിര്‍ണയിച്ചത് പളളിയുടെ പ്രധാന കെട്ടിടത്തിലാണ്. ഈ അലൈന്‍മെന്റ് അംഗീകരിച്ചാല്‍ ദേവാലയത്തിന്റെ പ്രധാന ഭാഗമായ മോണ്ടളവും പ്രധാന കെട്ടിടത്തിന്റെ രണ്ടു തൂണുകളും മാതാവിന്റെ രൂപം പ്രതിഷ്ഠിച്ച മനോഹരമായ ഗ്രോട്ടോയും നഷ്ടമാകും.
ഹൈവേ സ്ഥലമെടുപ്പ് നിലവിലുള്ള റോഡിന്റെ മധ്യത്തില്‍ നിന്നും രണ്ടുവശത്തേക്കും തുല്യ അളവില്‍ ഏറ്റെടുക്കണമെന്നാണ് സര്‍ക്കാര്‍ നയമെന്ന് അറിയിച്ചിരുന്നു.എന്നാല്‍ ഇവിടെ റോഡിന്റെ മധ്യത്തില്‍ നിന്നും 14 മീറ്റര്‍ മാറി പളളി മതിലിനോടു ചേര്‍ന്നാണ് മധ്യവര അടയാളപ്പെടുത്തിയിരിക്കുന്നത്.ഇതിന്റെ എതിര്‍വശം വീടുകള്‍ ഒന്നുമില്ലാത്ത തുറസ്സായ സ്ഥലവുമാണ്. ഇതാണ് വലിയ പ്രതിഷേധം ഉയര്‍ത്തുന്നത്.മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരാതികള്‍ നല്‍കിയിട്ടും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല.
നോക്കുകൂലിയെ കുറിച്ച് വാചാലരാകുന്പോള്‍ ഇതുകൂടി ഓര്‍ക്കണം... ചുമട്ടുതൊഴിലാളികള്‍ക്കും ഒരു ജീവിതമുണ്ട്












Click it and Unblock the Notifications