ബന്ധുനിയമന കുരുക്കില്‍ സര്‍ക്കാര്‍ വീണ്ടും; ഇക്കുറി കെഎസ്ആര്‍ടിസി; മന്ത്രി തെറിക്കുമോ???

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: അധികാരത്തിലെത്തി പത്ത് മാസം തികയുന്നതിന് മുമ്പ് തന്നെ വിവാദങ്ങളുടെ കാറ്റില്‍ ആടിയുലയുകയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍. ആ വിവാദക്കാറ്റില്‍ അധികാരത്തിന്റെ മധുവിധു പിന്നിടുന്നതിന് മുമ്പ് തന്നെ ഒരു മന്ത്രിയെ നഷ്ടപ്പെടുകയും ചെയ്തു. പാര്‍ട്ടിയെ വട്ടംകറക്കിയത് ബന്ധുനിയമനമായിരുന്നു. അതിന്റെ അനന്തരഫലമായാണ് ഇപി ജയരാജന് വ്യവസായ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതും. ഇതിന്റേ പേരിലുള്ള വിജിലന്‍സ് കേസ് അന്വേഷണത്തിലുമാണ്.

ബന്ധു നിയമനവിവദാത്തിന്റെ അലയൊലികള്‍ കെട്ടടങ്ങുന്നിതിന് മുമ്പാണ് അടുത്ത വിവാദം സര്‍ക്കാരിനെ തേടി എത്തിയിരിക്കുന്നത്. അതും ബന്ധുനിയമനം തന്നെ. ഇക്കുറി കെഎസ്ആര്‍ടിസിയില്‍ ബന്ധുനിയമനം നടന്നതായാണ് റിപ്പോര്‍ട്ട്. എന്‍സിപി നേതാവിന്റെ മകനാണ് കെഎസ്ആര്‍ടിസിയില്‍ നിയമനം നല്‍കിയിരിക്കുന്നത്. കെഎസ്ആര്‍ടിസി എംഡി രാജ്യമാണിക്യത്തിന്റെ അസാന്നിധ്യത്തില്‍ താല്‍ക്കാലിക സ്ഥാനം നല്‍കിയ ഉദ്യോഗസ്ഥനാണ് ഉത്തരവിറക്കിയിരിക്കുന്നത്.

എന്‍സിപി സെക്രട്ടറിയുടെ മകന്‍

എന്‍സിപി ദേശീയ സെക്രട്ടറിയായ പിടി പീതാംബരന്‍ മാസ്റ്ററുടെ പിടി സജിയെയാണ് നിയമിച്ചത്. പുതിയ സ്റ്റാന്‍ഡിംഗ് കൗണ്‍സലായാണ് നിയമനം. ഫെബ്രുവരി ആറിനായിരുന്നു ഉത്തരവിറക്കിയത്.

പേര് നിര്‍ദേശിച്ചത് പാര്‍ട്ടി സെല്‍

പാര്‍ട്ടിയുടെ ലീഗല്‍ സെല്ലാണ് മകന്റെ പേര് നിര്‍ദേശിച്ചതെന്ന് ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. 38 വര്‍ഷമായി ഹൈക്കോടതി അഭിഭാഷകനും പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനുമാണ് തന്റെ മകനെന്നും അതുകൊണ്ട് നിയമനത്തില്‍ തെറ്റില്ലെന്നുമാണ് ടിപി പീതാംബരന്റെ വാദം.

ബന്ധുനിയമനമല്ല

നിയമനത്തെ അനുകൂലിച്ച് ഗതാഗതമന്ത്രി എകെ ശശീന്ദ്രനും രംഗത്തെത്തി. നിയമനത്തില്‍ തെറ്റില്ലെന്നും ഇത് ബന്ധു നിയമനമല്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇപി ജയരാജന്റെ വിവാദം

സഹോദരിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എംഡിയായി നിയമിച്ചതിനേത്തുടര്‍ന്നുണ്ടായ വിവാദമാണ് ഇപി ജയരാജന് മന്ത്രിക്കസേര നഷ്ടമാക്കിയത്. പാര്‍ട്ടിക്കും ഇത് തിരിച്ചടിയായി. പാര്‍ട്ടിയുടെ കണ്ണൂര്‍ എംപി കൂടിയായ പികെ ശ്രീമതിയാണ് ഇപി ജയരാജന്റെ സഹോദരി.

എംഎം മണിയുടെ വിവാദം

ഇപി ജയരാജന് പകരക്കാരനായി മന്ത്രി സഭയിലെത്തിയത് ഇടക്കി ഉടുമ്പുഞ്ചോല എംഎല്‍എ എംഎം മണിയാണ്. ബന്ധുനിയമനമല്ലെങ്കിലും എംഎം മണിയും വിവാദങ്ങള്‍ക്ക് അതീതനായിരുന്നില്ല. അഞ്ചേരി ബേബി വധക്കേസില്‍ പ്രതിയാണ് അദ്ദേഹം.

മേഴ്‌സിക്കുട്ടിയമ്മയുടെ ബന്ധു നിയമനം

എംഎം മണിക്ക് പിന്നാലെ വീണ്ടും ബന്ധുനിയമന വിവാദമുയര്‍ന്നു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെയായിരുന്നു ആരോപണം. ക്യാഷു കോര്‍പ്പറേഷന് എംഡി ടിഎഫ് സേവ്യര്‍, മത്സ്യഫെഡ് എംഡി എ ലോറന്‍സ് എന്നിവര്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ബന്ധുക്കളായിരുന്നെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് മേഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തിയിരുന്നു.

തോട്ടണ്ടിയിലെ അഴിമതിക്കറ

ബന്ധു നിയമന വിവാധത്തിന് പിന്നാലെ എത്തിയ അഴിമതി ആരോപണത്തിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണ് ജെ മേഴ്‌സിക്കുട്ടിയമ്മ. കശുവണ്ടി കോര്‍പ്പറേഷനിലും കാപെക്‌സിലും തോട്ടണ്ടി ഇറക്കുമതി ചെയ്തതുവഴി 6.87 കോടി രൂപയുടെ അഴിമതി നടന്നതായിട്ടായിരുന്നു ആരോപണം.

ഇനിയെന്ത് നടപടി?

ബന്ധു നിയമനം തുടര്‍ക്കഥയായി സര്‍ക്കാരിനെ വെട്ടിലാക്കുകയാണ്. ഇപി ജയരാജനെതിരായ കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കയാണ്. ഇതിനൊപ്പം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളും അന്വേഷിക്കാന്‍ ഉത്തരവിട്ടായിരുന്നു അന്ന് മുഖ്യമന്ത്രി സര്‍ക്കാരിന്റെ മുഖം രക്ഷിച്ചത്. ഇക്കുറി ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യാനാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.

English summary
Nepotism reported in KSRTC. NCP leader's son appointed in KSRTC on February 6. Minister reject the allegation.
Please Wait while comments are loading...