കിഴക്കമ്പലം പഞ്ചായത്തുകാർ വീട് പൊളിച്ചു, 77കാരി ഏലിയാമ്മയ്ക്ക് വീട് വെച്ച് നൽകുമെന്ന് എംഎൽഎ
കൊച്ചി: കിഴക്കമ്പലം പഞ്ചായത്തിലെ ഏലിയാമ്മ എന്ന 77കാരിക്ക് വീട് വെച്ച് കൊടുക്കുമെന്ന് പിവി ശ്രീനിജന്‍ എംഎല്‍എ. ഏലിയാമ്മയുടെ വീട് പൊളിച്ച സംഭവത്തില്‍ കിഴക്കമ്പലം പഞ്ചായത്ത് അധികൃതര്‍ക്ക് എതിരെ തടിയിട്ടപറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്. വീട് പൊളിച്ചതിനെ തുടര്‍ന്ന് ഏലിയാമ്മ പറമ്പില്‍ ഒറ്റയാള്‍ സമരം ചെയ്യുകയായിരുന്നു. ഇവരെ താല്‍ക്കാലികമായി മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു.

പിവി ശ്രീനിജൻ എംഎൽഎയുടെ പ്രതികരണം: ' കിഴക്കമ്പലം പഞ്ചായത്തിൽ കാരുകുളം വാർഡിൽ താമസിക്കുന്ന 77 വയസ്സുള്ള ഏലിയാമ്മ എന്ന അമ്മ രാവിലെ മുതൽ ഒരു പറമ്പിലിരുന്ന് ഒറ്റയാൾ സമരം ചെയ്യുന്നു എന്ന് കേട്ടിട്ടാണ് ഞാൻ അവിടെ ചെന്നത്. അമ്മയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അവർ പറഞ്ഞതനുസരിച്ച്, 4 വർഷം മുൻപ് കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന പ്രാദേശിക പാർട്ടിയുടെ വാർഡ് പ്രസിഡന്റും മെമ്പറും ഉൾപ്പെടെയുള്ളവർ റോഡിന് വീതി കൂട്ടുന്നതിനുവേണ്ടി സ്ഥലം ചോദിക്കുകയും വീട്ടിൽ ആളില്ലാത്തപ്പോൾ വീട് പൊളിച്ചു കളയുകയും ചെയ്തു. പിന്നീട് പുതിയ വീട് പണിതു നൽകാമെന്ന് വാഗ്ദാനം നൽകി എങ്കിലും നാളിതുവരെ അവർ അത് നിർമിച്ചു നൽകിയില്ല.
Recommended Video
പല സ്ഥലങ്ങളിലായി താമസിച്ചു പോന്നിരുന്ന ഈ അമ്മ വീടിനായി സമീപിച്ചപ്പോൾ പഞ്ചായത്ത് ഭരിക്കുന്ന പ്രാദേശിക പാർട്ടി നേതാക്കൾ അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഈ സാഹചര്യത്തിൽ ആണ് രാവിലെ മുതൽ സ്വന്തം പറമ്പിൽ സമരം തുടങ്ങിയത്. തടിയിട്ടപറമ്പ് പോലീസ് സ്ഥലത്തെത്തി അമ്മയുടെ പരാതിയിന്മേൽ കേസെടുത്തു. താൽകാലികമായി അമ്മയെ മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. സ്ഥലത്തെ പൊതുപ്രവർത്തകരുടെ സഹകരണത്തോടെ ഈ അമ്മക്ക് പുതിയ വീട് വച്ച് കൊടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതാണ്'.












Click it and Unblock the Notifications