'പുതിയ അധ്യക്ഷന്' സ്ഥാനമൊഴിയുന്ന അഭിജിത്തിനേക്കാള്‍ പ്രായം: കെഎസ്യുവില് പൊട്ടിത്തെറി
തിരുവനന്തപുരം: കെ എസ് യുവില്‍ പുനഃസംഘടന നടത്തണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. നിലവിലെ അധ്യക്ഷനായിരുന്ന കെ എം അഭിജിത്ത് തന്നെ പുനഃസംഘടനയ്ക്ക് വേണ്ടി ശക്തമായ ഇടപെടല്‍ നടത്തിയെങ്കിലും പുതിയ അധ്യക്ഷനെ സംബന്ധിച്ച തർക്കങ്ങളെ തുടർന്ന് തീരുമാനം നീണ്ടുപോവുകയായിരുന്നു.
ഇതോടെ കെഎം അഭിജിത്ത് സ്വമേധായ സ്ഥാനം ഒഴിയുകയും ചെയ്തു. അഭിജിത്തിന് പകരക്കാരനായി നേതൃത്വം കാണുന്ന അലോഷ്യസിനോട് കടുത്ത എതിർപ്പാണ് സംഘടനയിലെ ഒരു വിഭാഗത്തിനുള്ളത്. പ്രായപരിധി കഴിഞ്ഞു എന്നുള്ളതാണ് അലോഷ്യസിനെ എതിർക്കുന്നവർ ഉയർത്തിക്കാട്ടുന്ന പ്രധാന കാരണം.

സ്ഥാനമൊഴിഞ്ഞ കെഎം അഭിജിത്തിനേക്കാള്‍ പ്രായമുള്ള അലോഷ്യസിനെ സംസ്ഥാന പ്രസിഡന്റാക്കുന്നത് സംഘടനയെ ദുർബലമാക്കുമെന്നും എതിർപ്പുന്നയിക്കുന്നവർ വാദിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തേയും മുന്‍ ഭാരവാഹികളേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നിലവില്‍ എറണാകുളം ജില്ലാ പ്രസിഡന്‍റായി പ്രവർത്തിച്ചു വരികയാണ് അലോഷ്യസ് സേവിയർ.

കാലങ്ങളായി എ ഗ്രൂപ്പില്‍ നിന്നുള്ള വിദ്യാർത്ഥി നേതാക്കളാണ് കെ എസ് യു സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തുന്നത്. ഇത്തവണയും ആ രീതിക്ക് മാറ്റമൊന്നും ഉണ്ടാവില്ല. എ ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന നേതാവാണ് അലോഷ്യസ് സേവിയർ എന്നതും അദ്ദേഹത്തിന് അനുകൂല ഘടമമായി. എ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയുടെ നിർദേശവും അലോഷ്യസിനെ പ്രസിഡന്റാക്കണമെന്നാണ്.

എറണാകുളം ജില്ലയില്‍ നിന്ന് തന്നെയുള്ള അലോഷ്യസിനെ പ്രസിഡന്റാക്കുന്നതില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കൂടെ ശക്തമായ പിന്തുണയുണ്ടെന്നതും ഇദ്ദേഹത്തിന്റെ സാധ്യത വർധിപ്പിച്ചു. ഉമ്മന്‍ചാണ്ടിയും വിഡി സതീശനും പിന്തുണച്ചതോടെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും എതിർപ്പുകള്‍ ഉയർത്തിയില്ല.

എന്നാല്‍ സ്ഥാനമൊഴിയുന്ന നോതാക്കള്‍ പ്രായപരിധി കഴിഞ്ഞയാളെ അധ്യക്ഷനാക്കുന്നതില്‍ വലിയ എതിർപ്പാണ് ഉന്നയിക്കുന്നത്. കാമ്പസുകളിൽ കെ എസ് യു.വിന് സ്വീകാര്യതയേറിവരുന്ന സമയാണ് ഇത്. പല കാമ്പസുകളിലും സംഘടനയ്ക്ക് എതിരില്ലാ വിജയവും കൂടുതല്‍ പേർ സംഘടനകളിലേക്ക് വരികയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ പ്രായപരിധി കഴിഞ്ഞയാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത് ദോഷം ചെയ്യുമെന്നും അലോഷ്യസിനെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.

പുതുതലമുറയ്ക്ക് സംഘടനയുടെ നേതൃത്വത്തിലേക്ക് വരാനുള്ള അവസരം വേണം. പുനഃസംഘടന നീണ്ടുപോയതുമൂലം മൂന്നു തലമുറയ്ക്ക് നേതൃത്വത്തിൽ എത്താനുള്ള അവസരമാണ് നഷ്ടമായത്. പ്രായപരിധി മാനദണ്ഡമാക്കാതെ പ്രസിഡന്റിനെ തിരഞ്ഞെടുത്താൽ സ്ഥാനമൊഴിഞ്ഞവർക്ക് മുഴുവൻ വീണ്ടും ഭാരവാഹിത്വം നൽകേണ്ടിവരുമെന്നും ഇവർ വ്യക്തമാക്കുന്നു.

പ്രായപരിധി കഴിഞ്ഞയാളെ പ്രസിഡന്റാക്കാനാണെങ്കില്‍ എന്തിനാണ് പുനഃസംഘടനയെന്നും ഇവർ ചോദിക്കുന്നു. ഭാരവാഹിയാകാന്‍ യോഗ്യരായ നിരവധി ആളുകള്‍ സംഘടനയുണ്ട്. ഇവരെയെല്ലാം അവഗണിച്ചുകൊണ്ട് സ്വന്തം ഇഷ്ടക്കാരെ കെട്ടിയിറക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇത് സാധ്യമല്ല, 1994 ജനുവരി ഒന്നിനുശേഷം ജനിച്ചവർ ഭാരവാഹികളാകണമെന്ന തീരുമാനം കർശനമായി നടപ്പിലാക്കണമെന്നും സ്ഥാനൊഴിഞ്ഞ നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

സ്വദേശം ഇടുക്കിയാണെങ്കിലും എറണാകുളം ജില്ല കേന്ദ്രീകരിച്ചാണ് അലോഷ്യസ് പ്രവർത്തിച്ച് വരുന്നത്. തേവര എസ് എച്ച് കോളേജിലെ മുന്‍ യൂണിയന്‍ ചെയര്‍മാനായിരുന്നു ഇദ്ദേഹത്തിന് നിലവില്‍ 29 വയസ്സ് കഴിഞ്ഞു. സേവ്യറിന് വേണ്ടി പ്രായപരിധി ഉയർത്താന്‍ നേതാക്കള്‍ക്കിടയില്‍ സംസ്ഥാന നേതാക്കളില്‍ ഒരു വിഭാഗം നീക്കം നടത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ എന്‍ എസ് യു നേതൃത്വമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി മുഹമ്മദ് ഷമ്മാസിന്‍റെയും വയനാട് ജില്ലാ പ്രസിഡന്‍റ് അമല്‍ ജോയിയുടെയും പേരുകളാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റ് രണ്ട് പേരുകള്‍. ഇവർക്ക് പ്രായപരിധിയുടെ തടസ്സമില്ല. അതേസമയം, വൈസ് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ ഗ്രൂപ്പുകള്‍ വീതം വയ്ക്കും. നിലവില്‍ 11 ജില്ലാ പ്രസിഡന്‍റുമാര്‍ എ ഗ്രൂപ്പുകാരാണ്. എന്നാല്‍ ഇത്തവണ ഇവയില്‍ ചിലത് എ ഗ്രൂപ്പ് കൈവിട്ടേക്കുമെന്നാണ് സൂചന.












Click it and Unblock the Notifications