പുതുവത്സരം ഗംഭീരമാക്കാന്‍ കൊച്ചി മെട്രോയും; ടിക്കറ്റ് നിരക്കലും ഇളവ്...പിന്നേയും ഉണ്ട് ഓഫര്‍
പുതുവത്സരത്തിൽ പങ്കുചേർന്ന് കൊച്ചി മെട്രോ. പുതുവത്സരം പ്രമാണിച്ച് സർവീസ് സമയം നീട്ടിയിരിക്കുകയാണ് കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പുതുവത്സരത്തെ വരവേൽക്കാൻനുള്ള എല്ലാ ഒരുക്കങ്ങളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു.
പുതുവർഷം പിറക്കുന്നത് രാത്രി 12 മണിക്ക് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാർക്കായി മെട്രോ സർവീസ് നീട്ടിയിരിക്കുകയാണ്. 2023 ജനുവരി 1ന് അർധരാത്രി 1.00 മണി വരെ മെട്രോ സർവീസ് ഉണ്ടാകും. സർവീസ് നീട്ടി നൽകുക മാത്രമല്ല, രാത്രിയുള്ള സർവീസിന് പകുതി നിരക്ക് മാത്രമേ മെട്രോ ഈടാക്കുന്നുള്ളു. മഡിസംബർ 31 രാത്രി 9 മണി മുതൽ ജനുവരി 1 അർധരാത്രി 1.00 മണി വരെ ടിക്കറ്ര് നിരക്കിൽ 50% ന്റെ കിഴിവാണ് മെട്രോ വാഗ്ദാനം ചെയ്തിരിക്കുന്നത്.

അതേസമയം, പുതുവത്സരാഘോഷത്തിൻറെ മറവിൽ കൊച്ചിയിൽ രാസ ലഹരി ഉൾപ്പടെയുള്ള മയക്കുമരുന്നുകളുടെ വിപണനവും, ഉപയോഗവും നടക്കുന്നത് തടയാനും ക്രമസമാധാനം ഉപ്പാക്കാനും മുൻകരുതലുമായി സിറ്റി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. ആഘോഷങ്ങൾ നടക്കുന്ന ഹോട്ടലുകളുടെയും ലോഡ്‌ജുകളുടെയും ലിസ്റ്റ് തയ്യാറാക്കി ലഹരി ഉപയോഗം അനുവദിക്കരുതെന്ന് സംഘാടകർക്ക് നോട്ടീസ് നൽകും. ലഹരി ഉപയോഗം കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
പുതുവത്സരാഘോഷത്തിൻറെ ഭാഗമായി കൊച്ചിയിൽ സുരക്ഷയുറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നതും, ജനങ്ങളെ ശല്യം ചെയ്യുന്നത് തടയുന്നതിനുമാണ് പ്രഥമ പരിഗണന നൽകുന്നത്. പുതുവത്സരാഘോഷവും, ഡിജെ പാർട്ടികളും നടക്കുന്ന ഹോട്ടലുകളിലും ലോഡ്‌ജുകളിലും മഫ്‌തിയിലുള്ള പൊലീസുകാർ മിന്നൽ പരിശോധന നടത്തും.
കാർണിവൽ നടക്കുന്ന ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലകളിലേക്കുള്ള വാഹനങ്ങൾ പരിശോധിച്ച ശേഷം മാത്രമേ കടത്തിവിടുകയുള്ളൂവെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. പുതുവത്സരാഘോഷങ്ങൾക്ക് 12 മണി വരെയാണ് സമയ പരിധി നിശ്ചയിച്ചത്. ഇതിനു ശേഷം എല്ലാവരും വീട്ടിലേക്ക് മടങ്ങണം എന്നുമാണ് പറഞ്ഞിരിക്കുന്നത്.
ഇത് കാർണിവൽ ഉൾപ്പടെ എല്ലാത്തിനും ബാധകമാണ്. യൂണിഫോമിൽ കാണുന്നതിൻറെ രണ്ടിരട്ടിയിൽ മഫ്‌തി പൊലീസിനെ കൊച്ചി നഗര പരിധിയിൽ വിന്യസിക്കുമെന്നും സിഎച്ച് നാഗരാജു അറിയിച്ചു.
പുതുവത്സരാഘോഷവേളയിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഷോപ്പിങ് കേന്ദ്രങ്ങൾ, മാളുകൾ, പ്രധാന തെരുവുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻറ്, വിമാനത്താവളം എന്നിവിടങ്ങളിൽ പോലീസ് പട്രോളിങും നിരീക്ഷണവും ശക്തമാക്കും.
ആഘോഷങ്ങളോടനുബന്ധിച്ച് അയൽസംസ്ഥാനങ്ങളിൽ നിന്ന് സ്പിരിറ്റ് കടത്താനുള്ള സാധ്യത കണക്കിലെടുത്ത് വാഹനപരിശോധന കർശനമാക്കും. ആഘോഷവേളകളിൽ മയക്കുമരുന്ന് ഉപയോഗിക്കാൻ സാധ്യതയുള്ളതിനാൽ അതിനെതിരെ ജാഗ്രത പുലർത്താനും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications