നെയ്യാറ്റിന്‍കര ദമ്പതികളുടെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി, റൂറല്‍ എസ്പി അന്വേഷിക്കും
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരുമായുള്ള വാക്കേറ്റത്തിനിടെ ദമ്പതികള്‍ തീ കൊളുത്തി മരിച്ച സംഭവം അന്വേഷിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. റൂറല്‍ എസ്പി അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ അറിയിച്ചു. ഭൂമി ഒഴിപ്പിക്കാന്‍ മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പാക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. ദമ്പതികളോട് പോലീസ് മോശമായി പെരുമാറിയോ എന്നും അന്വേഷിക്കും. ദേഹത്ത് പെട്രോളൊഴിച്ച് രാജന്‍ ലൈറ്റര്‍ കത്തിച്ചപ്പോള്‍ തട്ടിമാറ്റാന്‍ പോലീസ് ശ്രമിച്ചിരുന്നു. ഇതിനിടെയാണ് തീ പാളിയതെന്ന് പറയപ്പെടുന്നു. ഒരു പോലീസുകാരനും പൊള്ളലേറ്റിട്ടുണ്ട്.

നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയിലാണ് രാജനും അമ്പിളിയും രണ്ടു ആണ്‍മക്കളും താമസിച്ചിരുന്നത്. രാജന്‍ ഭൂമി കൈയ്യേറി എന്നാരോപിച്ച് അയല്‍വാസി മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. രാജനെതിരായിരുന്നു കോടതി വിധി. കുടുംബത്തെ ഒഴിപ്പിക്കാന്‍ പലവിധ ശ്രമങ്ങള്‍ നടന്നു. രാജന്‍ ചെറുത്തു. ഒടുവില്‍ പോലീസുകാരും മറ്റും എത്തിയത് ഈ മാസം 22നാണ്. ഈ വേളയിലാണ് അനിഷ്ട സംഭവമുണ്ടായത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് രാജന്‍ മരിച്ചത്. 70 ശതമാനം പൊള്ളലേറ്റിരുന്ന ഭാര്യ അമ്പിളി വൈകീട്ട് മരിച്ചു. അയല്‍വാസിക്കും പോലീസിനുമെതിരെ നടപടി സ്വീകരിക്കണമെന്ന് മക്കള്‍ ആവശ്യപ്പെട്ടു. ചോറ് കഴിക്കാന്‍ ഇരിക്കവെയാണ് രാജന്റെ വീട്ടില്‍ പോലീസ് ഒഴിപ്പിക്കാനെത്തിയത്. ബലമായി ഇറക്കാനായിരുന്നു പോലീസ് നീക്കം. പോലീസുകാര്‍ ലൈറ്റര്‍ തട്ടിയത് കൊണ്ടാണ് അപകടം സംഭവിച്ചതെന്ന് മക്കള്‍ പറയുന്നു.












Click it and Unblock the Notifications