നിഖില്‍ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ്: രണ്ടാം പ്രതി അബിന്‍ സി രാജ് പൊലീസ് പിടിയില്‍
കൊച്ചി: ആലപ്പുഴയിലെ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസിലെ രണ്ടാം പ്രതി അബിന്‍ സി രാജും പിടിയില്‍. വിദേശത്തായിരുന്ന പ്രതിയെ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ് എഫ് ഐ മുൻ ഏരിയ പ്രസിഡൻ്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ അബിനാണ് നിഖില്‍ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ തന്നെ സഹായിച്ചത് അബിന്‍ സി രാജാണെന്ന് നിഖില്‍ തോമസ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് മാലിദ്വീപില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പൊലീസ് നിർബന്ധിച്ച് നാട്ടിലെത്തിച്ചത്. കുടുംബം ഇടപെട്ട് അബിനെ നാട്ടിലെത്തിക്കാമെന്ന് പൊലീസിനെ അറിയിച്ചിരുന്നു. മാലി ദ്വീപില്‍ നിന്നും ചെന്നൈയിലേക്ക് വിമാനം കയറിയ പ്രതി അവിടെ നിന്നും കൊച്ചിയിലേക്ക് എത്തുകയായിരുന്നു.

അബിന്‍ സി രാജിനെതിരായ മൊഴി ലഭിച്ചതോടെ ഇയാളെ ഏത് വിധേനയും നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. ഇതിനായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കവും. എന്നാല്‍ പ്രതി തന്നെ നാട്ടിലേക്ക് വരാന്‍ സന്നദ്ധനാവുകയായിരുന്നു. അബിനെ കായംകുളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.നിഖില്‍ കായംകുളം എസ്എഫ്ഐയുടെ ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ കണ്ടല്ലൂർ സ്വദേശിയായ അബിന്‍ പ്രസിഡന്റായിരുന്നു. തിരുവനന്തപുരത്ത് പഠിക്കുമ്പോള്‍ കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ വിദ്യാർത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് സഹായിക്കുന്ന ഒരു ഏജന്‍സി നടത്തിയിരുന്നു.
ഇതോടെ ഇത്തരത്തില്‍ കൂടുതല്‍ വിദ്യാർത്ഥികള്‍ക്ക് അബിന്‍ സർട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്. രണ്ട് ലക്ഷം രൂപ വാങ്ങിയാണ് അബിന്‍ സി രാജ് തനിക്ക് കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് തന്നതെന്നാണ് നിഖില്‍ തോമസ് പൊലീസിനോട് വ്യക്തമാക്കിയത്. കൊച്ചിയിലെ ഒറിയോണ്‍ എന്ന ഏജന്‍സി വഴിയാണ് സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നത്. ഇതോടെയാണ് അബിനെ കേസില്‍ രണ്ടാം പ്രതിയാക്കാന്‍ പൊലീസ് തീരുമാനിക്കുന്നത്. സംഭവത്തില്‍ കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്മെന്ര് ഏജന്‍സിയായ ഒറിയോണില്‍ ഉള്‍പ്പടെ പൊലീസ് തെളിവെടുപ്പ് നടത്തും.
വ്യാജ രേഖ സൃഷ്ടിച്ചതില്‍ കൂടുതല്‍ പേർക്ക് പങ്കാളിത്തമുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിച്ച് വരികയാണ്. അതേസമയം നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തിങ്കളാഴ്ച കണ്ടെടുത്തിരുന്നു. നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. ഇതോടൊപ്പം തന്നെ ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാർക്ക് ലിസ്റ്റും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications