Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂർ ഉപതിരഞ്ഞടുപ്പ് ചൂടിലേക്ക്; വോട്ടെടുപ്പ് ജൂൺ 19ന് നടക്കും, ഫലമറിയുക ജൂൺ 23ന്

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 19നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23നാണ് വോട്ടെണ്ണൽ. പിവി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലാണ് ജൂൺ 19ന് തിരഞ്ഞെടുപ്പ് നടക്കുക. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകുമെന്നാണ് വിവരം.

ജൂൺ രണ്ടിനാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്. കേരളത്തിൽ നിന്ന് നിലമ്പൂരിന് പുറമേ മറ്റ് നാല് ഇടങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഗുജറാത്തിലെ രണ്ട് മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെയും പഞ്ചാബിലെയും ഓരോ വീതം മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

nilamburbyelection

നേരത്തെ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ പിവി അൻവർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. തീയതി പ്രഖ്യാപിക്കാൻ വൈകിയതിന് പിന്നാലെയായിരുന്നു അൻവറിന്റെ നടപടി. ഉപതിരഞ്ഞെടുപ്പ് എത്രയും വേഗത്തിൽ നടത്തണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു അദ്ദേഹം കത്ത് നൽകിയത്.

അതേസമയം, നിലമ്പൂരിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പല കാരണങ്ങളാൽ മുഖ്യമന്ത്രി പിണറായി വിജയനും പിവി അൻവറിനും ഒരുപോലെ നിർണായകമാണ്. ആഭ്യന്തര വകുപ്പിലെ പരാജയം ഉൾപ്പെടെ ചൂണ്ടിക്കാട്ടി, എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഒളിയമ്പുമായി തുടങ്ങിയ പിവി അൻവർ പിന്നീട് നേരിട്ട് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടതോടെയാണ് വർഷങ്ങൾ നീണ്ട ബന്ധം ഇരുകൂട്ടരും അവസാനിപ്പിച്ചത്.

എൽഡിഎഫ് പിന്തുണയിലായിരുന്നു നിലമ്പൂരിൽ പിവി അൻവർ വിജയിച്ചത്. പിന്നാലെ എൽഡിഎഫുമായി ഇടഞ്ഞപ്പോൾ രാജി വയ്ക്കുകയും ചെയ്‌തിരുന്നു. യുഡിഎഫുമായി സഹകരിക്കാൻ പിവി അൻവർ ശ്രമം തുടങ്ങിയപ്പോൾ ആദ്യഘട്ടത്തിൽ മുന്നണിക്ക് ഉള്ളിൽ നിന്ന് തന്നെ കടുത്ത എതിർപ്പ് ഉയർന്നിരുന്നു. രാഹുൽ ഗാന്ധിയെ അപമാനിക്കുന്ന പരാമർശം നടത്തിയത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ഒരു വിഭാഗത്തിന്റെ എതിർപ്പ്.

തുടർന്ന് അൻവർ ഡിഎംകെയുമായി സഹകരിക്കാൻ തീരുമാനിച്ചു. അടുത്തിടെ തൃണമൂലിൽ ചേർന്ന ശേഷമാണ് അൻവറിനെ യുഡിഎഫ് അടുപ്പിച്ചത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പും പിന്നാലെ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പും കണക്കിലെടുത്താണ് അന്‍വറിനെ ഒപ്പം ചേർക്കാൻ യുഡിഎഫ് തീരുമാനിച്ചതെന്നാണ് വിവരം. ഇനിയുള്ള മൂന്നാഴ്‌ചകൾ ഇരു മുന്നണികൾക്കും ഏറെ നിർണായകമാണ്, പ്രത്യേകിച്ച് ഈ വർഷം അവസാനം തദ്ദേശ തിരഞ്ഞെടുപ്പ് കൂടി വരുന്ന സാഹചര്യത്തിൽ.

പിവി അൻവറിന്റെ രാജിയും തിരഞ്ഞെടുപ്പ് വന്ന വഴിയും

മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന വേളയിൽ സിപിഎമ്മിനെയും ഇടതുപക്ഷത്തെയും പ്രസ്ഥാനത്തെയും പിന്തുണച്ചും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ആഭ്യന്തരവകുപ്പിനെയും തള്ളിപ്പറഞ്ഞുമാണ് പിവി അൻവർ പുറത്തുപോയത്. ഒരുകാലത്ത് മുഖ്യമന്ത്രിയുടെ സന്തത സഹചാരിയായിരുന്ന അൻവർ പെട്ടെന്നൊരുനാൾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരിഞ്ഞത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു.

സിപിഎമ്മിന്റെ സൈബർ പോരാളികളിൽ ഒരാളായി തിളങ്ങി നിന്നിരുന്ന പിവി അൻവറിന്റെ പെട്ടെന്നുള്ള കൂടുമാറ്റം യുഡിഎഫിനാണ് അവസരം തുറന്നിട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിൽ അൻവറിനെ കൊണ്ട് നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് അവരുടെ വിലയിരുത്തൽ. എന്നാൽ ചില അസ്വാരസ്യങ്ങളും നിലനിൽക്കുന്നുണ്ട്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കരുതെന്നാണ് അൻവർ ആവശ്യപ്പെട്ടത്. ഇത് കോൺഗ്രസിന് തലവേദന ഉണ്ടാക്കിയിരുന്നു.

അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കെയാണ് നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിന് പ്രാധാന്യം ഏറുന്നത്. ക്വാർട്ടർ ഫൈനലായാണ് പലരും നിലമ്പൂർ തിരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്. സെമിഫൈനലായി തദ്ദേശ തിരഞ്ഞെടുപ്പും ഒടുവിൽ അടുത്ത ഏപ്രിൽ-മെയ് മാസങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. അൻവറിന്റെ രാഷ്ട്രീയ പ്രസക്തി വെളിവാകുന്ന തിരഞ്ഞെടുപ്പ് കൂടിയാവും നിലമ്പൂരിലേത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+