Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ എന്തുകൊണ്ട് കോഴിക്കോട്?; കേരളം സീറോ സർവൈലൻസ് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിപ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിപ വ്യാപനം ഇല്ലാത്തത് ആശ്വാസകരമാണ്. നിപയെ നേരിടാൻ സംസ്ഥാനം പൂർണസജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

pinaraip-

സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യസംവിധാനവും നിതാന്ത ജാഗ്രതയോടെ ഈ ഉദ്യമത്തില്‍ പങ്കാളികളാണ്. കോഴിക്കോട് ജില്ലയിലും സമീപത്തെ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലും നിപ വ്യാപനം തടയാന്‍ ശാസ്ത്രീയമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. തുടക്കത്തില്‍തന്നെ കണ്ടെത്താനായതുകൊണ്ടാണ് കൂടുതല്‍ അപകടകരമായ സാഹചര്യം ഒഴിവായത്. ഇപ്പോൾ 1286 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അവരില്‍ 276 പേര്‍ ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഇതില്‍ 122 പേര്‍ രോഗികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ്. 118 ആരോഗ്യ പ്രവര്‍ത്തകരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 994 പേര്‍ നിരീക്ഷണത്തിലാണ്.

രോഗ ലക്ഷണമുള്ള 304 പേരുടെ സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. ഇതില്‍ 267 പേരുടെ പരിശോധനാഫലമാണ് വന്നത്. 6 പേരുടെ ഫലമാണ് ഇതില്‍ പോസിറ്റീവ് ആയിട്ടുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോള്‍ 9 പേരാണ് ഐസൊലേഷനിലുള്ളത്. നിപ രോഗപ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മതിയായ ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. മരുന്നുകളുടെയും, നിപ പ്രതിരോധ സാമഗ്രികളുടെയും ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.

2018ല്‍ കോഴിക്കോടും 2019ല്‍ എറണാകുളത്തും 2021ല്‍ വീണ്ടും കോഴിക്കോടും നിപ രോഗബാധ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാനത്ത് നിപ രോഗനിര്‍ണ്ണയത്തിനായി ലാബുകള്‍ സജ്ജമാണ്. തോന്നക്കലിലെ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയില്‍ നിപ വൈറസ് രോഗം നിര്‍ണ്ണയിക്കാന്‍ സാമ്പിള്‍ പരിശോധനാ സംവിധാനമുണ്ട്. 2021 സെപ്റ്റംബര്‍ മാസം മുതല്‍ കോഴിക്കോട് മെഡിക്കല്‍/ കോളേജിലെ പ്രത്യേകം സജ്ജീകരിച്ച ലാബില്‍ നിപ രോഗ നിര്‍ണ്ണയ പരിശോധന നടന്നുവരുന്നുണ്ട്. ഇതു രണ്ടും സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ളതാണ്.

നിപ ഔട്ട്ബ്രേക്ക് നിരീക്ഷിക്കാന്‍ സി.ഡി.എം.എസ് പോര്‍ട്ടല്‍ ഇ-ഹെല്‍ത്ത് രൂപീകരിച്ചു. വവ്വാലുകളില്‍ നിന്ന് വൈറസ് ബാധ ഉണ്ടാകാതിരിക്കാനുളള സാമൂഹിക ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്.

നിപയെ പ്രതിരോധിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതയോടുകൂടിയുളള നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇതില്‍ എല്ലാവരുടേയും കൂട്ടായ പരിശ്രമവും സഹകരണവും അനിവാര്യമാണ്. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായം നല്‍കുന്നതിനും മാധ്യമങ്ങള്‍ കാണിക്കുന്ന ജാഗ്രതയെ പൊതുവില്‍ പ്രത്യേകം അഭിനന്ദിക്കുകയാണ്. എന്നാല്‍ ചില തെറ്റായ പ്രവണതകളും ഉണ്ടായിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്നതും ഭീതി പടര്‍ത്തുന്നതുമായ വാര്‍ത്തകള്‍ നല്‍കാതിരിക്കാനുള്ള ജാഗ്രത തുടര്‍ന്നും കാണിക്കേണ്ടതുണ്ട്. അതീവ ഗുരുതര പ്രഹരശേഷിയുള്ള വൈറസാണിത്. ഫീല്‍ഡില്‍ ചെന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ രോഗബാധയേല്‍ക്കാതിരിക്കാനുള്ള ജാഗ്രത ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകരിലും ഉണ്ടാകണം എന്നഭ്യര്‍ത്ഥിക്കുന്നു.

ഇന്ന് നിപ അവലോകന യോഗം ചേര്‍ന്നിരുന്നു. രണ്ടാം തരംഗത്തിനുള്ള സാധ്യത വളരെ കുറവാണെങ്കിലും പുര്‍ണ്ണമായും തള്ളിക്കളയാനാവില്ല എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഐ.സി.എം.ആര്‍ വൈറസ് സീക്വന്‍സി നടത്തിയപ്പോള്‍ 2018നും 2019നും സമാനമായ കാര്യങ്ങളാണ് കണ്ടെത്തിയത്. 36 വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചെങ്കിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. കൂടുതല്‍ വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്.

പൊലീസ് സഹായത്തോടെ ആദ്യത്തെ കേസിന്‍റെ റൂട്ട് മാപ്പ് എടുത്തിരുന്നു. വീടിന്‍റെ ചുറ്റുമുള്ള കുറച്ച് സ്ഥലങ്ങള്‍ മാത്രമാണ് അദ്ദേഹം പോയിട്ടുണ്ടായിരുന്നത്. ഈ സ്ഥലത്തെ വവ്വാലുകളുടെ സാമ്പിളുകള്‍ എടുത്ത് പരിശോധനയക്ക് വിധേയമാക്കും. എന്ത് കൊണ്ട് വീണ്ടും കോഴിക്കോട് എന്നതിന് വ്യക്തമായ ഉത്തരം ഐ.സി.എം.ആറും നല്‍കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം സീറോ സര്‍വ്വലന്‍സ് പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വവ്വാലുകളെ സംബന്ധിച്ച് ഐ.സി.എം.ആര്‍ നടത്തിയ പഠനത്തിന്‍റെ വിവരങ്ങളും നമുക്ക് ലഭ്യമാകും. വവ്വാലിനെ പിടിക്കാതെ തന്നെ സാമ്പിള്‍ ശേഖരിച്ചുള്ള ഗവേഷണം തോന്നക്കല്‍ വൈറളോജി ഇന്‍സ്റ്റിട്ട്യൂട്ടിന്‍റെ സഹായത്തോടെ നടപ്പാക്കും. വിദ്ധഗ്ധ പാനലിന്‍റെ നിര്‍ദ്ദേശപ്രകാരം ആദ്യ ഘട്ടത്തിൽ നിപ കണ്ടെത്തിയ വടകര താലൂക്കിലെ കണ്ടൈന്‍മെന്‍റ് സോണിലെ കടകള്‍ തുറക്കുന്നത് വൈകീട്ട് അഞ്ച് മണി എന്നത് എട്ട് വരെയാക്കിയിട്ടുണ്ട്. കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം 22-ാം തീയതിക്ക് ശേഷം അന്നത്തെ സാഹചര്യം നോക്കി തീരുമാനിക്കും', മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+