പണിയുമില്ല കൂലിയുമില്ല, കഞ്ഞികുടി മുട്ടി കൂലിപ്പണിക്കാരും ഭായ്മാരും
വലിയ നോട്ടുകള്‍ അസാധുവാക്കിയതാണ് ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരെ പ്രതികൂലമായി ബാധിച്ചത്.
തിരുവനന്തപുരം: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരുടെ കഞ്ഞികുടിയാണ് മുട്ടിയത്. നിര്‍മ്മാണമേഖലയിലും മറ്റും ജോലി ചെയ്യുന്ന അന്യസംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ട് നിരോധനം കാരണം തൊഴില്‍ നഷ്ടമായിരിക്കുന്നത്.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായിരുന്നു തൊഴിലാളികള്‍ക്ക് കൂലിയായി നല്‍കിയിരുന്നത്.എന്നാല്‍ നോട്ടുകള്‍ അസാധുവാക്കിയതോടെ തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാനുള്ള ചില്ലറ നോട്ടുകള്‍ക്ക് ക്ഷാമമായി.വന്‍കിട കെട്ടിട നിര്‍മ്മാണ കമ്പനികളടക്കം പുതിയ സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തു.

ദിവസക്കൂലിക്ക് പണിയെടുക്കുന്നവരുടെ കുടുംബങ്ങളെല്ലാം പട്ടിണിയായ അവസ്ഥയാണ്.ആഹാര സാധനങ്ങള്‍ വാങ്ങാനുള്ള പണം പോലും അവരുടെ കയ്യിലില്ല.ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്.നോട്ടുകള്‍ മാറ്റിവാങ്ങാനായി അന്യസംസ്ഥാന തൊഴിലാളികളുടെ നീണ്ടനിരയായിരുന്നു ബാങ്കുകള്‍ക്ക് മുന്നിലുണ്ടായിരുന്നത്.നിര്‍മ്മാണ ജോലികള്‍ നിര്‍ത്തിവെച്ചതോടെ അന്യസംസ്ഥാന തൊഴിലാളികളും പട്ടിണിയിലാവും.
ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകള്‍ക്ക് നിയന്ത്രണം വന്നതോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.നിര്‍മ്മാണമേഖലയിലെ ജോലി സ്തംഭനം അവസാനിച്ച്, എല്ലാം ശരിയാകുന്നതുവരെ ദിവസക്കൂലിക്കാരായ തൊഴിലാളികള്‍ പട്ടിണി കിടക്കേണ്ട സാഹചര്യമാണുള്ളത്.












Click it and Unblock the Notifications