ആശങ്ക വേണ്ട, സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങ് ഏർപ്പെടുത്തേണ്ടി വരില്ലെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി . മേഖല തിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണം ഫലം കണ്ടതായി കെഎസ്ഇബി അറിയിച്ചു. സംസ്ഥാനത്ത് വേനൽ മഴ ലഭിച്ചത് ഉപഭോഗം കുറയാൻ കാരണമായതായും കെഎസ്ഇബി വ്യക്തമാക്കി.
ബുധനാഴ്ചത്തെ സംസ്ഥാനത്തെ പരമാവധി ഉപഭോഗം 5251 മെഗാവാട്ടായി കുറഞ്ഞു. ചൊവ്വാഴ്ചത്തെ ആവശ്യത്തെക്കാൾ 493 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചത്തെ പരമാവധി ആവശ്യം 5744 മെഗാവാട്ടായിരുന്നു. അതേസമയം വൈദ്യുതോപഭോഗത്തില്‍ വലിയ കുറവ് ഉണ്ടായില്ലെന്നും വകുപ്പ് അറിയിച്ചു.
ബുധനാഴ്ചത്തെ വൈദ്യുതോപഭോഗം 10.9 കോടി യൂണിറ്റായിരുന്നു. ചൊവ്വാഴ്ചത്തെ വൈദ്യുതോപഭോഗം ആകട്ടെ, 11.002 കോടി യൂണിറ്റും.

'കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ഏറ്റവും അത്യാവശ്യം വൈകീട്ട് 6 നും രാത്രി 12നുമിടയിലുള്ള സമയത്ത് പരമാവിധി ഡിമാന്റിൽ കുറവ് വരുത്തുക എന്നതാണ്. കുറവ് വരുത്തുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് വൈദ്യുതി ആവശ്യങ്ങള്‍ വേണ്ടെന്നുവയ്ക്കണം എന്നല്ല, അത്യാവശ്യമല്ലാത്ത ഉപകരണങ്ങൾ ഓഫ് ചെയ്യുക എന്നതാണ്.
നമ്മുടെ ഉപയോഗം ചെറിയ തോതില്‍ കുറച്ചാല്‍ പോലും വൈദ്യുത സംവിധാനത്തിന് അത് വലിയ ഗുണം ചെയ്യും.
ഉദാഹരണത്തിന്, കേരളത്തില്‍ കെ.എസ്.ഇ.ബി.യ്ക്ക് ഒന്നേകാല്‍ കോടി ഉപഭോക്താക്കളാണുള്ളത്. അതില്‍ ഓരോ ഉപഭോക്താവും 10 വാട്ട്സിൻ്റെ ഒരു എൽ ഇ ഡി ബൾബ് ഓഫ് ചെയ്താൽത്തന്നെ സംസ്ഥാനത്ത് 125 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ സാധിക്കും', കെഎസ്ഇബി ഫേസ്ബുക്കിൽ കുറിച്ചു. രാത്രി കാലത്ത് എസി 26 ഡിഗ്രി സെൽഷ്യസിന് മുകളിൽ ക്രമീകരിക്കാൻ പൊതുജനങ്ങളോട് കെഎസ്ഇബി നിർദ്ദേശിച്ചു. ഒൻപതിന് ശേഷം അലങ്കാരവിളക്കുകൾ പരസ്യബോർഡുകൾ എന്നിവ പ്രവർത്തിപ്പിക്കരുതെന്നടക്കം നിർദ്ദേശിച്ചു.
അതേസമയം സംസ്ഥാനത്ത് സമാനതകളില്ലാത്തവിധം ചൂട് ഉയർന്നതിനെത്തുടര്‍ന്ന് വൈദ്യുതി മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാന്‍ നടപടി കൈക്കൊള്ളുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ബോര്‍ഡ് തലത്തില്‍ സത്വര നടപടി കൈക്കൊള്ളുന്നതിനോടൊപ്പം ജീവനക്കാരുടെയും, ഓഫീസർമാരുടെയും സംഘടനകളും ഇതിനായി നിര്‍ദ്ദേശം നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത കെ.എസ്.ഇ.ബി.യിലെ ജീവനക്കാരുടെയും, ഓഫീസര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം സ്ഥിതിഗതികള്‍ നേരിടാന്‍ ഹ്രസ്വകാല ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. പമ്പ്ഡ് സ്റ്റോറേജ് സംയുക്ത മേഖലയില്‍ ആരംഭിക്കുന്നതിനെക്കുറിച്ചും ആഭ്യന്തര വൈദ്യുതോത്പാദനം വർദ്ധിപ്പിക്കുന്നതിനായി പുതിയ പദ്ധതികള്‍ തുടങ്ങുന്നതിനെ സംബന്ധിച്ചും സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കുക, പീക്ക് അവര്‍ ദീര്‍ഘിപ്പിക്കുക എന്നിവയെക്കുറിച്ചും സ്ഥാപനത്തിന്റെ പൊതുവെയുള്ള ഗുണങ്ങളെ പറ്റിയും സംഘടനകള്‍ അഭിപ്രായങ്ങള്‍ അറിയിക്കണമെന്നും മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.












Click it and Unblock the Notifications