
'ഇങ്ങോട്ട് ഒരു ഗോളടിക്കുമ്പോള്‍ തിരിച്ച് അങ്ങോട്ടും അടിക്കും', നിമിഷാ സജയന് എതിരെ സന്ദീപ് വാര്യര്‍ വീണ്ടും
പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായതിന് പിന്നാലെ നടി നിമിഷാ സജയന് എതിരെ ബിജെപി അനുകൂലികളുടെ വലിയ തോതിലുളള സൈബര്‍ ആക്രമണം നടന്നിരുന്നു. സന്ദീപ് വാര്യര്‍ അടക്കമുളള നേതാക്കളും നിമിഷ അടക്കമുളള താരങ്ങള്‍ക്കെതിരെ രംഗത്ത് വന്നു.
സിനിമാ നടിമാര്‍ നികുതി കൊടുക്കുന്നതുമായി ബന്ധപ്പെട്ട സന്ദീപ് വാര്യരുടെ അന്നത്തെ പ്രതികരണം വിവാദമായിരുന്നു. അടുത്തിടെയാണ് സന്ദീപ് വാര്യര്‍ നിമിഷാ സജയന് എതിരെ വീണ്ടും രംഗത്ത് വന്നത്. 1.14 കോടിയുടെ വരുമാനം നടി ഒളിച്ചതായി ജിഎസ്ടി വിഭാഗം കണ്ടെത്തിയെന്നായിരുന്നു ആരോപണം. ഇതേക്കുറിച്ച് ഒരു സാർക് ലൈവ് എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സന്ദീപ് വാര്യർ പ്രതികരിച്ചിരിക്കുകയാണ്.

സന്ദീപ് വാര്യരുടെ വാക്കുകൾ ഇങ്ങനെ: 'നിമിഷാ സജയന് എതിരെ വ്യക്തി വൈരാഗ്യം ഉളളത് കൊണ്ട് ഉന്നയിച്ച ഒരു ആരോപണമല്ല അത്. നേരത്തെ തന്നെ താന്‍ ഉയര്‍ത്തിക്കൊണ്ട് വന്ന ഒരു വിഷയമുണ്ട്. അത് കേരളത്തിലെ സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന കളളപ്പണ ഇടപാടിനെ സംബന്ധിച്ചായിരുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന കാലത്ത് കേന്ദ്ര സര്‍ക്കാരിന് എതിരെ എറണാകുളത്ത് സിനിമാക്കാരുടെ നേതൃത്വത്തില്‍ ഒരു പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി.

കേരളത്തിലെ ഒരു വിഭാഗം സിനിമാക്കാരാണ് അതില്‍ പങ്കെടുത്തത്. ആ പ്രക്ഷോഭം നടന്ന സമയത്തിന്റെ തന്റെ ഒരു പ്രസ്താവന മാധ്യമങ്ങള്‍ വലിയ വിവാദമാക്കി. ചാനലുകള്‍ ചര്‍ച്ചയാക്കി. അന്ന് താന്‍ പറഞ്ഞ കാര്യം, പ്രക്ഷോഭത്തില്‍ ഇറങ്ങിയിട്ടുളള നടിമാര്‍ ടാക്‌സ് അടക്കുന്ന കാര്യത്തില്‍ കൃത്യത വരുത്തണം എന്ന്. അവരുടെ സഹോദരന്മാരോടോ സെക്രട്ടറിമാരോടോ പറഞ്ഞ് കൃത്യമായി ടാക്‌സ് അടയ്ക്കണം.

നാളെ ഏതെങ്കിലും ഏജന്‍സികള്‍ അന്വേഷണവുമായി വരുന്ന സമയത്ത് തങ്ങള്‍ ഈ സമരത്തില്‍ പങ്കെടുത്തത് കൊണ്ടുളള രാഷ്ട്രീയ പകപോക്കലാണ് എന്ന് പറഞ്ഞ് കരയരുത് എന്നായിരുന്നു തന്റെ പ്രസ്താവന. അന്ന് അത് വലിയ തരത്തില്‍ വിമര്‍ശിക്കപ്പെട്ടു. തനിക്കെതിരെ ചില പ്രധാനപ്പെട്ട സിനിമാ നടിമാര്‍ തനിക്കെതിരെ ട്രോളുകളുമായി വന്നു. തന്റേത് രാഷ്ട്രീയ പ്രവര്‍ത്തനം ആണല്ലോ. ഇങ്ങോട്ട് ഒരു ഗോളടിക്കുമ്പോള്‍ തിരിച്ച് അങ്ങോട്ടും അടിക്കും. അത് സ്വാഭാവികമാണ്.

രാഷ്ട്രീയ പ്രവര്‍ത്തകരെ സോഷ്യല്‍ ഓഡിറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ തിരിച്ച് രാഷ്ട്രീയ പ്രവര്‍ത്തകരും മറ്റ് മേഖലയില്‍ നില്‍ക്കുന്നവരെ ഓഡിറ്റ് ചെയ്യും. അതിന്റെ ഭാഗമായി ചില അന്വേഷണം നടത്തി. അങ്ങനെയാണ് എറണാകുളത്ത് പ്രളയദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട് കരുണ എന്ന പേരില്‍ നടത്തിയ പരിപാടിക്ക് പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. ആ പണം അവര്‍ക്ക് അടയ്‌ക്കേണ്ടി വന്നു.
കാമുകിക്ക് കൊടുക്കാനായി പോക്കറ്റില്‍ നിന്ന് മോതിരമെടുത്തു, നേരെ കടലിലേക്ക്, കാമുകനും ചാടി..പിന്നെ?

ആ സമരത്തില്‍ മുഖമായി നിന്ന ആളായിരുന്നു നിമിഷാ സജയന്‍. സ്വാഭാവികമായും രാജ്യത്ത് വലിയ വായില്‍ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന ഇത്തരം ആളുകള്‍ രാജ്യത്തോടുളള പ്രതിബദ്ധത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ചുമ്മാ പറഞ്ഞ് പോയാല്‍പ്പോരല്ലോ. സംസ്ഥാന സര്‍ക്കാരിന്റെ സ്‌റ്റേറ്റ് ജിഎസ്ടി വകുപ്പാണ് നിമിഷാ സജയനുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയത്. അതിന്റെ റിപ്പോര്‍ട്ടാണ് താന്‍ പുറത്ത് വിട്ടത്.

അതില്‍ കുറ്റം ചെയ്തതായി അവര്‍ സമ്മതിച്ചിട്ടുണ്ട്. നിമിഷാ സജയന്‍ മനപ്പൂര്‍വ്വം ടാക്‌സ് വെട്ടിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അഭിനയം തുടങ്ങി 4 വര്‍ഷമായിട്ടും അവര്‍ ജിഎസ്ടി നമ്പര്‍ പോലും എടുത്തിരുന്നില്ല. മോദി സര്‍ക്കാരിന് കീഴിലുളള ഏതെങ്കിലും ഏജന്‍സിയല്ല അന്വേഷിച്ചത്. പിണറായി സര്‍ക്കാരിന്റെ ഏജന്‍സിയാണ് അന്വേഷിച്ചത്. അവര്‍ പൂഴ്ത്തി വെച്ച റിപ്പോര്‍ട്ടാണ് താന്‍ പുറത്ത് വിട്ടത്. അതല്ലാതെ നിമിഷാ സജയനോട് യാതൊരു വ്യക്തി വിരോധവും ഇല്ല.