ഒരു പെറ്റികേസു പോലുമില്ല; എങ്കിലും, പൊലീസിൻ്റെ റൗഡി പട്ടികയിൽ ഒരാളുണ്ട്; തൃശൂർ സ്വദേശി അജിത്
തൃശൂർ: പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരൊറ്റ കേസു പോലുമില്ല. പക്ഷേ, പൊലീസിൻ്റെ ഒന്നാം നമ്പർ റൗഡി പട്ടികയിൽ ഇടംപിടിച്ച ഒരാളുണ്ട്. തൃശൂർ വെളളിക്കുളങ്ങര സ്വദേശിയായ അജിത് കൊടകര. പൊലീസിനെതിരെ നിരന്തരം പരാതികൾ നൽകിയതിനെ തുടർന്നാണ് അജിത്തിനെതിരെ ഉദ്യോഗസ്ഥരുടെ നടപടി. തൃശൂർ വെള്ളിക്കുളങ്ങര സ്റ്റേഷൻ പരിധിയിൽ റൗഡി പട്ടികയിൽ ഉൾപ്പെടുത്തിയ തൻ്റെ പേര് മാറ്റി കിട്ടാൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും അജിത് പരാതി നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇഡി പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ കേസെടുത്തത് അജിത്ത് കൊടകര നൽകിയ പരാതിയിലായിരുന്നു. അന്ന് മുതൽ പൊലീസിന് തുടങ്ങിയ പകയാണ് പിന്നീട് റൗഡി പട്ടം വരെ ചാർത്തി കൊടുക്കുന്നതിന് കാരണമായത്. ഒരൊറ്റ പെറ്റി കേസ് പോലും അജിത്തിൻ്റെ പേരിൽ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടില്ല.
പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ

പക്ഷേ, എങ്കിലും സ്റ്റേഷനിലെ ഒന്നാംനമ്പർ റൗഡി പട്ടികയിലാണ് അജിത്തിനെ പേരുള്ളത്. ഇതുകാരണം നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ തലയുയർത്തി നടക്കാൻ പോലും ഇയാൾക്ക് കഴിയുന്നില്ല. നിരന്തരം ആക്ഷേപങ്ങൾക്കും കളിയാക്കലുകൾക്കും അജിത്ത് വിധേയമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി കൈമാറുക വഴി റൗഡിപട്ടികയിൽ നിന്ന് പൊലീസ് തന്നെ സ്വാഭാവികമായും തന്നെ നീക്കം ചെയ്യുമെന്നാണ് അജിത്ത് പറയുന്നത്.

പല അഴിമതികൾക്കുമെതിരെ നിരന്തര പോരാട്ടവുമായി ഇയാൾ രംഗത്തെത്തിയിരുന്നു.പൊലീസിൻ്റെ കെടുകാര്യസ്ഥത തുറന്നു കാട്ടുക മാത്രമാണ് താൻ ചെയ്തതെന്നും കുറ്റകൃത്യങ്ങളിലോ കേസുകളിലോ ഒന്നും തന്നെ ഉൾപ്പെട്ടില്ലെന്നും അജിത്ത് പറയുന്നു. ചില ഉദ്യോഗസ്ഥർ മനപ്പൂർവ്വം തീർക്കുന്ന വിരോധമാണ് ഇതിൻ്റെ പിന്നിലെന്ന് തന്നെ അറിയാവുന്നവർക്കെല്ലാം മനസ്സിലാകുന്നുണ്ട്. പക്ഷേ നിരന്തരം വിദ്വേഷവും വീട്ടുകയാണെന്നും ഇയാൾ പറയുന്നു.

അതേസമയം, വിവരാവകാശ നിയമപ്രകാരം വെള്ളിക്കുളങ്ങര സ്റ്റേഷനിൽ നിന്നു ലഭിച്ച രേഖയിലാണ് കഴിഞ്ഞ രണ്ടു വർഷത്തെ പട്ടികയിൽ അജിത്തിനെ ഉൾപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയത്. വെള്ളിക്കുളങ്ങര സ്റ്റേഷനിലെ ചില പൊലീസ് ഉദ്യോഗസ്ഥർക്കും ചാലക്കുടി ഡിവൈഎസ്പിക്കുമെതിരെ അജിത് നിരന്തരം പരാതികൾ നൽകിയിരുന്നു.

അജിത്തിനെതിരെ വെള്ളിക്കുളങ്ങര സ്റ്റേഷനിൽ കേസുകളില്ലെങ്കിലും തൊട്ടടുത്ത കൊടകര സ്റ്റേഷനിൽ ഒരു കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുചക്രവാഹനത്തിൽ മദ്യം കൊണ്ടു പോയതിനാണ് കേസെടുത്തിട്ടുള്ളത്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് റൗഡി പട്ടികയിൽ ഉൾപ്പെടുത്തിയതെന്നാണ് പൊലീസ് നൽകിയിരിക്കുന്ന വിശദീകരണം.

എന്നാൽ, നിയമ പ്രകാരം മൂന്നോ അതിലധികമോ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രമാണ് റൗഡി പട്ടികയിൽ ഉൾപ്പെടുത്തുന്നത്. മോഷണം പിടിച്ചുപറി, മറ്റു കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെടുന്നവരെയും ഈ പട്ടികയിൽ ചേർക്കാറുണ്ട്. പക്ഷേ, ഇതല്ല ഇവിടെ സംഭവിച്ചിരിക്കുന്നത്. ചട്ടപ്രകാരമുള്ള വ്യവസ്ഥകൾ ലംഘിക്കപ്പെട്ടതായാണ് അജിത്ത് ആരോപിക്കുന്നത്.












Click it and Unblock the Notifications