നോക്കുകൂലിയില്‍ കടുത്ത നടപടി; ഡിജിപിയുടെ ഇടപെടല്‍, കേസെടുത്ത് അന്വേഷിക്കണം
തിരുവനന്തപുരം: നോക്കുകൂലിയില്‍ കടുത്ത നടപടിക്ക് ഡിജിപിയുടെ നിര്‍ദേശം. നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. മുന്തിയ പരിഗണന നല്‍കി കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്പിമാര്‍ക്ക് അയച്ച സര്‍കുലറില്‍ പറയുന്നത്. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിച്ച് പരാതിക്കാരുടെ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ നടപടിയെടുക്കണം. ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥ ഒഴിവാക്കാനും നടപടി സ്വീകരിക്കണമെന്നു ഡി.ജി.പി ആവശ്യപ്പെട്ടു.

നോക്കുകൂലി സംബന്ധിച്ച കേസുകളില്‍ പിടിച്ചുപറിക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമുളള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് ഡിജിപി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ പണാപഹരണം അടക്കമുള്ള കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹരജി പരിഗണിക്കവെ നോക്കുകൂലി തടയാന്‍ നിയമ ഭേദഗതി ആലോചിക്കുന്നുണ്ടെന്നും വന്‍ പിഴ ഈടാക്കുന്നതിന് വ്യവസ്ഥ ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. നിയമഭേദഗതിയുടെ വിശദാംശം അറിയിക്കാന്‍ ആവശ്യപ്പെട്ട കോടതി കേസ് അടുത്തമാസം എട്ടിന് പരിഗണിക്കുമെന്നും അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ പോലീസ് സംവിധാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍ രംഗത്തുവന്നു. പോലീസിന് സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. പോലീസിന്റെ വീഴ്ചകളെ സംബന്ധിച്ച് ചോദിക്കുമ്പോള്‍ ഹലാലിനെ കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നതെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. കണ്ണൂരില്‍ സിപിഎം ഏരിയാ സമ്മേളനത്തില്‍ സംസാരിക്കവെ, സംഘപരിവാര്‍ നടത്തുന്ന ഹലാല്‍ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇക്കാര്യമാണ് മുരളീധരന്‍ സൂചിപ്പിച്ചത്. മുരളീധരന്റെ വാക്കുകള്‍ ഇങ്ങനെ...
പോലീസിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയന്റെ തന്ത്രം പഴകിത്തേഞ്ഞതാണ്...
കേരളത്തിലെ പോലീസ് വകുപ്പിന്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് 'ഹലാലു 'മായി ഇറങ്ങിയിരിക്കുന്നത്....
ന്യൂനപക്ഷത്തിന്റെ സംരക്ഷകനെന്ന് അവകാശപ്പെടുന്നയാള്‍ രാജ്യത്ത് നിരോധിച്ചിട്ടുള്ള 'മുത്തലാഖിന്' കുട പിടിച്ച പോലീസിനെക്കുറിച്ച് മിണ്ടാത്തതെന്ത് ?
അറിഞ്ഞുകൊണ്ട് ഒരു പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട പോലീസുകാരനെതിരെ കേസെടുക്കാത്തതെന്ത് ?
ഹലാല്‍ വിവാദമല്ല, ഇപ്പോഴും മുത്തലാഖ് നടക്കുന്നു എന്നതാണ് കേരളത്തിന് ആക്ഷേപകരം...
അതെക്കുറിച്ചുള്ള ആഭ്യന്തരമന്ത്രിയുടെ മൗനമാണ് നാടിന് അപമാനം...
സ്വയം പ്രതിക്കൂട്ടിലാവുമ്പോള്‍ സംഘപരിവാറിന്റെ നെഞ്ചത്തു കയറുന്ന കമ്മ്യൂണിസ്റ്റ് നാടകം കേരളം മനസിലാക്കിക്കഴിഞ്ഞതാണ്...












Click it and Unblock the Notifications