സില്‍വര്‍ ലൈന്‍: സ്ഥലമേറ്റെടുക്കാന്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് അനുമതിയുണ്ടെന്ന് റെയില്‍വേ ഹൈക്കോടതിയില്‍
കൊച്ചി: സില്‍വര്‍ ലൈനിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടി ശരിവെച്ച് റെയില്‍വേ. ഹൈക്കോടതിയിലാണ് റെയില്‍വെ ഇക്കാര്യം വ്യക്തമാക്കിയത്. സില്‍വര്‍ ലൈനിനായി സ്ഥലമേറ്റെടുക്കാന്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് അനുമതിയുണ്ടെന്നും റെയില്‍വേ ഹൈക്കോടതിയെ അറിയിച്ചു.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലെ അന്തിമ വാദത്തിനിടെയാായിരുന്ന റെയില്‍വേ നിലപാട് വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതി സ്ഥലമേറ്റെടുക്കലിന് വേണമെന്ന വാദവും റെയില്‍വേ തള്ളി.
സില്‍വര്‍ലൈന്‍ ഒരു പ്രത്യേക റെയില്‍വേ പദ്ധതിയല്ലെന്നും അതുകൊണ്ടുതന്നെ സ്ഥലമേറ്റെടുക്കലിന് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും റെയില്‍വേ കോടതിയെ അറിയിച്ചു. ഫലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വാദങ്ങളെ കോടതിയില്‍ അംഗീകരിക്കുന്നതായിരുന്നു റെയില്‍വേയുടെ മറുപടി.

സ്ഥലം ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിന് കെ- റെയിലിന് അനുമതിയുണ്ടെന്ന് റെയില്‍വേ ഹൈക്കോടതിയെ അറിയിച്ചു. 2013 ലെ നിയമമനുരിച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടരാവുന്നതാണെന്നും റെയില്‍വേ വ്യക്തമാക്കി. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ റദ്ദാക്കരുതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റേയും വാദം.
കേന്ദ്രസര്‍ക്കാരിന്റെ തത്വത്തിലുള്ള അംഗീകാരം സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഉണ്ടെന്നും അത് പ്രകാരമുള്ള നടപടികള്‍ മാത്രമാണ് കൈക്കൊണ്ടതെന്നും സര്‍ക്കാര്‍ പറഞ്ഞു. അതേസമയം സില്‍വര്‍ലൈന്‍ പദ്ധതിക്ക് സര്‍ക്കാരിന്റെയോ റെയില്‍വേയുടെയോ കൃത്യമായ അനുമതി ഇല്ലെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചത്.
955 ഏക്കര്‍ സ്ഥലം നിയമവിരുദ്ധമായി ഏറ്റെടുക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും ഇത് ജനജീവിതത്തെ വിപരീതമായി ബാധിക്കുമെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. ജസ്റ്റിസ് എന്‍ നാഗേഷാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം അന്തിമവാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കേസ് വിധി പറയാനായി മാറ്റിയിരിക്കുകയാണ്.












Click it and Unblock the Notifications