കന്യാസ്ത്രീ ഉന്നയിച്ചത് മറ്റൊരു പരാതി; ലൈംഗിക പീഡനപരാതി ലഭിച്ചിട്ടില്ലെന്ന് ഉജ്ജ്വയിൻ ബിഷപ്പ്
കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി ഉന്നയിച്ചിട്ടില്ലെന്ന് ഉജ്ജ്വയിൻ ബിഷപ്പിന്റെ മൊഴി. ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഉജ്ജ്വയിൻ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേൽ മൊഴിയെടുക്കാനെത്തിയ അന്വേഷണ സംഘത്തെ അറിയിച്ചത്.
കൊച്ചി മുനമ്പത്ത് ബോട്ടിൽ കപ്പലിടിച്ചു.. മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു.. 12 പേരെ രക്ഷപ്പെടുത്തി
അതേസമയം ബിഷപ്പ് മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീ പരാതി ഉന്നയിച്ചിരുന്നുവെന്നും ബിഷപ്പ് മൊഴി നൽകിയിട്ടുണ്ട്. ഒരു ദിവസം കൂടി ഉജ്ജ്വയിനിൽ തുടരാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

മാനസിക പീഡനം
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി ചില പ്രശ്നങ്ങളുണ്ടെന്നും ബിഷപ്പ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി കന്യാസ്ത്രീ രേഖാ മൂലം മൊഴി നൽകിയതായി ഉജ്ജ്വയിൻ ബിഷപ്പ് അന്വേഷണ സംഘത്തോട് പറഞ്ഞു. സഭയിലെ ഭരണപരമായ ചില പ്രശ്നങ്ങളെ കുറിച്ചാണ് കന്യാസ്ത്രീ പരാതി ഉന്നയിച്ചത്. തന്നെ നേരിട്ട് കണ്ടും ഇ മെയിലിലൂടെയും പരാതി ബോധിപ്പിച്ചതായി ബിഷപ്പ് മൊഴി നൽകിയിട്ടുണ്ട്.

മഠത്തിലെത്തിയിരുന്നു
കന്യാസ്ത്രീയുടെ പരാതിയെകുറിച്ച് അന്വേഷിക്കാനും പ്രശ്ന പരിഹാരത്തിനുമായി കുറവിലങ്ങാട്ടെ മഠത്തിൽ പോയിരുന്നതായും ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ വിശദമാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ പീഡനവിവരം ആദ്യം അറിയിച്ചത് ഉജ്ജ്വയിൻ ബിഷപ്പിനെയാണെന്ന് കന്യാസ്ത്രീ മൊഴി നൽകിയിരുന്നു. ബന്ധുവിന്റെ സുഹൃത്ത് കൂടിയാണ് ഉജ്ജ്വയിൻ ബിഷപ്പെന്ന് കന്യാസ്ത്രി പറഞ്ഞിരുന്നു. സഭാതലത്തിൽ പരാതി നൽകണമെന്ന് നിർദ്ദേശിച്ചതും ഉജ്ജ്വയിൻ ബിഷപ്പായിരുന്നു. കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്ക് പരാതി നൽകിയത് ഉജ്ജ്വയിൻ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ വഴിയാണെന്നും കന്യാസ്ത്രി അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.

കന്യാസ്ത്രീയുടെ കത്ത്
ജലന്ധർ ബിഷപ്പിനെതിരെയുള്ള ലൈംഗിക ആരോപണ കേസിൽ വത്തിക്കാൻ പ്രതിനിധിക്ക് കന്യാസ്ത്രീ അയച്ച കത്തിന്റെ വിശദാംശങ്ങളും പുറത്ത് വന്നിരുന്നു. ബിഷപ്പ് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നും രണ്ട് തവണ മുറിയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചുവെന്നും കന്യാസ്ത്രീ കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. തന്നെയും കുടുംബത്തെയും അപമാനിക്കാൻ ബിഷപ്പ് ശ്രമിച്ചെന്നും ഭയം മൂലമാണ് ഒന്നും പുറത്ത് പറയാതിരുന്നതെന്നും കന്യാസ്ത്രീ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വത്തിക്കാൻ നടപടികൾ സ്വീകരിക്കാൻ തയാറാകാതിരുന്നതോടെ കന്യാസ്ത്രീ രണ്ടാമതും കത്തയച്ചിരുന്നു. വത്തിക്കാൻ പ്രതിനിധിയുടെ മൊഴിയെടുക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ കൂടുതൽ കരുതലോടെ നീങ്ങാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.

ചോദ്യം ചെയ്യും
കന്യാസ്ത്രീയ്ക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് ആരോപിച്ച് ബന്ധു നൽകിയ പരാതിയായിരുന്നു ജലന്ധർ ബിഷപ്പിന്റെ പിടിവള്ളി. സ്വഭാവദൂഷ്യത്തിന് താക്കീത് ചെയ്തതിന് തനിക്കെതിരെ കള്ളപരാതി നൽകുകയായിരുന്നുവെന്നായിരുന്നു ബിഷപ്പിന്റെ വാദം. എന്നാൽ തെറ്റിദ്ധാരണയുടെ പുറത്താണ് കന്യാസ്ത്രീക്കെതിരെ പരാതി നൽകിയതെന്ന് ബന്ധു നിലപാട് മാറ്റിയതോടെ ബിഷപ്പിന്റെ ആകെയുള്ള പിടിവള്ളിയും നഷ്ടമായിരിക്കുകയാണ്. ബാക്കിയുള്ള മൊഴികളെല്ലാം ശേഖരിച്ച ശേഷം ബിഷപ്പിനെ ചോദ്യം ചെയ്താൽ മതിയെന്ന നിലപാടിലാണ് അന്വേഷണസംഘം.

ബിഷപ്പിനെതിരെ വൈദികർ
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതൽ വൈദികർ രംഗത്തെത്തിയിട്ടുണ്ട്. കന്യാസ്ത്രീ മഠത്തിൽ ബിഷപ്പ് ദിവസങ്ങളോളം താമസിച്ചത് സംശയാസ്പദമാണ്. ബിഷപ്പിനെതിരെയുള്ള പരാതി മാർപാപ്പ അറിയാതിരിക്കാൻ ചിലർ ശ്രമം നടത്തുന്നുണ്ട്. ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പാക്കുന്നതിൽ മുൻപ് പ്രതിഷേധം ഉണ്ടൊയിരുന്നുവെന്നും വൈദികർ പറയുന്നു.