സ്വര്‍ണം കൂട്ടത്തോടെ വിറ്റഴിച്ച് മലയാളികള്‍; വില കുത്തനെ ഇടിയുമെന്ന് ആശങ്ക, വിപണിയില്‍ മാറ്റം
കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസമായി കേരളത്തില്‍ സ്വര്‍ണവില കുറയുകയാണ്. ആഗോള വിപണിയിലും സമാനമായ മാറ്റം സംഭവിക്കുന്നുണ്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള പോര് അടുത്തൊന്നും തീരില്ലെന്നാണ് പശ്ചിമേഷ്യയില്‍ നിന്നുള്ള വിവരങ്ങള്‍. ഇത് ക്രൂഡ് ഓയില്‍ വില വര്‍ധിക്കാനും സ്വര്‍ണവില കുറയാനും കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
അതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വര്‍ണം വാങ്ങുന്നത് അടുത്ത ഒരു വര്‍ഷത്തേക്ക് മാറ്റിവെക്കണം എന്ന് അഭ്യര്‍ഥിച്ചത്. രാജ്യം നേരിടുന്ന പുതിയ സാമ്പത്തിക വെല്ലുവിളി സൂചിപ്പിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതോടെ സ്വര്‍ണവില കുത്തനെ ഇടിഞ്ഞേക്കുമെന്ന ആശങ്ക പരന്നു. സ്വര്‍ണം വന്‍തോതില്‍ വിറ്റഴിക്കുകയാണ് ഉപഭോക്താക്കള്‍ എന്നതാണ് സ്വര്‍ണവിപണിയില്‍ നിന്നുള്ള പുതിയ വിവരം.

ബാര്‍, കോയിന്‍, ആഭരണം എന്നിങ്ങനെയാണ് കേരള വിപണിയില്‍ സ്വര്‍ണം ലഭിക്കുക. വാങ്ങുന്ന സമയത്തെ വില അല്ല തിരിച്ചു വില്‍ക്കുമ്പോള്‍ ഉപഭോക്താവിന് ലഭിക്കുക. മാര്‍ക്കറ്റ് വിലയേക്കാള്‍ രണ്ട് ശതമാനം കുറവിലാണ് പഴയ സ്വര്‍ണത്തിന് ജ്വല്ലറി വ്യാപാരികള്‍ നല്‍കുന്നത്. ബാര്‍, കോയിന്‍ വില്‍ക്കുമ്പോള്‍ വിപണി വില കിട്ടും. അതേസമയം, സ്വര്‍ണാഭരണം വില്‍ക്കുന്നവര്‍ക്ക് നഷ്ടമുണ്ടാകുകയും ചെയ്യും.
ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണത്തിന്റെ വില മാത്രമല്ല ഉപഭോക്താവ് നല്‍കേണ്ടത്. സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം ഉപഭോക്താവ് നല്‍കണം. എന്നാല്‍ ഈ സ്വര്‍ണം മടക്കിവില്‍ക്കുമ്പോള്‍ അനുബന്ധ ചെലവുകള്‍ നഷ്ടമാകുമെന്ന് മാത്രമല്ല, സ്വര്‍ണത്തിന്റെ വിപണി വില കിട്ടുകയുമില്ല. എങ്കിലും അടിയന്തര ഘട്ടത്തില്‍ വേഗം പണമാക്കി മാറ്റാന്‍ സാധിക്കുന്നതാണ് സ്വര്‍ണം എന്നതും എടുത്തു പറയണം.
സ്വര്‍ണം വാങ്ങുന്നതിനെ നിരുല്‍സാഹപ്പെടുത്തരുത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. സ്വര്‍ണം വാങ്ങുന്നതിനെ നിരുല്‍സാഹപ്പെടുത്തുകയല്ല വേണ്ടതെന്ന് എന്ന് സംഘടനുടെ ഭാരവാഹികള്‍ പറഞ്ഞു. ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണം പുനരുപയോഗത്തിന് സാധ്യമാകുന്ന വിധം സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കുകയാണ് വേണ്ടത് എന്ന് പ്രസിഡന്റ് സുരേന്ദ്രനും ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസറും അഭിപ്രായപ്പെട്ടു.
ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 111560 രൂപയാണ് വില. പുതിയ ആഭരണം വാങ്ങുമ്പോള്‍ 1.20 ലക്ഷം രൂപ വരെ ചെലവ് വന്നേക്കാം. പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ അല്‍പ്പം കുറച്ചുള്ള സംഖ്യ കൈയ്യിലെത്തും. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ജ്വല്ലറി വ്യാപാരികള്‍ പഴയ സ്വര്‍ണം തിരിച്ചെടുക്കുന്നത്. മോദിയുടെ പ്രസ്താവനയും വില കുറയാന്‍ തുടങ്ങുകയും ചെയ്തത് ഉപഭോക്താക്കളില്‍ ആശങ്കയ്ക്ക് ഇടയാക്കി. പഴയ സ്വര്‍ണം വില്‍ക്കാന്‍ വരുന്നവരുടെ എണ്ണം കൂടിയെന്ന് വ്യാപാരികള്‍ പറയുന്നു.
അതേസമയം, സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കാന്‍ എക്‌സൈസ് നികുതി കൂട്ടിയേക്കുമെന്ന പ്രചാരണം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ഇപ്പോള്‍ അങ്ങനെ ഒരു ആലോചന ഇല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പെട്രോള്‍, ഡീസല്‍ വില കൂട്ടുന്നത് സംബന്ധിച്ച് പുതിയ തീരുമാനം എടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.















Click it and Unblock the Notifications