ഓണം ബംപര്‍ നറുക്കെടുപ്പ്: ഇത്തവണയും പാലക്കാട് കൊണ്ടുപോകുമോ? 14 ലക്ഷം പേർ ഇപ്പോഴെ റെഡി
ആരായിരിക്കും ആ മഹാഭാഗ്യവാന്‍, അല്ലെങ്കില്‍ ഭാഗ്യവതി. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഏറ്റവും വലിയ സമ്മാനമായ 25 കോടി രൂപ നല്‍കുന്ന തിരുവോണം ബംപറിന്റെ നറുക്കെടുപ്പ് നാളെ നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ലോട്ടറി വകുപ്പിന്റെ ആസ്ഥാനമായ തിരുവന്തപുരം ഗോർഖി ഭവനില്‍ വെച്ച് ധനവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാലാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് നറുക്കെടുക്കുക.
നാളെ ഉച്ചക്ക് രണ്ട് മണിവരെ ബംപർ ടിക്കറ്റുകള്‍ വാങ്ങാന്‍ അവസരം ഉണ്ട്. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. പതിവ് പോലെ ഇത്തവണയും പാലക്കാട് ജില്ലയിലാണ് ഏറ്റഴും കൂടുതല്‍ ടിക്കറ്റ് വിറ്റിരിക്കുന്നത്. 1407100 ടിക്കറ്റുകളാണ് പാലക്കാട് ജില്ലയില്‍ മാത്രം വിറ്റിരിക്കുന്നത്. തൃശൂരില്‍ 9,37,400 ടിക്കറ്റുകളും തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും വിറ്റിട്ടുണ്ട്.

25 കോടി സമ്മാനത്തുക നൽകുന്ന വിദേശ ലോട്ടറി വാങ്ങാൻ ഏകദേശം 15,000 രൂപ വേണമെന്നിരിക്കെ അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി വാങ്ങാൻ കേവലം 500 രൂപ മാത്രം മതി എന്നതാണ് ശ്രദ്ധേയം. ടത്തിപ്പിലെ സുതാര്യതയും വിശ്വാസ്യതയുമാണ് കേരള ഭാഗ്യക്കുറിയെ ഇത്രയേറെ ജനകീയമാക്കുന്നത്. ആയിരക്കണക്കിന് ഭാഗ്യശാലികളെ സൃഷ്ടിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി ഒരു ലക്ഷത്തോളം പാവങ്ങളുടെ ജീവിത മാർഗവും അത്താണിയുമാണ്.
സമ്മാന ഘടന
25 കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വലിയ പ്രത്യേകത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നുമുണ്ട്.
നികുതി
ഓണം ബമ്പർ ലോട്ടറി സമ്മാനത്തുകയിൽ നിന്ന് നികുതി (ടിഡിഎസ്) ഇനത്തിലും ഏജന്റ് കമ്മീഷൻ ഇനത്തിലും നിശ്ചിത തുകകൾ കുറയ്ക്കപ്പെടും. ഏജന്റിന്റെ കമ്മീഷനായി മൊത്ത സമ്മാനത്തുകയുടെ 10% ആണ് ഈടാക്കുന്നത്. ഉദാഹരണത്തിന്, 25 കോടി രൂപയുടെ സമ്മാനത്തിൽ നിന്ന് 2.5 കോടി രൂപ കമ്മീഷനായി ഏജന്റിന് ലഭിക്കും. ശേഷിക്കുന്ന 22 കോടി 50 ലക്ഷം രൂപയിൽ നിന്നാണ് ടിഡിഎസ് (ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ്) പിടിക്കുന്നത്.
25 അടിച്ചാല്‍ എത്ര
ഒന്നാം സമ്മാനമായ 25 കോടി രൂപയിൽ നിന്ന് ആദ്യം, ഏജന്റിന്റെ കമ്മീഷനായി മൊത്ത തുകയുടെ 10% (2.5 കോടി രൂപ) കുറയ്ക്കും. ശേഷിക്കുന്ന 22 കോടി 50 ലക്ഷം രൂപയിൽ നിന്ന് 30% ടിഡിഎസ് (ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ്) ഈടാക്കും, അതായത് 6 കോടി 75 ലക്ഷം രൂപ. ഇതിനുശേഷം ബാക്കിയുള്ള തുക 15 കോടി 75 ലക്ഷം രൂപയാണ്. അഞ്ച് കോടിക്ക് മുകളിൽ വാർഷിക വരുമാനമുള്ള വിജയികൾക്ക് 37% സർചാർജ് ബാധകമാണ്. കൂടാതെ, ടിഡിഎസിനും സർചാർജിനും 4% ആരോഗ്യ-വിദ്യാഭ്യാസ സെസ് ഈടാക്കും. ഈ കിഴിവുകൾ കഴിഞ്ഞാൽ വിജയിക്ക് 15 കോടി 75 ലക്ഷം രൂപയിൽ നിന്ന് 12,88,26,000 രൂപയാണ് കൈയിൽ ലഭിക്കുക.
രണ്ടാം സമ്മാന ജേതാക്കള്‍ക്ക് ലഭിക്കുന്നത്
രണ്ടാം സമ്മാനമായ 1 കോടി രൂപ 20 പേർക്കാണ് ലഭിക്കുന്നത്. ഈ തുകയിൽ നിന്ന് ഏജന്റിന്റെ കമ്മീഷനായി 10% (10 ലക്ഷം രൂപ) കുറയ്ക്കും. ശേഷിക്കുന്ന 90 ലക്ഷം രൂപയിൽ നിന്ന് 30% ടിഡിഎസ് (27 ലക്ഷം രൂപ) ഈടാക്കും. ഇതിനുശേഷം ബാക്കിയുള്ള തുക 63 ലക്ഷം രൂപയാണ്. ഈ തുകയിൽ നിന്ന് 4% ആരോഗ്യ-വിദ്യാഭ്യാസ സെസ് കുറച്ചതിന് ശേഷം ജേതാവിന് 59,11,200 രൂപ കൈയിൽ ലഭിക്കും.












Click it and Unblock the Notifications