ദൈവത്തിന്റെ പൂന്തോപ്പിലേക്ക് വിഷവിത്ത് എറിയരുതെന്ന് ബിജെപിയോട് ഉമ്മന്‍ ചാണ്ടി
തിരുവനനന്തപുരം: ബിജെപിയുമായി തനിക്ക് ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. തന്റെ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പൂന്തോട്ടത്തിലേക്ക് വിഷവിത്ത് എറിയരുതെന്ന് മുഖ്യമന്ത്രി ബിജെപിയോട് അഭ്യര്‍ഥിക്കുന്നു.
കേരളത്തെ അപമാനിച്ചുകൊണ്ട് ബി.ജെ. പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മറ്റു നേതാക്കളും നടത്തുന്ന ജല്‍പനങ്ങള്‍ അടിയന്തരമായി നിര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബലാല്‍ക്കാരം, പരസ്യമായി വെട്ടിക്കൊല്ലല്‍, രാഷ്ട്രീയകൊലപാതകങ്ങള്‍, കുട്ടികളുടെ വ്യാപകമായ ദുരുപയോഗം, മദ്യപാനം, മയക്കുമരുന്നുപയോഗം, തകര്‍ന്ന ആരോഗ്യവിദ്യാഭ്യാസ മേഖല, പ്രകൃതിവിഭവങ്ങളുടെ കൊള്ളയടി തുടങ്ങിയവയാണ് കേരളത്തിലെ ജനങ്ങളുടെ മുഖമുദ്ര എന്നാണ് അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചിരിക്കുന്നത്.

ദൈവത്തിന്റെ നാട്ടിലാകെ അന്ത:ച്ഛിദ്രമാണെന്നും ആളുകളാകെ ആധിയിലാണെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. മലയാളികളെക്കുറിച്ചും കേരളത്തെക്കുറിച്ചുമൊക്കെ എങ്ങനെ ഇങ്ങനെ തട്ടിവിടാന്‍ കുമ്മനത്തിന് കഴിയുന്നെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. ഇത്തരം പച്ചക്കള്ളങ്ങളാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദെവത്തിന്റെ അതിമനോഹരമായ പൂന്തോട്ടം എന്നു ഗുരുനിത്യ ചൈതന്യയതി വിശേഷിപ്പിച്ച കേരളത്തിലേക്ക് വിഷവിത്തുകള്‍ എറിയരുതേ. കേരളത്തിന്റെ ഉന്നതമായ ജനാധിപത്യ, മതേതരത്വ, ചരിത്രബോധമാണ് സങ്കുചിത ചിന്താഗതിക്കാരായ ബി. ജെ. പി പരിവാരങ്ങളെ ഇവിടെ നിന്നും അകറ്റിനിര്‍ത്തിയിരിക്കുന്നത്. വര്‍ഗീയതയും വിഭാഗീയതയും സൃഷ്ടിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ കേരളം എക്കാലത്തും ചെറുത്തുതോല്‍പ്പിച്ചിട്ടുണ്ട്, ഇനിയുമതു തുടരുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications