അത് ഞാന്‍ പറയില്ല; കെ റെയില്‍ സിപിഐഎമ്മിന് കമ്മിഷന്‍ വാങ്ങാനാണെന്ന ആക്ഷേപം ഉന്നയിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി സി പി ഐ എമ്മിന് കമ്മീഷന്‍ വാങ്ങാനുള്ളതാണെന്ന കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ വാദം പരോക്ഷമായി തള്ളി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. അത്തരമൊരു ആക്ഷേപം താന്‍ ഉന്നയിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
'പൂര്‍ണ്ണമായി ബോധ്യപ്പെടുന്ന കാര്യം മാത്രമെ ഞാന്‍ പറയൂ. തന്റെ ശൈലി വ്യത്യസ്തമാണ്. സില്‍വര്‍ ലൈന്‍ പദ്ധതി സി പി ഐ എമ്മിനു കമ്മിഷന്‍ വാങ്ങാനുള്ളതാണെന്ന ആക്ഷേപം താന്‍ ഉന്നയിക്കുന്നില്ല,' ഉമ്മന്‍ചാണ്ടി പറഞ്ഞു.
കമ്മിഷന്‍ ആരോപണം കെ പി സി സി പ്രസിഡന്റ് ഉന്നയിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ തന്റെ രീതി അതാണെന്നു കരുതി കെ പി സി സി പ്രസിഡന്റ് പറഞ്ഞത് നിഷേധിക്കാനില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മുഖ്യമന്ത്രിക്ക് സുതാര്യമല്ലാത്ത അജണ്ടയുണ്ടെന്നും മുഖ്യലക്ഷ്യം കമ്മീഷനാണെന്നുമായിരുന്നു സുധാകരന്റെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന് കമ്മീഷന്‍ വാങ്ങുന്നതില്‍ ഡോക്ടറേറ്റുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലാവ്‌ലിന്‍ കാലം മുതല്‍ തുടങ്ങിയതാണ് പിണറായി വിജയന്റെ കമ്മീഷന്‍ വാങ്ങല്‍ എന്നും കെ റെയില്‍ പദ്ധതിയില്‍ അത് ആവര്‍ത്തിക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. കെ റെയില്‍ ആക്രിക്കച്ചവടമാണെന്നും കെ പി സി സി പ്രസിഡന്റ് പരിഹസിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പദ്ധതി വേണ്ടെന്നുവച്ചത് നന്നായി പഠിച്ചശേഷമാണെന്നും പദ്ധതിക്ക് റെയില്‍വേ അനുമതി നല്‍കിയെന്നു പറയുന്നത് വസ്തുതയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം കെ റെയിലിനെതിരെ സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇത് അനുസരിച്ച് പദ്ധതിയുടെ ദുരന്ത ഫലങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറി ലഘുലേഖകള്‍ വിതരണം ചെയ്യും. പദ്ധതിക്കെതിരെ താഴെത്തട്ടില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുക, പരിസ്ഥിതി പ്രവര്‍ത്തകരും പ്രകൃതിസ്‌നേഹികളും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരുമായി സംവാദങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയപരിപാടികളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
എന്നാല്‍ ഇതേമാര്‍ഗത്തിലൂടെ തിരിച്ചടിക്കാനാണ് സര്‍ക്കാര്‍ നീക്കം. ബോധവല്‍ക്കരണത്തിലൂടെ പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നഷ്ടപരിഹാരത്തുക കൃത്യമായി വിതരണം ചെയ്തും പദ്ധതി നാടിനാവശ്യമാണെന്ന് ബോധിപ്പിച്ചും പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. വീടുകളിലേക്കായി കെ റെയിലിന്റെ ഗുണഫലങ്ങള്‍ വിശദീകരിക്കുന്ന കൈപ്പുസ്തകവും വിതരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്.












Click it and Unblock the Notifications